തെരഞ്ഞെടുപ്പില്‍ മുന്നണി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമെന്ന് സുധീരന്‍; ഒറ്റക്കെട്ടായി മുന്നോട്ട് പോകും; സ്ഥാനാര്‍ത്ഥികളുടെ യോഗ്യത ജയസാധ്യതയും ജനസ്വീകാര്യതയും

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കോണ്‍ഗ്രസിന്റെ പ്രാഥമിക ചര്‍ച്ച ദില്ലിയില്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. ഇത് പരിഗണിച്ച് നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ജയസാധ്യതയും ജനസ്വീകാര്യതയും ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ യോഗ്യതയെന്നും വിഎം സുധീരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കും. യുഡിഎഫിലെ ഘടകകക്ഷികളുമായി ഒരുമിച്ച് മുന്നോട്ട് പോകും. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച വളരെ വേഗം പൂര്‍ത്തിയാക്കും. ജയസാധ്യത, ജനസ്വീകാര്യത എന്നിവ കണക്കിലെടുത്താവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരകുമാനിക്കുന്നത്. ഇതിനായി താഴെത്തട്ട് മുതല്‍ ചര്‍ച്ച നടത്തും. നിലവിലുള്ള തെരഞ്ഞെടുപ്പ് സമിതി തുടരുമെന്നും വിഎം സുധീരന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക വിലയിരുത്തല്‍ നടത്തി മുന്നോട്ട് പോകും. പാര്‍ട്ടി ഘടകങ്ങളുടെ നിലപാട് അറിയാന്‍ നിയോഗിക്കപ്പെട്ട സമിതി എല്ലാവരുടെയും അഭിപ്രായം ആരായും. തുടര്‍ന്ന് കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി സമിതി ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശങ്ങള്‍ ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്നും സുധീരന്‍ പറഞ്ഞു.

ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവരുമായി രാവിലെ കേരള ഹൗസില്‍ ചര്‍ച്ച നടത്തി. മത്സരിക്കുന്ന വ്യക്തികളെ സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തിട്ടില്ല എന്നും സുധീരന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് പ്രസക്തിയില്ല എന്ന് സുധീരന്‍ പ്രതികരിച്ചു.

തെരഞ്ഞെടുപ്പില്‍ ആരാവും നയിക്കുക എന്ന ചോദ്യത്തിന് നേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ച് നയിക്കുമെന്ന് സുധീരന്‍ മറുപടി നല്‍കി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിഎം സുധീരന്‍ നയിക്കുമോ എന്ന ചോദ്യത്തിന് ഇത്തരം ചര്‍ച്ചകള്‍ കടന്ന് വന്നിട്ടില്ല എന്ന് സുധീരന്‍ പറഞ്ഞു. സിറ്റിംഗ് എംഎല്‍എമാരുടെ കാര്യത്തിലും ഇക്കാര്യം ബാധകമാക്കുമെന്നും സുധീരന്‍ മറുപടി നല്‍കി.

എല്ലാ വിഭാഗങ്ങളോടും നീതി പുലര്‍ത്തിയാവും സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുക. ജില്ലാ തലത്തില്‍ ഡിസിസി പ്രസിഡന്റ്, പ്രത്യേക ചുമതലയുള്ള സീനിയര്‍ നേതാക്കള്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതി ചുമതല വഹിക്കും എന്നും സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് എല്ലാവരുടെയും അഭിപ്രായം തേടും. ഈ ചര്‍ച്ചയ്ക്ക് ശേഷമാകും പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കുക എന്നും സുധീരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here