ഡി രാജയുടെ മകള്‍ക്ക് ഐഎസ് ബന്ധമെന്ന വാര്‍ത്തയ്ക്ക് മഞ്ഞപ്പത്രത്തിന്റെ നിലവാരം മാത്രം; മംഗളം പത്രാധിപര്‍ക്ക് ജെഎന്‍യു വിദ്യാര്‍ത്ഥിനി അയച്ച കത്തിന്റെ മലയാള പരിഭാഷ വായിക്കാം

സിപിഐ നേതാവ് ഡി രാജയുടെ മകള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന തരത്തില്‍ മംഗളം പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് മഞ്ഞപ്പത്രങ്ങളുടെ നിലവാരം മാത്രമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍. യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹല റഷീദ് മംഗളം പത്രാധിപര്‍ക്കയച്ച കത്തിലാണ് ഇക്കാര്യമുള്ളത്. വാര്‍ത്ത അങ്ങേയറ്റം അപലപനീയവും അപകീര്‍ത്തികരവവുമാണെന്നും കത്തില്‍ പറയുന്നു. ഷഹല അയച്ച കത്തിന്റെ പരിഭാഷയുടെ പൂര്‍ണരൂപം വായിക്കാം.

ബഹുമാനപ്പെട്ട പത്രാധിപര്‍,

താങ്കളുടെ പത്രത്തില്‍ ‘ഡി രാജയുടെ മകള്‍ക്ക് ഐഎസ് അനുയായികളുമായി ഉറ്റ ബന്ധം’ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത അങ്ങേയറ്റം അപലപനീയവും അപകീര്‍ത്തികരവുമാണ്. മംഗളത്തില്‍ ഇതുവരെ കാണാത്ത തരത്തിലുളള ഇത്തരം ക്ഷോഭജനകമായ വാര്‍ത്താസൃഷ്ടിയെ യൂണിയന്‍ ശക്തമായി അപലപിക്കുന്നു. മഞ്ഞപ്പത്രങ്ങളുടെ നിലവാരമാണ് ഈ വാര്‍ത്തയ്ക്കുളളത്. ചില വന്‍കിട മാധ്യമസ്ഥാപനങ്ങള്‍ ജെഎന്‍യു സമരത്തോടനുബന്ധിച്ച് നടത്തിയ റിപ്പോര്‍ട്ടിംഗും ഞങ്ങള്‍ കണ്ടതാണ്. അത്തരം വാര്‍ത്തകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ വന്നതും താങ്കള്‍ക്കറിയാമല്ലോ.

നിഷ്‌കളങ്കരായ യുവാക്കളുടെ സുരക്ഷയെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം വാര്‍ത്താസൃഷ്ടിയില്‍ പ്രതിഷേധിച്ച് ഒരു ഹിന്ദി ചാനല്‍ പ്രൈം ടൈമില്‍ ഒരു മണിക്കൂര്‍ നീണ്ട വാര്‍ത്താ സംപ്രേഷണം ചെയ്യുകയുണ്ടായി. ഒരാള്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ അയാള്‍ നിരപരാധിയാണ്. പത്രധര്‍മമെന്നത് രണ്ടുഭാഗവും റിപ്പോര്‍ട്ട് ചെയ്യുക എന്നതാണല്ലോ. അല്ലാതെ പക്ഷംപിടിച്ച് അവയെ സ്‌ഫോടനാത്മകമാക്കലല്ല.
ജെഎന്‍യു കാമ്പസിനകത്ത് ദേശീയവിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറിയതായി പ്രത്യേക ലേഖകന്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് താങ്കള്‍ വ്യക്തമാക്കണം. വിവിധ ദേശവിരുദ്ധ നിയമവിരുദ്ധ സംഘടനകളുമായി ബന്ധമുളളയാളാണ് ഉമര്‍ ഖാലിദ് എന്നെഴുതിയത് ഏത് ഗവേഷണ വസ്തുതാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അറിയാന്‍ താല്‍പര്യമുണ്ട്.

