ഫ്രീഡം 251 വില്‍ക്കണമെങ്കില്‍ കമ്പനിക്കു കിട്ടേണ്ടത് 21000 കോടി സബ്‌സിഡി; ഇതെവിടെനിന്ന് എന്നറിയാതെ വ്യാപാര ലോകം; നിലവാരമില്ലെങ്കില്‍ തകര്‍ന്നടിയുമെന്ന് സാങ്കേതിക വിദഗ്ധര്‍

നോയ്ഡ: ഇന്ത്യയില്‍ ചര്‍ച്ചയായ ഫ്രീഡം 251 സ്മാര്‍ട്‌ഫോണിന് ലഭിച്ചത് ആറു കോടി ഓര്‍ഡറുകള്‍. സമയബന്ധിതമായി ഇതു കൊടുത്തുതീര്‍ക്കണമെങ്കില്‍ നിര്‍മാതാക്കളായ റിംഗിംഗ് ബെല്‍സ് കമ്പനിക്കു കിട്ടേണ്ടത് 21000 കോടി രൂപയുടെ സബ്‌സിഡി. ഇതെവിടെനിന്നു ലഭിക്കുമെന്നറിയാതെ വ്യാപാരലോകം ത്രിശങ്കുവിലായപ്പോള്‍ നിലവാരമില്ലാത്ത ഫോണിറക്കിയാല്‍ തകര്‍ന്നടിയുമെന്നാണ് മൊബൈല്‍ സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തല്‍.

251 രൂപയ്ക്ക് ആറു കോടി ഫോണുകള്‍ നല്‍കണമെങ്കില്‍ ലഭിക്കേണ്ട ഭീമമായ സബ്‌സിഡി ലഭിക്കാനുള്ള സാധ്യത തീരെ വിരളമാണെന്നാണ് ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പങ്കജ് മൊഹിന്ദാരൂവിന്റെ പ്രതികരണം. കമ്പനിയുടെ വാഗ്ദാനവും യാഥാര്‍ഥ്യവും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും ഗൗരവമായ അന്വേഷണം വേണ്ട കാര്യമാണിതെന്നും അദ്ദേഹം കേന്ദ്ര ടെലിക്കോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

3000-3500 രൂപ ഉല്‍പാദനച്ചെലവു വരുന്ന ഫോണുകളാണ് 251 രൂപയ്ക്കു വില്‍ക്കുമെന്നു കമ്പനി അവകാശപ്പെടുന്നത്. ഇതിനായി കമ്പനിക്കു സഹിക്കേണ്ടിവരുന്ന തുക എവിടെനിന്ന് എന്നു കണ്ടെത്തേണ്ടതുണ്ട്. കുറ്റകരമായ എന്തെങ്കിലും ഇടപാടുകളാണ് ഫ്രീഡം കമ്പനിയെ ഈ വില്‍പനയില്‍നിന്നു മാറ്റനിര്‍ത്തേണ്ടതുണണ്ടെന്നും മൊഹീന്ദാരൂ പറയുന്നു.

നിലവാരമുള്ള ഫോണ്‍ നിര്‍മിക്കാന്‍ അത്യാവശ്യം വേണ്ട ഘടകങ്ങള്‍ക്കു തന്നെ രണ്ടായിരം രൂപയില്‍ അധികം വേണ്ടിവരും. അതുകൊണ്ടുതന്നെ സബ്‌സിഡി ഇല്ലാതെ ഈ ഫോണ്‍ വിപണിയില്‍ ഇറങ്ങുമെന്നു കരുതാന്‍ വയ്യെന്നും ബംഗളുരു ആസ്ഥാനമായുള്ള ടെലികോം അനലിസ്റ്റ് ജി കൃഷ്ണകുമാര്‍ പറയുന്നു.

ഓര്‍ഡറുകള്‍ അധികരിച്ച നിലയിലാണ് ബുക്കിംഗ് നിര്‍ത്തിയതെന്നും ബുക്ക് ചെയ്ത എല്ലാവര്‍ക്കും സമയബന്ധിതമായി ഫോണ്‍ നല്‍കുമെന്നു തന്നെയാണ് കമ്പനി തലവന്‍ മോഹിത് ഗോയലിന്റെ അവകാശവാദം. ആപ്പുകളിലൂടെയും ഇ കൊമേഴ്‌സ് ഇടപാടുകളിലൂടെയും കമ്പനിക്കു സഹിക്കേണ്ടിവരുന്ന തുക കണ്ടെത്തുമെന്നാണ് റിംഗിംഗ് ബെല്‍സ് കമ്പനി പ്രസിഡന്റ് അശോക് ഛദ്ദയുടെ വിശദീകരണം.

ഫ്രീഡം 251 യാഥാര്‍ഥ്യമായാല്‍ ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വിപണിക്കുതന്നെ കനത്ത വെല്ലുവിളിയാകുമെന്നും കൃഷ്ണകുമാര്‍ വിലയിരുത്തുന്നു. 2015 ലെ കണക്കനുസരിച്ച് 10.3 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഫ്രീഡം 251 നു ലഭിച്ചിരിക്കുന്നതാകട്ടെ ഇതിന്റെ എഴുപതുശതമാനത്തോളം ഓര്‍ഡറുകളും. നിലവാരമുള്ള ഫോണാണ് ഫ്രീഡം 251 എന്നു വരികയാണെങ്കില്‍ ഇന്ത്യയിലെ മൊബൈല്‍ഫോണ്‍ വിപണിതന്നെ തകര്‍ന്നടിയുമെന്നും കൃഷ്ണകുമാര്‍ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News