മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി; സമദാനിക്ക് സീറ്റ് നല്‍കിയേക്കില്ല; കോട്ടക്കലില്‍ പകരം അലി; തവനൂരില്‍ ബാവഹാജിയും കരുനാഗപ്പള്ളിയില്‍ ശ്യാം സുന്ദറും

മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ സ്ഥാനാര്‍ഥിപ്പട്ടികയായി. തുടര്‍ച്ചയായി മൂന്നുതവണ ജയിച്ചവരെ മത്സരിപ്പിക്കില്ല. പ്രമുഖരായ എം ഉമ്മര്‍, അബ്ദുസമദ് സമദാനി തുടങ്ങിവരെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്നു മാറ്റിനിര്‍ത്തിയേക്കുമെന്നാണ് സൂചന. സമദാനിക്കു പകരം മഞ്ഞളാംകുഴി അലിക്കായിരിക്കും കോട്ടക്കലില്‍ സീറ്റ്. പ്രധാനനേതാക്കളുടെ സീറ്റുകളില്‍ മാറ്റമുണ്ടാകില്ല. ഇക്കുറിയും സ്ത്രീകളാരും പട്ടികയിലില്ല.

ഏറനാട്ടില്‍ പി കെ ബഷീര്‍ തന്നെ മത്സരിക്കും. മഞ്ചേരിയില്‍ വല്ലാഞ്ചിറ മുഹമ്മദാലിയോ യൂത്ത് ലീഗ് നേതാവ് പി എം സാദിഖലിയോ ആയിരിക്കും സ്ഥാനാര്‍ഥി. കൊണ്ടോട്ടിയില്‍ പി ഉബൈദുള്ളയും പെരിന്തല്‍മണ്ണയില്‍ ഹമീദ് മാസ്റ്ററോ സലിം കുരുവമ്പലമോ ആയിരിക്കും മത്സരിക്കുക. തിരൂരില്‍ സി മമ്മൂട്ടിയും താനൂരില്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയും വീണ്ടും ജനവിധി തേടും.

മലപ്പുറത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മത്സരിക്കും. വേങ്ങരയില്‍പി കെ കുഞ്ഞാലിക്കുട്ടിയും തിരൂരങ്ങാടിയില്‍ പി കെ അബ്ദുറബ്ബും കോഴിക്കോട് രണ്ടില്‍ ഡോ. എം കെ മുനീറും തന്നെയായിരിക്കും സ്ഥാനാര്‍ഥികള്‍. കളമശേരിയില്‍ വി കെ ഇബ്രാഹിം കുഞ്ഞും തിരുവനമ്പാടിയില്‍ പി കെ കെ ബാവയുമായിരിക്കും ജനവിധി തേടുക. വള്ളിക്കുന്നില്‍ സിറ്റിംഗ് എംഎല്‍എ കെ എന്‍ എ ഖാദറിനെയും സി കി സുബൈറിനെയും പരിഗണിക്കുന്നുണ്ട്. കുന്നമംഗലത്തു പ്രാദേശിക ഘടകത്തിന് എതിര്‍പ്പുണ്ടെങ്കിലും യു സി രാമനെത്തന്നെയാണ് പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്നത്.

മണ്ണാര്‍ക്കാട് യുവനേതാവ് എന്‍ ഷംസുദീന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥി. അഴീക്കോട് കെ എം ഷാജിതന്നെയായിരിക്കും മത്സരിക്കും. കാസര്‍ഗോഡ് എന്‍എ നെല്ലിക്കുന്നും കുറ്റ്യാടിയില്‍ സൂപ്പി നരിക്കാട്ടേരിയുമായിരിക്കും സ്ഥാനാര്‍ഥികള്‍. മഞ്ചേശ്വരത്ത് എ എ ബഷീറോ അബ്ദുറസാഖോ മത്സരിക്കും. തവനൂര്‍ കോണ്‍ഗ്രസില്‍നിന്ന് ഏറ്റെടുത്ത് ബാവഹാജിയെ മത്സരിപ്പിക്കാനാണ് ആലോചന. പകരം ഗുരുവായൂര്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കും. മങ്കടയില്‍ കെ പി മുഹമ്മദ് മുസ്തഫയോ ടി എ അഹമ്മദ് കബീറോ മത്സരിക്കും. അഹമ്മദ് കബീറാണ് ഇവിടെ സിറ്റിംഗ് എംഎല്‍എ. കരുനാഗപ്പള്ളിയില്‍ ശ്യാം സുന്ദറിനെ മത്സരിപ്പിക്കാനാണ് തത്വത്തില്‍ധാരണ. ഇരവിപുരം ആര്‍എസ്പിക്കു വിട്ടുകൊടുക്കുന്നതിലൂടെ കരുനാഗപ്പള്ളി ചോദിക്കാനാണ് ലീഗിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News