കുടുംബശ്രീയെ കാവിവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; മൂന്നുപൂക്കള്‍ ലോഗോ മാറ്റി താമരയാക്കി; ലോഗോ മാറ്റം ഗവേണിംഗ് ബോഡി അറിയാതെ

കൊച്ചി: സ്ത്രീ ശാക്തീകരണത്തിന്റെ കേരള മാതൃകയായ കുടുംബശ്രീയെ കാവിവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. മൂന്ന് പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ലോഗോ കുടുംബശ്രീ മിഷന്‍ മാറ്റി. പകരം താമരപ്പൂവിനെയാണ് കുടുംബശ്രീ മിഷന്‍ പ്രതിഷ്ഠിച്ചത്. ഇനിമുതല്‍ പുതിയ ലോഗോ ഉപയോഗിച്ചാല്‍ മതിയെന്ന് സാമൂഹ്യനീതിവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മിഷന്‍ അധികൃതര്‍ നിര്‍ദേശവും നല്‍കി.

അങ്കമാലി ആഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷച്ചടങ്ങിനിടെ വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് താമര അടങ്ങിയ പുതിയ ലോഗോ പ്രകാശനം ചെയ്തത്. നിലവിലെ ലോഗോ ഉപേക്ഷിക്കുന്നതിന് ഉപോല്‍ബലകമായ കാരണങ്ങള്‍ ഒന്നും കുടുംബശ്രീ അധികൃതര്‍ പറയുന്നില്ല. എല്ലാത്തിനെയുപം കാവിവത്കരിക്കാനാണ് ബിജെപിയുടെയും സംഘപരിവാറിന്റെയും ശ്രമം. ഇതിന് കുടുംബശ്രീ മിഷനും കൂട്ടുനില്‍ക്കുകയാണ് എന്നാണ് ആക്ഷേപം. കുടുംബശ്രീ മിഷന്റെ തലപ്പത്ത് ഉള്‍പ്പടെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

ലോഗോയിലെ മാറ്റത്തെക്കുറിച്ച് കൃത്യമായ മറുപടി കുടുംബശ്രീയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കാനില്ല. ലോഗോ മാറ്റാന്‍ വേണ്ടി കുടുംബശ്രീ മിഷന്‍ ഗവേണിംഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടില്ല. ഉദ്യോഗസ്ഥ തലത്തില്‍
ഇക്കാര്യം സംബന്ധിച്ച അറിവുമില്ല. ലോഗോ മാറ്റത്തിനായി ആറു രൂപകല്‍പ്പനകള്‍ മാത്രമാണ് കുടുംബശ്രീ മിഷന്റെ സംസ്ഥാന ഡയറക്ടറേറ്റില്‍ എത്തിയത്. ഇതില്‍നിന്ന് ആരൊക്കെ ചേര്‍ന്നാണ് ലോഗോ തീരുമാനിച്ചതെന്നും ഗവേണിങ് ബോര്‍ഡ് അംഗങ്ങള്‍ക്കുപോലും അറിയില്ല. ഡയറക്ടര്‍ ബോര്‍ഡിലും മറ്റും ഉള്ളവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും എല്ലാം അനാച്ഛാദനത്തിനിടെയാണ് ലോഗോ കാണുന്നത്.

ആരാണിത് തെരഞ്ഞെടുത്തത് എന്ന കാര്യത്തിലും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അറിവില്ല. മന്ത്രിതലത്തിലോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തലത്തിലോ എടുത്ത തീരുമാനമാണോയെന്ന് മിഷന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് പോലും മറുപടി നല്‍കാനാവുന്നില്ല. പഴയ ലോഗോയുടെ ടൈപ്പ്‌ഫേസ് ദുര്‍ബലമാണ്, നിലവിലെ നിറം കാഴ്ചയെ ചിതറിക്കുന്നതാണ് എന്നും പുതിയ കാലവുമായി പഴയ ലോഗോ സംവദിക്കുന്നില്ലെന്നും ഒക്കെയാണ് ചില അധികൃതരുടെ വാദം. കാലത്തിനൊത്ത് സംവദിക്കാനും മത്സര രംഗത്ത് നില്‍ക്കാനും പഴയ ലോഗോ പോരാ എന്നും ചിലര്‍ അഭിപ്രായം ഉയര്‍ത്തുന്നു. ഇത് മറികടക്കാനാണ് പുതിയ ലോഗോ അവതരിപ്പിച്ചതെന്നും പറയുന്നു.

കുടുംബശ്രീയുടെ ലോഗോ മാറ്റിയത് പല ജില്ലാ മിഷനുകളും അറിഞ്ഞിട്ടില്ല. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കുവേണ്ടി മാത്രമാണ് പുതിയ ലോഗോ ഉപയോഗിക്കുക എന്നും പറയുന്നു. അങ്കമാലിയിലെ ചടങ്ങില്‍ ലോഗോ പ്രകാശനം ഉണ്ടെന്നും അതിന് പഞ്ചായത്ത് ദിനാഘോഷത്തോട് അനുബന്ധിച്ച ചടങ്ങ് സംഘടിപ്പിക്കാനും എറണാകുളം ജില്ലാ കുടുംബശ്രീ മിഷന്‍ അധികൃതര്‍ക്ക് അറിയിപ്പുകിട്ടുന്നത് പരിപാടിക്ക് ഒരുദിവസം മുമ്പുമാത്രമാണ്.

നിലവിലുണ്ടായിരുന്ന ലോഗോ ഉപയോഗിച്ചാണ് 25,000ത്തിലധികം ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ വിപണിയിലെത്തിച്ചത്. അന്നൊന്നും ഉയരാത്ത ആക്ഷേപമാണ് നിലവിലെ ലോഗോയ്ക്ക് എതിരെ ഉയര്‍ന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് താമര. ഇത് തന്നെ സ്ത്രീ ശാക്തീകരണത്തിന്റെ കേരളമാതൃകയെ അടയാളപ്പെടുത്താന്‍ ഉപയോഗിച്ചത് കാവിവത്കരണത്തിനാണെന്ന ആക്ഷേപം ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News