നാവികസേനയുടെ ഭാഗമാകാന്‍ ഒരുങ്ങി ഐഎന്‍എസ് അരിഹന്ത്; രാജ്യത്തിന്റെ ആദ്യ ആണവ അന്തര്‍വാഹിനി; യാഥാര്‍ത്ഥ്യമാകുന്നത് 45 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം

ദില്ലി: രാജ്യത്തിന്റെ ആദ്യ ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഹന്ത് റെഡി. ഏത് സാഹചര്യത്തെയും നേരിടാന്‍ അരിഹന്ത് തയ്യാറാണ്. ആഴക്കടലില്‍ നടത്തിയ നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് അരിഹന്തിനെ പോര്‍മുഖത്തേക്ക് ഇറക്കാന്‍ തീരുമാനിച്ചത്. അഞ്ച് മാസമാണ് ഇതിനായി നാവിക സേന നീക്കിവെച്ചത്. ഇനി ഭരണ തീരുമാനം മാത്രമാണ് അരിഹന്തിനെ കാത്തിരിക്കുന്നത്. കമ്മീഷനിംഗ് കഴിഞ്ഞാല്‍ അരിഹന്ത് നാവിക സേനയുടെ ഭാഗമാകും.

ആണവ മിസൈല്‍ വാഹിനിയായ അരിഹന്തിനെ വ്യത്യസ്ത തലത്തിലുള്ള വിദഗ്ധരാണ് നീരീക്ഷണ വിധേയമാക്കിയത്. ഇതിന് ശേഷമാണ് അരിഹന്ത് നാവിക സേനയുടെ ഭാഗമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ആണവ മിസൈല്‍ അടക്കം നിരവധി ആയുധങ്ങളാണ് അരിഹന്തില്‍നിന്ന് പരീക്ഷിച്ചത്. അന്തര്‍വാഹിനിയുടെ ശേഷി പരീക്ഷണങ്ങള്‍ എല്ലാം വിജയകരമായിരുന്നു.

അഞ്ച് അണവ മിസൈലുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഐഎന്‍എസ് അരിഹന്ത്. തദ്ദേശീയമായി വികസിപ്പിച്ച അരിഹന്ത് വിശാഖപട്ടണത്താണ് നിര്‍മ്മിക്കപ്പെട്ടത്. ആഴക്കടലില്‍ നിരവധി തവണ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് രാജ്യത്തിന്റെ സേനയുടെ ഭാഗമാകുന്നത്. ആഴക്കടല്‍ ഡൈവിംഗ് ഉള്‍പ്പടെയുള്ള പരീക്ഷണങ്ങള്‍ റഷ്യന്‍ സഹായത്തോടെയാണ് പൂര്‍ത്തിയാക്കിയത്. ഇതിനായി റഷ്യയുടെ ആര്‍എഫ്എസ് ഇപ്രോണ്‍ കഴിഞ്ഞ നവംബറില്‍ വിശാഖപട്ടണത്ത് എത്തിയിരുന്നു.

അരിഹന്തിനെ അറിയാം

700 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രഹരശേഷിയുള്ള ഹൃസ്വദൂര മിസൈലുകള്‍ അരിഹന്തിന്റെ ഭാഗമാണ്. കെ – 15 ഇനത്തിലുള്ള ഇത്തരം 12 എണ്ണത്തിനെ അരിഹന്തിന് ഉള്‍ക്കൊള്ളാനാവും. അല്ലെങ്കില്‍ കെ – 4 ഇനത്തിലുള്ള നാല് ബാലിസ്റ്റിക് മിസൈലുകള്‍ വഹിക്കാനാവും. 3,500 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രയോഗിക്കാനാവുന്നതാണ് ഇത്തരം ബാലിസ്റ്റിക് മിസൈലുകള്‍.

നാല്‍പ്പത്തഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഐഎന്‍എസ് അരിഹന്ത് യാഥാര്‍ത്ഥ്യമാകുന്നത്. 1970ലാണ് പദ്ധതിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 1984ല്‍ അരിഹന്തിന്റെ സാങ്കേതിക വിദ്യ, രൂപകല്‍പ്പന എന്നീ കാര്യങ്ങളില്‍ തീരുമാനമെടുത്തു. അതായത് 15 വര്‍ഷങ്ങള്‍ക്ക് ശേഷം.

ജലാന്തര്‍ ഭാഗത്തുനിന്ന് ആണവായുധങ്ങള്‍ തൊടുക്കാന്‍ ശേഷിയുള്ളതാണ് അരിഹന്ത്. ഇതോടെ കര, വായു, കടല്‍ എന്നിവിടങ്ങളില്‍ നിന്ന് ആണവായുധങ്ങള്‍ പ്രയോഗിക്കാനുള്ള ശേഷി രാജ്യത്തിന് കൈവരും. 1998ലാണ് അരിഹന്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. സ്വകാര്യമേഖലയുടെ വന്‍ പങ്കാളിത്തത്തോടെയാണ് തുടങ്ങിയത്. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, വാല്‍ചന്ദ് നഗര്‍ എന്നിവരായിരുന്നു അരിഹന്തിന്റെ നിര്‍മ്മാണത്തിലെ സ്വകാര്യ പങ്കാളികള്‍.

അരിഹന്ത് നിര്‍മ്മാണം പൂര്‍ത്തിയായതായി 2009ലാണ് നാവികസേന അറിയിക്കുന്നത്. 2013ല്‍ അന്തര്‍വാഹിനിയില്‍ നിന്ന് ആദ്യ ആണവ പരീക്ഷണം. ഏറ്റവും ഒടുവില്‍ 2016ല്‍ ഐഎന്‍എസ് അരിഹന്ത് കമ്മീഷനിംഗിന് തയ്യാറെടുക്കുന്നു. അരിഹന്ത് നാവിക സേനയുടെ ഭാഗമാവുന്നതോടെ യാഥാര്‍ത്ഥ്യമാവുന്നത് 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട സ്വപ്‌നം കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News