പി. ജയരാജനുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു; പൊലീസ് നടപടി സിപിഐഎമ്മിന്റെ അഭ്യര്‍ത്ഥന തള്ളി

തൃശൂര്‍: സിപിഐഎം നേതാക്കളടക്കമുള്ളവരുടെ അഭ്യര്‍ത്ഥന തള്ളി പി.ജയരാജനുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. പി.ജയരാജനെ തൃശൂരിലെ ആശുപത്രിയില്‍ നിന്ന് റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനുള്ള നീക്കം സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ജയരാജന്റെ ബന്ധുക്കളോ അഭിഭാഷകരോ എത്താതെ മാറ്റാന്‍ അനുവദിക്കില്ലെന്ന് സിപിഐഎം അറിയിച്ചിരുന്നു. കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെയുള്ള രാത്രി യാത്രക്ക് ഒരു ഡ്രൈവറെ മാത്രം നിയോഗിച്ചത് അനാസ്ഥയാണെന്നും സിപിഐഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. ജയരാജന് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും റോഡ് മാര്‍ഗം ഉപേക്ഷിച്ച് ട്രെയിന്‍ മാര്‍ഗം കൊണ്ടു പോകണമെന്നായിരുന്നു സിപിഐഎം പ്രവര്‍ത്തകരുടെ ആവശ്യം.

പി.ജയരാജന്‍ സഞ്ചരിച്ച ആംബുലന്‍സ് ഇന്ന് പുലര്‍ച്ചെയായിരുന്നു തൃശൂര്‍ പേരാമംഗലത്ത് അപകടത്തില്‍പ്പെട്ടത്. കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു.

ആംബുലന്‍സ് ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് സൂചന. തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിന്റെ രണ്ടു ടയറുകളും പൊട്ടി. അപകടത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജയരാജനെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ മൊബൈല്‍ ഐസിയു സംവിധാനമുള്ള ആംബുലന്‍സിലായിരുന്നു യാത്ര. കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. ശ്രീജിത്ത് ആംബുലന്‍സിനെ അനുഗമിച്ചിരുന്നു. തലശേരിയില്‍ നിന്നുള്ള പൊലീസാണ് വാഹനത്തിന് എസ്‌കോര്‍ട്ട് വഹിച്ചത്.

അതേസമയം, താന്‍ ഉറങ്ങിയതല്ല അപകടത്തിന് കാരണമായതെന്ന് ഡ്രൈവര്‍ നൗഷാദ് പറഞ്ഞു. പഞ്ചറായത് പോലെ തോന്നിയപ്പോള്‍ വാഹനം നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ദീര്‍ഘദൂര യാത്ര പോയി പരിചയമില്ലെന്നും ആദ്യമായിട്ടാണ് ഇത്രയും ദൂരം യാത്ര പോകുന്നതെന്നും നൗഷാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News