പൊലീസിന് കീഴടങ്ങില്ലെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍; മറ്റു നടപടികള്‍ സ്വീകരിക്കുമെന്ന് ബസിയുടെ ഭീഷണി; പൊലീസിനെ ക്യാമ്പസില്‍ കയറ്റില്ലെന്ന നിലപാടിലുറച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും

ദില്ലി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ദില്ലി പൊലീസില്‍ കീഴടങ്ങില്ല. എന്നാല്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ കീഴടങ്ങിയില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ ബിഎസ് ബസി പറഞ്ഞു. അതേസമയം, പൊലീസിനെ ക്യാമ്പസില്‍ കയറ്റില്ലെന്ന നിലപാടിലുറച്ചാണ് ക്യാമ്പസിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും. പൊലീസ് ക്യാമ്പസില്‍ കയറിയാല്‍ പൂര്‍ണ്ണ ഉത്തരവാദിത്വം വിസിക്കായിരിക്കുമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കി.

ദില്ലി പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍പോയ വിദ്യാര്‍ത്ഥികള്‍ ഇന്നലെയാണ് മടങ്ങിയെത്തിയത്. വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, അശുതോഷ് കുമാര്‍, അനന്ത് പ്രകാശ് നാരായാണ, ഐശ്വര്യ അധികാരി, ശ്വേതാ രാജ് എന്നിവരാണ് കാമ്പസില്‍ എത്തിയത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യാനാകാതെ രാവിലെ മടങ്ങി. സര്‍വ്വകലാശാലക്കുള്ളിലേക്ക് പ്രവേശിക്കാന്‍ പൊലീസിനെ അനുവദിക്കില്ലെന്ന് ജെഎന്‍യു വൈസ് ചാന്‍സലര്‍ മമിദാല ജഗദീഷ് കുമാര്‍ നിലപാടെടുത്തതോടെയാണിത്. വിദ്യാര്‍ത്ഥികള്‍ കാമ്പസിന് പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കാമ്പസിന് പുറത്ത് വന്‍പൊലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്. രാവിലെ തന്നെ ആറു വിദ്യാര്‍ത്ഥികളും പൊലീസില്‍ കീഴടങ്ങുമെന്നും സൂചനയുണ്ട്. ഇക്കാര്യം സംബന്ധിച്ച് വിസിയുമായി ഇവര്‍ കൂടിക്കാഴ്ച്ച നടത്തി. ഉമര്‍ ഖാലിദിന്റെ അഭിഭാഷകരും ക്യാമ്പസിനുള്ളിലെത്തിയിട്ടുണ്ട്.

ക്യാമ്പസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ ഇവര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു.
എന്റെ പേര് ഉമര്‍ ഖാലിദ്, എനിക്ക് തീവ്രവാദബന്ധമില്ല എന്ന് പറഞ്ഞ് കൊണ്ടാണ് ഉമര്‍ പ്രസംഗം ആരംഭിച്ചത്. വിവാദ മുദ്രാവാക്യങ്ങള്‍ മുഴക്കിയത് തങ്ങളല്ലെന്നും പൊലീസും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് കെട്ട് കഥകളാണെന്നും ഉമര്‍ ഖാലിദ് പറഞ്ഞു. ക്യാമ്പസ് കാലയളവില്‍ താനൊരു മതവിശ്വാസിയാണെന്ന് തോന്നിയിട്ടില്ലെന്നും, എന്നാല്‍ ഇപ്പോള്‍ മുസ്ലീം, ഭീകരവാദി, ജെയ്‌ഷെ മുഹമ്മദ് അംഗം എന്നിങ്ങനെയുളള നുണക്കഥകളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും ഉമര്‍ പറഞ്ഞു.

തന്റെതെന്ന് പറഞ്ഞ് പൊലീസ് കാണിച്ച രണ്ടു മൊബൈല്‍ നമ്പരുകളും തന്റെതല്ലെന്ന് അശുതോഷ് കുമാര്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെ സമന്‍സ് ഇല്ലെന്നും, നിയമപരമായ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്നും അശുതോഷ് അറിയിച്ചു. ക്യാമ്പസിലേക്ക് തിരികെയെത്തിയത് വ്യക്തിപരമായ തീരുമാനമാണെന്നും, കൂട്ടായി കൈക്കൊണ്ടതല്ലെന്നും അശുതോഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News