ജെഎന്‍യു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൈരളി പീപ്പിള്‍ റിപ്പോര്‍ട്ടര്‍ മനുശങ്കരന് സംഘപരിവാര്‍ ഭീഷണി; സംഘപരിവാര്‍ അഭിഭാഷകര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നാവശ്യം

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സംഘപരിവാര്‍ അക്രമം റിപ്പോര്‍ട്ട് ചെയ്യുന്ന കൈരളി പീപ്പിള്‍ റിപ്പോര്‍ട്ടര്‍ മനുശങ്കരന് ഭീഷണി. ഫോണിലൂടെയാണ് കൈരളി പീപ്പിള്‍ ദില്ലി ബ്യൂറോയിലെ റിപ്പോര്‍ട്ടറായ മനുശങ്കരനെ ഭീഷണിപ്പെടുത്തിയത്. കനയ്യകുമാറിനെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സംഘപരിവാറുകാരായ അഭിഭാഷകര്‍ മനുശങ്കരനെ തെരഞ്ഞെുപിടിച്ച് മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ ബിജെപി അഭിഭാഷകരായ യശ്പാല്‍, ഓം ശര്‍മ, വിക്രം സിംഗ് ചൗഹാന്‍ എന്നിവര്‍ക്കെതിരേ മനു പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവിധ ഭാഷകളില്‍ നിരവധി ഫോണ്‍ കോളുകളാണ് മനുവിന് ലഭിക്കുന്നത്.

ഇന്നലെ മുതലാണ് മനുവിന് ഭീഷണിയെത്തിത്തുടങ്ങിയത്. ദില്ലിയിലെ ചില പത്രമോഫീസുകളില്‍നിന്നെന്ന പേരിലാണ് മനുവിന് ഫോണ്‍ എത്തിയത്. ബിജെപി അഭിഭാഷകര്‍ക്കെതിരായ പരാതിയില്‍നിന്നു പിന്‍മാറിയില്ലെങ്കില്‍ അപകടമാണെന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്. മനുവിനെ നേരിട്ടു കാണണമെന്നും താമസസ്ഥലം പറഞ്ഞുകൊടുക്കണമെന്നും വിളിച്ചവര്‍ ആവശ്യപ്പെട്ടു. കൈരളി ബ്യൂറോയിലോ പ്രസ്‌ക്ലബിലോ വച്ചു കാണാമെന്നു പറഞ്ഞപ്പോള്‍ വിളിച്ചവര്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

ജെഎന്‍യു പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്താസംഘത്തില്‍ അംഗമാണ് മനുശങ്കരന്‍. ഭീഷണിയെക്കുറിച്ചു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതിനിടെയാണു മനുശങ്കരനെ പട്യാല ഹൗസ് കോടതിയില്‍ മര്‍ദിച്ച സംഘപരിവാറുകാരായ അഭിഭാഷകരെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News