ശാസ്ത്രവും സംഗീതവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് എന്ന് നമുക്കറിയാവുന്നതാണ്. അതുകൊണ്ട് കാലം മാറുന്നതിനനുസരിച്ച് സംഗീത മേഖലയിലും പരീക്ഷണങ്ങള്‍ വര്‍ധിക്കുകയാണ്. സംഗീത ലോകത്തെ റോബോട്ടുകളുടെ സാധ്യതകളെ കുറിച്ചാണ് ഇന്ന് ശാസ്ത്രജ്ഞര്‍ ചിന്തിക്കുന്നത്. അതിന്റെ ഭാഗമായി പലതരത്തിലുള്ള ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ട്. ജെയ്‌സണ്‍ ബര്‍ണസ് എന്ന 26 കാരന്‍ തന്നെ ഇതിന് ഉദാഹരണമാണ്. പണിസ്ഥലത്തുണ്ടായ അപകടത്തില്‍ ഇടത് കൈ നഷ്ടപ്പെട്ട ജെയ്‌സണിന് പുതുജീവന്‍ നല്‍കിയത് റോബോട്ട് കൈകളാണ്. ലോകത്തിലെ ഏറ്റവും വേഗതയുള്ള ഡ്രമ്മര്‍ എന്ന ഖ്യാതി ഇന്ന് ജെയ്‌സണ്‍ ബര്‍ണസിന് സ്വന്തമാണ്.
ഈ ആശയം പിന്തുടര്‍ന്ന് രണ്ടു കൈ ഉള്ളവര്‍ക്ക് മൂന്നാമത് ഒരു കൈകൂടിയായാല്‍ സംഗീതത്തില്‍ പുതിയൊരു ലോകം സൃഷ്ടിക്കാനാകും എന്ന ചിന്ത വളര്‍ന്നുവന്നു. തുടര്‍ന്ന് മൂന്നാം കൈക്കായുള്ള പരീക്ഷണങ്ങളും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ഡ്രംസ് വായിക്കുന്നവര്‍ക്കായി ഇതാ ഒരു മൂന്നാം കൈ നിര്‍മ്മിക്കുന്നു. സ്മാര്‍ട്ട് ആം എന്ന് വിളിക്കുന്ന മൂന്നാം കൈയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.
നേരത്തെ തയ്യാറാക്കിയ പ്രോഗ്രാമുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ റോബോട്ടല്ല സ്മാര്‍ട്ട് ആംസ്. ഡ്രമ്മറുടെ ആംഗ്യങ്ങള്‍ക്കും കേള്‍ക്കുന്ന സംഗീതത്തിനും അനുസരിച്ച് സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന റോബോട്ടാണ് ഇത് എന്ന് ജോര്‍ജിയ ടെക്ക് പ്രൊഫസറും പ്രോജക്ട് ലീഡറുമായ ഗില്‍ വൈന്‍ബര്‍ഗ് അവകാശപ്പെടുന്നു. അതായത്, ഡ്രമ്മര്‍ ഹൈഹാറ്റ് സിംബല്‍ വായിക്കുമ്പോള്‍ സ്മാര്‍ട്ട് ആംസ് റൈഡ് സിംബല്‍ വായിക്കും. ഡ്രമ്മര്‍ സ്‌നെയര്‍ വായിക്കാന്‍ തുടങ്ങുമ്പോള്‍ സ്മാര്‍ട്ട് ആംസ് ടോം വായിക്കും.
അതായത് സ്മാര്‍ട്ട് ആംസ് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ നൈപുണ്യത്തോടും ഭാവനാപൂര്‍ണ്ണമായും ഒന്നിലധികം ഡ്രംസ് ഒരേസമയം വായിക്കുവാന്‍ കഴിയും. അതിലൂടെ സംഗീതത്തെ കൂടുതല്‍ സമ്പന്നമാക്കാന്‍ കഴിയും.
മനുഷ്യ ശരീരവുമായി ബന്ധിപ്പിച്ചാല്‍ റോബോട്ടുകള്‍ക്ക് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതിനാല്‍ സ്മാര്‍ട്ട് ആംസ് ഡ്രമ്മറുടെ തോളിലാണ് ഘടിപ്പിച്ചിരിക്കുന്നത്.
രണ്ട് അടി നീളമുള്ള റോബോട്ടിക്ക് ആംസ് സംഗീതം ശ്രദ്ധിക്കുകയും, മനോധര്‍മ്മം അനുസരിച്ച് താളലയങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്യും. ഉദാഹരണത്തിന് ചില്‍ഡ് ഔട്ട് ബീറ്റാണ് വായിക്കുന്നതെങ്കില്‍, സ്മാര്‍ട്ട് ആംസ് അതിന്റെ ടെമ്പോയ്ക്ക് അനുസരിച്ച്് പ്രവര്‍ത്തിക്കും. മനുഷ്യന്റെ ചലനാത്മകത അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ ഡ്രമ്മറുടെ പ്രവര്‍ത്തനത്തിനനുസരിച്ച് സ്വാഭാവിക പ്രവര്‍ത്തനം നടത്താന്‍ സ്മാര്‍ട്ട് ആംസിന് കഴിയും.
സ്മാര്‍ട്ട് ആംസിന്റെ കണ്ടെത്തല്‍ ശാസ്ത്രലോകത്തെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വാതില്‍ തുറക്കും എന്നാണ് ഗില്‍ വൈന്‍ബര്‍ഗ് അവകാശപ്പെടുന്നത്. ഡ്രംസ് വായിക്കുന്ന ആളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് അനുസരിച്ച് സ്മാര്‍ട്ട് ആംസിനെ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിവരുന്നത്. ഈ സാങ്കേതികവിദ്യ ഫലപ്രദമായി വികസിപ്പിക്കാനായാല്‍ മറ്റു രംഗങ്ങളിലും ഇത് ഉപയോഗപ്പെടുത്താനാവുമെന്നാണ് ഗില്‍ വൈന്‍ബര്‍ഗും സംഘവും അവകാശപ്പെടുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post