മലയാളത്തിന് മറക്കാനാകാത്ത 5 വില്ലന്‍മാര്‍

സിനിമ എന്നാല്‍ നായകന്‍ എന്നാണ്. എവിടെയും ഏത് സിനിമയിലും നായകന്റെ നിഴലില്‍ ഒതുങ്ങിപ്പോകുന്ന നായകന്റെ ഇടി കൊള്ളാനും മാത്രം വിധിക്കപ്പെട്ടവരാണ് വില്ലന്‍മാര്‍. എന്നാല്‍, മലയാളത്തിന് കുറച്ചു വില്ലന്‍മാരുണ്ട്. ഇപ്പോഴും മലയാളികളുടെ മനസ്സില്‍ വെള്ളിവെളിച്ചം വിതറി നില്‍ക്കുന്ന ചില വില്ലന്‍മാര്‍. നായകന്റെ നിഴലില്‍ ഒതുങ്ങിപ്പോകാതെ ഇന്നും മലയാളിക്ക് പ്രിയങ്കരന്‍മാരായി മാറിയ ആ വില്ലന്‍മാരെ പരിചയപ്പെടാം.

1. ജോസ് പ്രകാശ്


‘എന്റെ മുതലക്കുഞ്ഞുങ്ങള്‍’ എന്ന ഡയലോഗിന്റെ അകമ്പടിയോടെ മാത്രം മലയാളം ഓര്‍ക്കുന്ന വില്ലന്‍. ജോസ് പ്രകാശ്. മലയാള സിനിമയുടെ സ്റ്റാര്‍ വില്ലന്‍ എന്ന പേരിന് ഉടമയായ വില്ലന്‍. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ മാത്രം മലയാളത്തില്‍ സ്വന്തമായ ഇടം സൃഷ്ടിച്ച വില്ലന്‍. ജോസ് പ്രകാശ് എന്നു കേട്ടാല്‍ കോട്ടും സ്യൂട്ടുമിട്ട് കറുത്ത ഗ്ലാസും വച്ച് പൈപ്പ് വലിച്ചു വരുന്ന വെളുത്ത രൂപമാണ് ആദ്യം ഓര്‍മ വരുക. 1969-ല്‍ ഓളവും തീരവും എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് ജോസ് പ്രകാശ് ആദ്യമായി വില്ലന്‍ വേഷം അണിയുന്നത്. അവിടുന്നങ്ങോട്ട് മലയാളത്തിലെ എണ്ണപ്പെട്ട വില്ലനിലേക്ക് ജോസ് പ്രകാശിന്റെ യാത്ര തുടങ്ങുകയായിരുന്നു. മരണശേഷവും ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച വില്ലന്‍ ആരെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം ജോസ് പ്രകാശ്.

2. ബാലന്‍ കെ നായര്‍


ബലാല്‍സംഗ സീനുകളിലൂടെയാണ് ബാലന്‍ കെ നായരെ മലയാളിക്ക് ഓര്‍മ. കരുത്തുറ്റ വില്ലന്‍ കഥാപാത്രങ്ങളായിരുന്നു എക്കാലവും ബാലന്‍ കെ നായരെ തേടിയെത്തിയത്. മലയാളം സിനിമയിലേക്ക് കടന്നുവരുന്നതിനു മുമ്പ് ബോളിവുഡില്‍ ദേവ് ആനന്ദിന്റെ ഡ്യൂപ്പ് ആയിരുന്നു അദ്ദേഹം. 70 കളുടെ മധ്യത്തോടെയാണ് ബാലന്‍ കെ നായര്‍ മലയാളത്തില്‍ വില്ലന്‍ വേഷങ്ങളില്‍ സജീവമാകുന്നത്. മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍താരം ജയന്‍ അവാസനമായി അഭിനയിച്ച കോളിളക്കത്തില്‍ വില്ലനായി അഭിനയിച്ചത് ബാലന്‍ കെ നായരായിരുന്നു.

