റഫറിയെ കളിക്കാരന്‍ ചുവപ്പുകാര്‍ഡ് കാണിച്ചു; തുര്‍ക്കി ഫുട്‌ബോള്‍ ലീഗിലെ അപൂര്‍വ സംഭവം

അങ്കാറ: കളിക്കാരന്‍ അച്ചടക്കം ലംഘിച്ചാല്‍ റഫറിക്ക് ചുവപ്പു കാര്‍ഡ് കാണിക്കാം. കളിക്കളത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യാം. എന്നാല്‍, കളിക്കാരന്‍ അതേ ചുവപ്പു കാര്‍ഡ് തട്ടിയെടുത്ത് റഫറിയെ തന്നെ കാണിച്ചാലോ? റഫറി പുറത്താകുമോ? ഇല്ല, പകരം അതേ ചുവപ്പു കാര്‍ഡ് കാണിച്ച് താരത്തെ അങ്ങു പറഞ്ഞു വിടും. ഇതേതടാ റഫറിയെ ചുവപ്പു കാര്‍ഡ് കാണിച്ചവന്‍ എന്നാണോ ആലോചിക്കുന്നത്. തുര്‍ക്കി സൂപ്പര്‍ ലീഗിലാണ് എല്ലാവരെയും അമ്പരപ്പിച്ച സംഭവമുണ്ടായത്. അച്ചടക്കം ലംഘിച്ച താരത്തെ റഫറി തന്നെ പുറത്താക്കുകയുമുണ്ടായി.

സഹതാരത്തെ ചുവപ്പു കാര്‍ഡ് കാണിച്ചതിനാണ് ട്രാബ്‌സോന്‍സ്‌പൊര്‍ താരമായ സാലിഹ് ഡര്‍സന്‍ പുറത്തേക്കു വഴി കണ്ടത്. റഫറി ഡെനിസ് ബിറ്റ്‌നലിനെയാണ് സാലിഹ് ചുവപ്പു കാര്‍ഡ് കാണിച്ചത്. ട്രാബ്‌സോന്‍സ്‌പൊറും ഗലാറ്റസാരെയും തമ്മിലായിരുന്നു മത്സരം. തുര്‍ക്കി ലീഗിലെ ചിരവൈരികളാണ് ഇരുടീമുകളും. കളി കയ്യാങ്കളിയിലേക്കും വഴിമാറിയിരുന്നു. ഇതിനിടെ മൂന്ന് ട്രാബ്‌സോന്‍സ്‌പൊര്‍ താരങ്ങള്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോകുകയും ചെയ്തിരുന്നു.

ആദ്യത്തെ രണ്ട് താരങ്ങള്‍ പുറത്തായ ശേഷം 86-ാം മിനുട്ടില്‍ ഉമുത് ബുലുതിനെ പെനാല്‍റ്റി ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് ട്രാബ്‌സോന്‍സ്‌പൊറുടെ ലൂയിസ് കവാന്‍ഡയും പുറത്തു പോയതോടെ കളി മാറി. ട്രാബ്‌സോന്‍സ്‌പൊര്‍ താരങ്ങള്‍ റഫറിയോടു തട്ടിക്കയറി. ഇതിനിടെ സാലിഹ് ഡര്‍സന്‍ റഫറിയുടെ പോക്കറ്റില്‍ നിന്ന് ചുവപ്പു കാര്‍ഡ് തട്ടിയെടുത്ത് റഫറിയെ തന്നെ കാണിക്കുകയായിരുന്നു. കാര്‍ഡ് തിരിച്ചു വാങ്ങിയ റഫറി സാലിഹിനെ പുറത്താക്കുകയും ചെയ്തു.

ജര്‍മന്‍ താരം ലൂക്കാസ് പൊഡോള്‍സ്‌കിയും ഗലാറ്റസാരെ ടീമിലുണ്ടായിരുന്നു. എന്തായാലും റഫറിയെ പുറത്താക്കിയ സാലിഹിനെതിരെ വിലക്ക് അടക്കമുള്ള നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News