പ്രത്യേകിച്ചൊരു കുറ്റം ചെയ്യാത്തൊരാളെ, ചില ആശയങ്ങളുടേയും വിശ്വാസങ്ങളുടേയും പേരില്‍ കുറ്റവാളിയാക്കുന്നത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണ്. നിയമത്തിന്റെ മുമ്പില്‍ കുറ്റം തെളിയിക്കപ്പെടാത്ത കാലത്തോളം ജെഎന്‍യുവിലെ ഒരു വിദ്യാര്‍ഥിയേയും ഇത്തരത്തില്‍ മുദ്രകുത്താനോ, അപകീര്‍ത്തിപ്പെടുത്താനോ, അവര്‍ക്കെതിരെ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കാനോ, ഞങ്ങള്‍ അനുവദിക്കില്ല. ഉമര്‍ ഖാലിദിനെ ഒറ്റപ്പെടുത്തിക്കൊണ്ട് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ ഇസ്ലാമോഫോബിയയുടെ ഭാഗമാണ്. മുസ്ലിം നാമധാരിയായതുകൊണ്ട് മാത്രം ഇത്തരത്തില്‍ ചിത്രീകരിക്കപ്പെടുന്നു എന്ന വസ്തുത കൂടി ഇവിടെ പറയാതിരിക്കാനാകില്ല. ഈ അജന്‍ഡകളുമായി നടക്കുന്നത് താങ്കളുടെ പത്രം മാത്രമല്ല. പക്ഷേ ഞങ്ങളീ കത്ത് നിങ്ങള്‍ക്കെഴുതുന്നത് മറ്റു ചില കാരണങ്ങളാലാണ്.
ഒന്നാമത് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിഷ്പക്ഷത സ്വീകരിക്കുന്ന പത്രമാണ് മംഗളമെന്നാണ് ഞങ്ങള്‍ മനസിലാക്കിയിരുന്നത്. രണ്ടാമതായി നിങ്ങളുടെ വായനക്കാരില്‍ ബഹുഭൂരിപക്ഷവും ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരാണ്. ഇസ്ലാമോഫോബിയയ്ക്ക് ഇങ്ങനെ വശംവദരാകുന്ന പക്ഷം കൃത്യമായ റിപ്പോര്‍ട്ടുകള്‍ക്കുവേണ്ടി വായനക്കാര്‍ എങ്ങോട്ട് പോകും? വ്യക്തിത്വത്തിന്റെ പേരില്‍ ഇപ്പോള്‍തന്നെ ആക്രമിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗക്കാരില്‍ ഇത് കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കില്ലേ? അഷര്‍ധാം ക്ഷേത്രത്തിന്റെ സ്‌ഫോടനമടക്കമുളള നിരവധി സംഭവങ്ങളില്‍ നമ്മളിത് കാണുകയുണ്ടായി. നിരപരാധികളായ പല മുസ്ലിം സഹോദരര്‍ക്കുമെതിരെ തെറ്റായ കുറ്റമാരോപിച്ച് അവരെ ശിക്ഷിച്ചിരിക്കുന്നു. എങ്ങനെയാണ് രാജ്യത്ത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ വ്യാജ ഭീകരക്കുറ്റമാരോപിച്ച് പിന്നീട് കല്‍ത്തുറുങ്കിലടയ്ക്കുന്നതെന്ന് ഡോ. മനിഷ സേത്തിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനിടയില്‍ മാധ്യമവിചാരണ കൂടി നടക്കുന്നതോടെ അവരുടെ ഭാവിയും ജീവിതവും തകര്‍ക്കപ്പെടും. അതോടെ ആ കുടുംബം പൂര്‍ണമായും നശിപ്പിക്കപ്പെടും. ഭാവിയില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ ഒഴിവാക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.

