വിവാദ അശ്ലീല ഗാനം: തമിഴ് സൂപ്പര്‍ താരം ചിമ്പു പൊലീസിന് മുന്നില്‍ കീഴടങ്ങി

കോയമ്പത്തൂര്‍: വിവാദമായ അശ്ലീല ഗാന കേസില്‍ തമിഴ് സൂപ്പര്‍താരം ചിമ്പു പൊലീസിന് മുന്നില്‍ ഹാജരായി. മൂന്ന് മാസത്തോളം നീണ്ട മുങ്ങലിന് ശേഷമാണ് ചിലമ്പരശന്‍ പൊലീസ് സ്റ്റേഷനില്‍ പൊങ്ങിയത്. രാവിലെ അഭിഭാഷകനോടൊപ്പമാണ് ചിമ്പു കോയമ്പത്തൂര്‍ കാട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

അച്ഛനും സിനിമാ നിര്‍മാതാവുമായ ടി രാജേന്ദ്രനും ചിമ്പുവിനൊപ്പം എത്തി. അസിസ്റ്റന്റ് കമ്മീഷണറുടെ മുന്നിലാണ് കീഴടങ്ങാനെത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ചിമ്പുവിനെ സ്റ്റേഷനിലേക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യലാണ് പൊലീസ് നടത്തിയത് എന്നും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയതായും ചിമ്പു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

അശ്ലീല ഗാനക്കേസില്‍ നിരപരാധിയാണ് എന്ന് പൊലീസിന് മൊഴി നല്‍കി. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാമെന്ന് ഉറപ്പു നല്‍കിയതായും ചിലമ്പരശന്‍ പറഞ്ഞു. അശ്ലീല ഗാനം സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് എന്ന് കാട്ടി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് പൊലീസിനെ സമീപിച്ചത്.

അരണ്ട വെളിച്ചത്തില്‍ അശ്ലീല രീതിയില്‍ ചിത്രീകരിച്ച സ്ത്രീ രൂപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചിമ്പുവിന്റെ വിവാദ ഗാനം. ഡിസംബറിലായിരുന്നു വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയത്. കേസെടുത്ത പൊലീസ് 15 ദിവസത്തിനുള്ളില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അന്നുമുതല്‍ ചിമ്പു മുങ്ങി നടക്കുകയായിരുന്നു. സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രനെയും കേസില്‍ പൊലീസ് പ്രതിചേര്‍ത്തു. അനിരുദ്ധ് കഴിഞ്ഞ ജനുവരിയില്‍ പൊലീസിന് മുന്നില്‍ ഹാജരായി മൊഴി നല്‍കി. എന്നാല്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ചിമ്പു കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ചിമ്പു പൊലീസിന് മുന്നില്‍ ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News