കോട്ടയം: കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിയമസഭാ സീറ്റിനെചൊല്ലി ആഭ്യന്തര കലഹം രൂക്ഷം. ചങ്ങനാശേരി സീറ്റിന് അവകാശവാദമുന്നയിച്ച് യുത്ത് ഫ്രണ്ട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ.ജോബ് മൈക്കിള്‍ രംഗത്തെത്തി. തന്റെ ആഗ്രഹം വ്യക്തമാക്കി ജോബ് മൈക്കിള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെങ്കിലും ഇത് വാര്‍ത്തയായതോടെ അല്‍പസമയത്തിനുള്ളില്‍ നീക്കം ചെയ്തു.
പാര്‍ട്ടി വൈസ് ചെയര്‍മാനും സിറ്റിംഗ് എംഎല്‍എയുമായ സിഎഫ് തോമസ് തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് ജോബ് മൈക്കിളിന്റെ ആവശ്യം. 2011ല്‍ തളിപ്പറമ്പില്‍ മത്സരിച്ചത് ചങ്ങനാശേരി സീറ്റ് ഇക്കുറി നല്‍കാമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ഉറപ്പിലാണെന്നും നേതൃത്വം വാക്ക് പാലിക്കുമെന്നും ജോബ് മൈക്കിള്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.
പാര്‍ട്ടിയില്‍ കാലഘട്ടത്തിനനുസൃതമായി മാറ്റം ഉണ്ടാകണം. വര്‍ഷങ്ങളായി മത്സരിച്ചവര്‍ മാറി നില്‍ക്കണം. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം. പാര്‍ട്ടി തീരുമാനമെടുത്താല്‍ സിഎഫ് തോമസ് മാറി നില്‍ക്കുമെന്നാണ് തന്റെ വിശ്വസമെന്നും ജോബ് മൈക്കിള്‍ പറഞ്ഞു. യനിലവില്‍ കെഎസ്എഫ്ഇ വൈസ് ചെയര്‍മാനാണ് ജോബ് മൈക്കിള്‍. സീറ്റ് വിഭജനം സംബന്ധിച്ച് പാര്‍ട്ടിയില്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചപ്പോഴാണ് ജോബ് മൈക്കിള്‍ രംഗത്ത് വന്നിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here