മറ്റൊരു പ്രധാനകാര്യം ഞങ്ങളുടെ വിദ്യാര്‍ഥിയായ അപരാജിത രാജയെ ഭീകരസംഘടനകളുമായി ബന്ധപ്പെടുത്തി വന്ന വാര്‍ത്തയാണ്. ഇത് ഞങ്ങളില്‍ ഞെട്ടലുളവാക്കി, വാര്‍ത്ത ലജ്ജാകരവും അങ്ങേയറ്റത്തെ വില കുറഞ്ഞ ഒന്നുമായി പോയി. ഒരു വനിതാ പോരാളിയെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നതിന്റെ പ്ര
ത്യാഘാതങ്ങളെക്കുറിച്ച് എഡിറ്റോറിയല്‍ ബോര്‍ഡ് ചിന്തിച്ചിട്ടുണ്ടോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ക്കുളള ഇടങ്ങള്‍ ചുരുങ്ങിവരികയാണ്, പ്രത്യേകിച്ചും രാഷ്ട്രീയരംഗത്തെ സ്ത്രീസാന്നിധ്യം നാമമാത്രമാണ്. സമൂഹത്തില്‍ സ്ത്രീ നീതിക്കായി ഇത്തരം വാര്‍ത്തകള്‍ എന്ത് സഹായമാണ് ചെയ്യുക എന്നാണ് ഞങ്ങള്‍ക്കറിയേണ്ടത്. അവരുടെ ഫോട്ടോ അവരുടെ അനുവാദമില്ലാതെ കൊടുത്തു, അവരുടെ അച്ഛനമ്മമാരെക്കുറിച്ചും മറ്റ് വിവരങ്ങളും ലേഖനത്തില്‍ വിശദീകരിച്ചു, അതും ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമാസക്തമായ നിലയില്‍ വേട്ടയാടല്‍ നടക്കുന്ന, ഭീതി പടരുന്ന ഈ സമയത്ത്.
ഇതൊരു നല്ല പത്രപ്രവര്‍ത്തനമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? സിപിഐ കുടുംബത്തിലെ ഒരംഗമായതുകൊണ്ടുമാത്രം രാഷ്ട്രീയ വൈരം തീര്‍ക്കുന്നതിനുവേണ്ടി അവരെ കരുവാക്കാമോ? പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ സിപിഐ നേതാവിന്റെ മകള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് നടത്തിയ ഈ കലമുടയ്ക്കല്‍ ഞങ്ങളെ സ്തബ്ധരാക്കിയിരിക്കുന്നു. പ്രത്യേകിച്ച് ഏതെങ്കിലുമൊരു തരംതാണ പത്രത്തില്‍ നിന്നല്ല സല്‍പ്പേരുളള വളരെ ആദരമുളള ഒരു മാധ്യമ സ്ഥാപനത്തില്‍ നിന്നുമായതുകൊണ്ട്.
ചില മാധ്യമ സ്ഥാപനങ്ങള്‍ ഭരണകൂടവുമായി ചേര്‍ന്ന് ജെഎന്‍യു അടക്കമുളള വിദ്യാ
ഭ്യാസ സ്ഥാപനങ്ങളില്‍ ഉയരുന്ന വിമത സ്വരങ്ങളേയും പ്രതിഷേധങ്ങളേയും അടിച്ചമര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളെ ഞങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. എന്നാല്‍ മംഗളം അതിന്റെ തെറ്റായ പോക്ക് തിരുത്തണമെന്നും നിരുത്തരവാദപരമായ ഇത്തരം പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഷെഹല റഷീദ് ഷോര
വൈസ് പ്രസിഡന്റ്
ജെഎന്‍യു സ്റ്റുഡന്‍ഡ് യൂണിയന്‍

പരിഭാഷയ്ക്ക് കടപ്പാട്: ജനയുഗം ഓണ്‍ലൈന്‍

JNUSU’s Open Letter to the chief editor regarding the news item in Mangalam Daily on 20-02-2016 titled ‘Daughter of D….

Posted by Shehla Rashid on Sunday, February 21, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News