തമിഴ്‌നാട്ടില്‍ 10 വിമത എംഎല്‍എമാര്‍ രാജിവച്ചു; ജയലളിതയ്‌ക്കൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്‌നാട്ടില്‍ 10 വിമത എംഎല്‍എമാര്‍ രാജിവച്ച് ജയലളിതയ്‌ക്കൊപ്പം ചേരാന്‍ തീരുമാനിച്ചു. വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയിലെ എട്ട് എംഎല്‍എമാരും പിഎംകെ, പുതിയ തമിഴകം എന്നീ പാര്‍ട്ടികളിലെ രണ്ട് എംഎല്‍എമാരുമാണ് രാജിവച്ചത്. എംഎല്‍മാര്‍ സ്പീക്കര്‍ പി. ധനപാലിന് രാജി സമര്‍പ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജിവച്ച 10 പേരും എഐഎഡിഎംകെയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

10 എംഎല്‍എമാര്‍ രാജിവച്ചതോടെ വിജയകാന്തിന് തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായി. സഭയില്‍ അംഗങ്ങളുടെ എണ്ണം 20 ആയി ചുരുങ്ങിയതോടെയാണ് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായതെന്ന് സ്പീക്കര്‍ അറിയിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തിന് ചുരുങ്ങിയത് 24 അംഗങ്ങള്‍ വേണമെന്നിരിക്കെ നിലവില്‍ ആരും പ്രതിപക്ഷ നേതൃസ്ഥാനത്തില്ല. ആര്‍ക്കും ഇതിനു വേണ്ട കേവ ഭൂരിപക്ഷം ഇല്ലെന്നാണ് സ്പീക്കര്‍ പറയുന്നത്.

തിരുത്തണിയില്‍ നിന്നുള്ള എം.അരുണ്‍ സുബ്രഹ്മണ്യന്‍, രപേരവുരണിയില്‍ നിന്നുള്ള സി.അരുണ്‍ പാണ്ഡ്യന്‍, സെന്തമംഗലത്തുനിന്നുള്ള ആര്‍.ശാന്തി, മധുരൈ സെന്‍ട്രലില്‍ നിന്നുള്ള ആര്‍.സുന്ദരരാജന്‍, ചെംഗമില്‍ നിന്നുള്ള ടി,സുരേഷ് കുമാര്‍, തിത്തക്കുടിയില്‍ നിന്നുള്ള കെ.തമിഴ് അഴകന്‍, വിരുദുനഗറില്‍ നിന്നുള്ള കെ. പാണ്ഡ്യരാജന്‍, രാധാപുരത്തുനിന്നുള്ള സി.മിഖായേല്‍ റോയപ്പന്‍ എന്നിവരാണ് രാജിവച്ച ഡിഎംഡികെ അംഗങ്ങള്‍. നിലക്കോട്ടയില്‍ നിന്നുള്ള പുതിയ തമിഴകം എംഎല്‍എ എ.രാമസ്വാമിയും അണൈകുട്ടുവില്‍ നിന്നുള്ള പിഎംകെയുടെ എം.കലൈ അരസുമാണ് മറ്റുള്ളവര്‍.

കഴിഞ്ഞ കുറേ കാലമായി ഇവര്‍ പാര്‍ട്ടിയില്‍നിന്ന് അകന്ന് വിമത പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയായിരുന്നു. 29 എംഎല്‍എമാരുള്ള ഡിഎംഡികെ ആയിരുന്നു തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷം.ഡിഎംഡികെയിലെ എട്ട് എംഎല്‍എമാരും പാര്‍ട്ടി വിമതരായി തുടരുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇവര്‍ എഐഎഡിഎംകെയ്ക്ക് വേണ്ടിയാണ് പ്രചരണത്തിനിറങ്ങിയത്. നിയമസഭാ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് ഇവര്‍ സ്ഥാനം ഒഴിഞ്ഞത്. എഐഎഡിഎംകെ ടിക്കറ്റില്‍ അതേ മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here