പഠിക്കുന്ന കുട്ടികള്‍ അപകടകാരികളാണ്; കാര്യങ്ങള്‍ പെട്ടെന്നു മനസ്സിലാക്കും; നമുക്ക് സര്‍വകലാശാലകള്‍ വേണ്ട; പാഴ്‌ചെലവാണെന്ന് ജോയ് മാത്യു

സര്‍വകലാശാലകളില്‍ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി പരിഹസിച്ച് സംവിധായകന്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നമുക്ക് സര്‍വകലാശാലകള്‍ വേണ്ട. അത് പാഴ്‌ചെലവാണെന്ന് ജോയ് മാത്യു പറഞ്ഞു. പഠിക്കുന്ന കുട്ടികള്‍ അപകടകാരികളാണ്. അവര്‍ കാര്യങ്ങള്‍ പെട്ടെന്നു മനസ്സിലാക്കും. പഠിക്കാത്ത നമ്മള്‍ ആപത്ത് ക്ഷണിച്ചു വരുത്തലാകും അത്. പിള്ളേരു പഠിച്ച് പുറത്തിറങ്ങിയാല്‍ നമുക്ക് പണികിട്ടും. മനുഷ്യരെ തമ്മിലടിപ്പിക്കാനും യുദ്ധം ചെയ്യിക്കാനും പുതിയ ചോരപ്പുഴകള്‍ക്ക് ചാലുകീറാനും
വിദ്യാഭ്യാസത്തിന്റെ ആവശ്യമേയില്ല. അതുകൊണ്ടാണ് സര്‍വകലാശാലകള്‍ വേണ്ടെന്നു പറയുന്നതെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം;

നമുക്ക് സർവ്വകലാശാലകൾ വേണ്ട
നമുക്ക് സർവ്വകലാശാലകൾ വേണ്ട
ശരിക്കും അതൊരു പാഴ്ചിലവാണ്.
പിള്ളേര് പഠിച്ചുകളയും
പഠിച്ചു കഴിഞ്ഞ് അവർ പുറത്തിറങ്ങിയാൽ
പണികിട്ടും;
അവർക്കല്ല , നമുക്ക്.

വല്ല പാടത്തും പറബത്തും പണിയെടുക്കേണ്ട പിള്ളേർ
നമ്മുടെ ചിലവിൽ പഠിച്ചിറങ്ങിയാൽ
പിന്നെ പാടത്തും പറബത്തും
നമ്മൾ പണിയെടുക്കേണ്ടിവരും

അതാണു പറഞ്ഞത്
സർവകലാശാലകൾ നമുക്ക് വേണ്ട.

പഠിക്കുന്ന കുട്ടികൾ അപകടകാരികളാണ്
അവർ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കും
അതായത് പഠിക്കാത്ത നമ്മൾ ആപത്ത്
ക്ഷണിച്ചു വരുത്തുന്നതു പോലെ .

ആലോചിച്ചു നോക്കൂ,
നമുക്ക് വിദ്യാഭ്യാസമുണ്ടായിട്ടാണോ
നമ്മൾ അധികാരത്തിലെത്തിയത് ?
അധികാരവും വിദ്യാഭ്യാസവും തമ്മിൽ
ഒരു ബന്ധവുമില്ലെന്ന്
ചരിത്രം പഠിച്ചവർക്കറിയാം

മനുഷ്യരെ തമ്മിലടിപ്പിക്കാനും
യുദ്ധം ചെയ്യിക്കാനും
പുതിയ ചോരപ്പുഴകൾക്ക് ചാലുകീറാനും
വിദ്യാഭ്യാസത്തിന്റെ ആവശ്യമേയില്ല

അതുകൊണ്ടാണ് പറയുന്നത്
നമുക്ക് സർവ്വകലാശാലകൾ വേണ്ട

നോക്കൂ,
ചുളുവിൽ ഒപ്പിക്കാവുന്ന ചില
പാഠ്യപദ്ധതികളില്ലേ,
രാഷ്ട്രീയം കളിക്കാനും വിദ്യാഭ്യാസമുണ്ടെന്നു കാണിക്കാനും!
ഇനി അതും പോരേങ്കില്‍ കഷ്ടപ്പെട്ട് പഠിക്കുന്ന പിള്ളേരുടെ
തലമണ്ടക്ക് മുകളിലൂടെ പറന്ന്
കൈക്കലാക്കാൻ ഡി.ലിറ്റുകൾ എത്ര വേണം?
അധികാരമുള്ളപ്പോള്‍ അതിനാണോ തടസ്സം!

