ജെഎന്‍യു വ്യാജ വീഡിയോ: സീ ന്യൂസില്‍ നിന്ന് മാധ്യമപ്രവര്‍ത്തകന്‍ രാജിവെച്ചു; നിലപാടുകളില്‍ പ്രതിഷേധിച്ച് ചാനല്‍ വിട്ടത് ന്യൂസ് പ്രൊഡ്യൂസര്‍ വിശ്വ ദീപക്

ദില്ലി: ജെഎന്‍യു വിഷയത്തില്‍ വ്യാജ വീഡിയോ സംപ്രേഷണം ചെയ്ത സീന്യൂസ് ചാനലിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകന്‍ രാജിവെച്ചു. സീന്യൂസ് ന്യൂസ് പ്രൊഡ്യൂസര്‍ വിശ്വ ദീപക് ആണ് രാജിക്കത്ത് നല്‍കിയത്. സീന്യുസിനെ രൂക്ഷമായി വിമര്‍ശിച്ചും തന്റെ നിലപാട് വ്യക്തമാക്കിയും ദീര്‍ഘമായ രാജിക്കത്താണ് വിശ്വ ദീപക് ചാനല്‍ നേതൃത്വത്തിന് നല്‍കിയത്.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും വക്താക്കളാണോ സീന്യൂസ് എന്ന് വിശ്വ ദീപക് ചോദിക്കുന്നു. ജെഎന്‍യുവിനോട് ശത്രുത കാണിക്കാന്‍ എന്ത് കാരണമാണ് ചാനലിന് ഉള്ളത്. സര്‍ക്കാരിന്റെ വക്താക്കളോ വാടകകൊലയാളികളോ ആണോ മാധ്യമപ്രവര്‍ത്തര്‍. സീ ന്യൂസ് നിലപാട് കലാപത്തിന് പ്രേരിപ്പിക്കുന്നതാണ്. വാര്‍ത്തകളില്‍ വര്‍ഗ്ഗീയത കടത്തിനിടുന്ന നിലപാടാണ് വാര്‍ത്താ വിഭാഗം നേതൃത്വം സ്വീകരിക്കുന്നത്. എഫ്‌ഐആറില്‍ സീന്യൂസ് റിപ്പോര്‍ട്ട് പരാമര്‍ശിച്ചത് യാദൃശ്ചികമല്ല എന്നും വിശ്വ ദീപക് രാജിക്കത്തില്‍ പറയുന്നു.

കനയ്യകുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിന് തെളിവുണ്ടെന്നായിരുന്നു ദില്ലി പൊലീസിന്റെ വാദം. അതിന് ആധാരമായതാവട്ടെ കനയ്യ കുമാര്‍ ഇന്ത്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട വ്യാജ വീഡിയോയും. ഈ വീഡിയോ അനുസരിച്ചാണ് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടത്. കനയ്യകുമാര്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് മറ്റ് ദേശീയ മാധ്യമങ്ങളും മലയാള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

വീഡിയോ വ്യാജമാണ് എന്ന വസ്തുത പുറത്തുവന്നതിന് പിന്നാലെ വീഡിയോ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു. വിദ്യാര്‍ത്ഥി സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ സീ ന്യൂസ് റിപ്പോര്‍ട്ടര്‍ക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ റോസാപൂവുകള്‍ നല്‍കി. സീന്യൂസ് നുണകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഉപദേശിച്ചതും ചര്‍ച്ചയായി.

മാധ്യമ ധര്‍മ്മം മറന്ന നടപടികള്‍ക്കെതിരെ അരമണിക്കൂര്‍ വാര്‍ത്ത ഒഴിവാക്കിയാണ് പ്രൈം ടൈമില്‍ എന്‍ഡിടിവി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ പ്രതിഷേധിച്ചത്. ഇതിന് പിന്നാലെയാണ് വ്യാജ വീഡിയോ പുറത്തുവിട്ട സീന്യൂസില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകന്‍ രാജി വെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here