സ്‌റ്റോറേജും കരുത്തും വര്‍ധിപ്പിച്ച് സാംസംഗ് ഗാലക്‌സി എസ് 7 സീരീസ്; എസ് 7, എസ് 7 എഡ്ജ് മോഡലുകളെ കുറിച്ച് അറിയേണ്ടതെല്ലാം; ഫോണുകള്‍ മാര്‍ച്ചില്‍ വിപണിയിലേക്ക്

മൊബൈല്‍ ഫോണ്‍ വിപണിയെ പിടിച്ചു കുലുക്കാന്‍ സാംസംഗിന്റെ രണ്ട് മോഡലുകള്‍ വിപണിയിലേക്ക്. ഗാലക്‌സി എസ് 7, എസ് 7 എഡ്ജ് മോഡലുകള്‍ സാംസംഗ് ബാഴ്‌സലോണയില്‍ പുറത്തിറക്കി. മെറ്റല്‍ ആന്‍ഡ് ഗ്ലാസ് ഡിസൈനുകളിലാണ് പുതിയ സാംസംഗ് മോഡലുകള്‍ എത്തുന്നത്. മുന്‍പ് ഇറങ്ങിയ എസ് 6 സീരിസ് ഫോണുകളേക്കാള്‍ കൂടുതല്‍ കരുത്തിലാണ് എസ് 7 സീരീസ് എത്തുന്നത്. കൂടുതല്‍ ഷാര്‍പായ ലോകമാണ് എസ് 7 സീരീസ് ഫോണുകള്‍ പുറത്തിറക്കുന്നതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഫോണുകള്‍ പുറത്തിറക്കിക്കൊണ്ട് സാംസംഗ് അറിയിച്ചു.

സീരിസിലെ എസ് 7, എസ് 7 എഡ്ജ് എന്നീ രണ്ടു മോഡലുകള്‍ക്കും ഒരേ ഹാര്‍ഡ്‌വെയറാണ് ഉപയോഗിക്കുന്നത്. 5.1 ഇഞ്ച് ഡിസ്‌പ്ലേയാണ് എസ് 7 മോഡലിന്. എന്നാല്‍, എസ് 7 എഡ്ജ് പക്ഷേ അല്‍പം കൂടി വലിയ ഫോണാണ്. 5.5 ഇഞ്ച് ആണ് എഡ്ജ് മോഡലിന്റെ സ്‌ക്രീന്‍. എസ് 7 മോഡലിന്റെ ഭാരം 152 ഗ്രാം ആണെങ്കില്‍ എഡ്ജിന് 5 ഗ്രാം അധികം ഭാരമുണ്ട്. 3,000 എംഎഎച്ച് ബാറ്ററിയാണ് എസ് 7ന് ഊര്‍ജവും ജീവനും പകരുന്നത്. എഡ്ജിനാകട്ടെ 3,600 എംഎഎച്ച് ആണ് ബാറ്ററി. ക്വാഡ് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന് ദൃശ്യചാരുത പകരുന്നത്. ഗൂഗിളിന്റെ ലേറ്റസ്റ്റ് ഒഎസ് ആയ മാര്‍ഷ്മാലോ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഫോണുകളില്‍ പ്രവര്‍ത്തിക്കുന്നത്.

രണ്ടു വേരിയന്റുകളില്‍ ഫോണുകള്‍ ലഭ്യമാകും. 32 ജിബി, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് വേരിയന്റുകളിലാണ് എസ് 7 സീരീസ് ഇറങ്ങുന്നത്. ഒപ്പം മറ്റൊരു സവിശേഷത എസ്ഡി കാര്‍ഡ് സ്ലോട്ടുകള്‍ മടക്കിക്കൊണ്ടുവരുന്നു എന്നതാണ്. 200 ജിബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന എസ്ഡി കാര്‍ഡ് സ്ലോട്ട് ആണ്. 2.3 ജിഗാഹെഡ്‌സ്+1.6ജിഗാഹെഡ്‌സ് ക്വാഡ് കോര്‍ 64 ബിറ്റ് എക്‌സിനോസ് 8890 ഒക്ടാകോര്‍ പ്രൊസസറാണ് ഫോണിന് കരുത്തു പകരുന്നത്. ഇതേ ഹെഡ്‌സില്‍ 64 ബിറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 എന്ന മറ്റൊരു പ്രോസസര്‍ ഓപ്ഷനിലും ഫോണ്‍ ലഭ്യമാകും.

ഫോണ്‍ ചൂടാകുന്നതിനെ പ്രതിരോധിക്കാന്‍ ലിക്വിഡ് കൂളിംഗ് ടെക്‌നോളജിയും ഫോണില്‍ ഉപയോഗിക്കുന്നു. റാം അല്‍പം കൂടി ശേഷി കൂടിയതാണ്. 4ജിബി എല്‍പിഡിഡിആര്‍4 റാം ആണ് ഫോണില്‍ ഉള്ളത്. 12 മെഗാപിക്‌സല്‍ പിന്‍കാമറയാണ് ഫോണിന്. സ്മാര്‍ട് ഒഐഎസും പിന്‍കാമറയുടെ സവിശേഷതയാണ്. സെല്‍ഫി ഷൂട്ടുകള്‍ക്കായി 5 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമുണ്ട്. 4 ജി സപ്പോര്‍ട്ട് ചെയ്യുന്നവയാണ് രണ്ടു ഫോണുകളും. മാര്‍ച്ച് മധ്യത്തോടെ ഫോണുകള്‍ വിപണിയിലെത്തും. വില എത്രയായിരിക്കും എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here