വിദ്യാഭ്യാസമില്ലാത്ത നമ്മൾ,
നോക്കൂ,
എത്ര അന്തസ്സായിട്ടാണ്

കാര്യങ്ങൾ നടത്തുന്നത്…
ഓരോ രാജ്യത്ത് ചെല്ലുബോഴും നാം
അവരുടെ രീതിക്കനുസരിച്ച് പെരുമാറുന്നു:
മാർപാപ്പയെ കാണുബോൾ കുരിശു വരക്കാനും
അറബിയെ കാണുബോൾ കെട്ടിപ്പിടിച്ചുമ്മവെക്കാനും
കാപ്പിരിയെക്കാണുബോൾ ഒപ്പം നൃത്തം ചെയ്യാനും
സായ്പിനെ കാണുബോൾ കവാത്ത് മറക്കാനും
നമ്മൾ പഠിച്ചത് ഏതു സർവ്വകലാശാലയിൽ നിന്നാണ് ?

ഇപ്പോഴുള്ളത് അത്തരം ഗുരുകുലങ്ങളേ അല്ലെന്നേ;
ഗുരുവിന്റെ കാലു തിരുമ്മാനും
ഗുരുപത്നിക്കു വെള്ളം കോരാനും
ഈ പിള്ളാരെ കിട്ടില്ലത്രെ;
ഗുരുവും ശിഷ്യരും ഒറ്റക്കെട്ടാണത്രെ!

എവിടെ യുദ്ധം നടന്നാലും
ഇവർ യുദ്ധവിരുദ്ധരാകും
എവിടെ സ്ത്രീകളെയും കുട്ടികളെയും ദളിതരെയും
പീഢിപ്പിക്കുന്നുവോ ഇവർ ആദ്യം കലാപം തുടങ്ങും
കര്‍ഷകരേയും തൊഴിലാളികളേയും
ഇവർ ആവശ്യമില്ലാതെ ബഹുമാനിച്ചുകളയും

അതേസമയം
നമ്മെ പരിഹസിക്കും
നമ്മുടെ കുപ്പായത്തിലെ സ്വർണ്ണനൂലിന്റെ എണ്ണം
തെറ്റി എന്ന് പറഞ്ഞു
നമ്മളെ അല്പന്മാരാക്കും

അതാണു പറഞ്ഞതു
നമുക്ക് സർവ്വകലാശാലകൾ വേണ്ട

ഈ പിള്ളേര് മുഴുവൻ രാജ്യദ്രോഹികളാ
ഫ്രാൻസിലും ചൈനയിലും ക്യൂബയിലും ചിലിയിലും
ഒക്കെ ഇവന്മാരാ പലതും തുടങ്ങി വെച്ചത്
അതുകൊണ്ടാണ് ഇവരെ സൂക്ഷിക്കണം എന്ന് പറയുന്നത്
അതുമല്ല,
ഇവർ പുസ്തകങ്ങൾ എഴുതിക്കളയും
പ്രത്യേകിച്ച്, ചരിത്ര പുസ്തകങ്ങൾ
അതിൽ നമ്മളെ വിഡ്ഢികളും രാജ്യദ്രോഹികളുമാക്കും

പിന്നെ ഇവർ പഠിച്ച് പഠിച്ചു
പലതും കണ്ടുപിടിച്ചു കളയും
എന്തിന്, ദൈവം ഇല്ല എന്ന് വരെ
ഈ പിള്ളേർ സ്ഥാപിച്ചു കളയും

അതിനാൽ നമുക്ക് സർവ്വകലാശാലകൾ വേണ്ട

നമുക്ക്
ഗുരുകുല വിദ്യാഭ്യാസവും
മദ്രസ പഠനവും സണ്‍ഡേ സ്കൂളും മതി

പിള്ളേര് പഠിച്ചാൽ നമുക്ക് പണികിട്ടും
അതിനാൽ
എല്ലാ സർവ്വകലാശാലകളും
തൊഴുത്തുകളാക്കുവാനും
പിള്ളേരെ മുഴുവൻ പശുപാലകരാക്കുവാനും
നമുക്ക് തീരുമാനിക്കാം

വരുംകാലത്ത് ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ
നിന്നും തലപൊക്കി നോക്കുബോൾ
നമുക്കു കാണാൻ
ഒരു തൊഴുത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News