3. ടി.ജി രവി


1970 കളുടെ അവസാനത്തോടെയാണ് ടി.ജി രവി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. മലയാളത്തിലെ ഏറ്റവും ചീത്തമനുഷ്യന്‍ എന്ന ലേബലില്‍ പില്‍ക്കാലത്ത് ടി.ജി രവി അറിയപ്പെട്ടു. ബലാല്‍സംഗസീനുകളില്‍ അഭിനയിച്ചതിന് ഒരുകാലത്ത് സ്ത്രീകള്‍ തന്നെ കണ്ടാല്‍ പൊതുസമൂഹത്തില്‍ നിന്ന് പോലും മാറി നടന്നിരുന്നെന്ന് രവി ഓര്‍ത്തെടുക്കുന്നുണ്ട്. 80കളുടെ തുടക്കം മുതല്‍ രവി ഇല്ലാതെ സിനിമ ഇല്ല എന്ന അവസ്ഥയിലേക്ക് സിനിമ എത്തി. വില്ലന്‍ എന്ന ലേബലില്‍ രവിക്ക് ചിരപ്രതിഷ്ഠ നേടിക്കൊടുത്തത് ചാകര എന്ന സിനിമയിലെ ഷാജി എന്ന കഥാപാത്രമാണ്. പറങ്കിമലയിലെ വില്ലന്‍ വേഷം പ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹത്തിന് പ്രത്യേക ഇഷ്ടം നേടിക്കൊടുത്തു. 27 വര്‍ഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തിയത് വര്‍ഷത്തിലെ വില്ലന്‍ വേഷത്തിലൂടെ ആയിരുന്നു.

4. നരേന്ദ്രപ്രസാദ്


തനതായ ശരീരഭാഷയിലൂടെയും സംഭാഷണ ശൈലിയിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ വില്ലനാണ് നരേന്ദ്രപ്രസാദ്. കരുത്തുറ്റ കഥാപാത്രവും മൃദുവായ സംഭാഷണവും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി. ‘തലസ്ഥാന’ത്തിലെ ജിപിയുടെ വേഷം നരേന്ദ്രപ്രസാദിനെ മലയാളത്തിലെ വലിയ വില്ലന്‍മാരുടെ പട്ടികയിലേക്ക് ഉയര്‍ത്തി. ഏകലവ്യനിലെ ആള്‍ദൈവവും ആറാംതമ്പുരാനിലെ കുളപ്പുള്ളി അപ്പനും ഇന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

5. രാജന്‍ പി ദേവ്


ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്ത വില്ലനായിരുന്നു രാജന്‍ പി ദേവ്. കാര്‍ലോസ് എന്ന ഇരട്ടപ്പേരിലും രാജന്‍ പി ദേവ് അറിയപ്പെട്ടു. ആരോടും ദയയില്ലാത്ത ശരീരഭാഷയും കാര്‍ക്കശ്യം നിറഞ്ഞ ശബ്ദവും രാജന്‍ പി ദേവിന് സിനിമയിലെ വില്ലന്‍ വേഷങ്ങളില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു. 90കളുടെ മധ്യം മുതല്‍ ഇറങ്ങിയ ചിത്രങ്ങളില്‍ മിക്കതിലും രാജന്‍ പി ദേവ് വില്ലന്‍ വേഷത്തില്‍ നിറഞ്ഞു. വില്ലന്‍ എന്നതിനു പുറമേ കോമഡി റോളുകളിലും സഹനടനായും എല്ലാം അദ്ദേഹം വേഷമിട്ടു. ഏത് റോളും തനിക്ക് വഴങ്ങും എന്ന് അദ്ദേഹം തെളിയിച്ചു. അഴിമതിക്കാരനായ പൊലീസ് ഒഫീസറും നീതിമാനല്ലാത്ത മന്ത്രിയുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പല വില്ലന്‍ റോളുകളും. ചില ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News