പി ജയരാജനെതിരായ കേസ് സിബിഐയുടെ പാപ്പരത്തമെന്നു പിണറായി; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല; ജയരാജനെ പിണറായി സന്ദര്‍ശിച്ചു

കോഴിക്കോട്: പി ജയരാജനെ കേസില്‍ കുരുക്കിയത് ആര്‍എസ്എസിനു കീഴടങ്ങിയ സിബിഐയുടെ പാപ്പരത്തമാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പി ജയരാജനെ സന്ദര്‍ശിച്ച ശേഷം മാധ്യങ്ങളോടു സംസാരിക്കുകയായിരുന്നു പിണറായി. ഭരിക്കുന്നവര്‍ക്കു വേണ്ടി സിബിഐ മാനദണ്ഡങ്ങള്‍ മാറ്റിവയ്ക്കാറുണ്ടെന്നു നേരത്തേ വ്യക്തമായിട്ടുണ്ട്. ഇപ്പോള്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ പിന്നില്‍നിന്നു നിയന്ത്രിക്കുന്ന വര്‍ഗീയ സംഘടനയുടെ ഇടപെടലും വ്യക്തമായി. ഇവരുടെ ആജ്ഞയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനമായി സിബിഐ മാറിയെന്നും പിണറായി പറഞ്ഞു.

സിബിഐ നടപ്പാക്കിയത് ആര്‍എസ്എസിന്റെ തീരുമാനമാണ്. ആര്‍എസ്എസ് ഇടപെട്ടതിന് ശേഷമാണ് കേസില്‍ പ്രതിയല്ലാതിരുന്ന ജയരാജന്‍ പ്രതിയായത്. കുറ്റം തെളിയിക്കാനാവില്ലെന്നു വന്നപ്പോഴാണ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ഹര്‍ജി സിബിഐ പിന്‍വലിച്ചത്. സമ്മര്‍ദം വന്നപ്പോള്‍ വീണ്ടും ഹര്‍ജി നല്‍കി. വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ജയരാജനെ അലട്ടുന്നുണ്ട്. ഈ കേസ് വന്നതു കൊണ്ടല്ല, അതിനും എത്രയോ മുമ്പുതന്നെ ഹൃദ്രേഗവുമായി ബന്ധപ്പെട്ട നിരവധി ചികിത്സകള്‍ അദ്ദേഹത്തിന് നടത്തിയിട്ടുണ്ട്. ഇപ്പോള്‍ പരിശോധിച്ച വിദഗ്ധസംഘം പരിശോധിച്ച് രേഖപ്പെടുത്തിയതും ജയരാജനു വിവിധ രോഗങ്ങളുണ്ടെന്നതു തന്നെയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദ്രോഗം തന്നെയാണ്.

ജയരാജന് ഇനി ഒരു ഹൃദ്രോഗബാധ വരില്ലെന്ന് ഒരു വിദഗ്ധനും പറയാനാവില്ല. അതു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു ചില രോഗങ്ങളും ജയരാജനെ അലട്ടുന്നുണ്ട്. ഇതെല്ലാം കാണിക്കുന്നത് ദീര്‍ഘമായ ചികിത്സ ജയരാജനു വേണമെന്നാണ്. ഒരു തെളിവുമില്ലാതെ പ്രതിയാക്കിയ ജയരാജനെ ചോദ്യം ചെയ്തതുകൊണ്ട് എന്തെങ്കിലും തെളിവു ലഭിക്കില്ലെന്നു സിബിഐക്കു തന്നെ അറിയാം. അതുകൊണ്ടാണ് ചോദ്യം ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചത്. ആര്‍എസ്എസിനെ തൃപ്തിപ്പെടുത്തേണ്ട നാണംകെട്ട അവസ്ഥ സിബിഐക്കുണ്ടെങ്കില്‍ ജയരാജനെ ഡോക്ടര്‍മാരുടെ അനുമതിയോടെ അദ്ദേഹം കിടക്കുന്ന സ്ഥലത്തുവച്ചു ചോദ്യം ചെയ്യണം. അതൊരു നാണംകെട്ട പരിപാടിയായിരിക്കും. ആ നാണക്കേട് ഏറ്റെടുക്കാന്‍ സിബിഐ തയാറാകണം. ജയരാജനെ കസ്റ്റഡിയില്‍ കിട്ടിയേ തീരൂ എന്ന വാശി അംഗീകരിക്കാനാവില്ല. അതുപേക്ഷിക്കണം.

ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്നതിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസ് താല്‍പര്യം സംരക്ഷിക്കാനാണ് ജയരാജനെതിരേ യുഎപിഎ ചുമത്തിയത്. അതേസമയം ആര്‍എസ്എസുകാര്‍ പ്രതിയായ എംജി കോളജ് കേസ് പിന്‍വലിക്കുകയും ചെയ്തുവെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News