യേശുവിനെയും ഹിന്ദുവാക്കി സംഘപരിവാര്‍; ക്രിസ്തു തമിഴ് ഹിന്ദു; പേര് കേശവ് കൃഷ്ണ; ഇരുണ്ട നിറം; ഒടുവില്‍ സമാധിയായെന്നും സവര്‍ക്കറുടെ അനുജന്റെ പുസ്തകം

മുംബൈ: ഒടുവില്‍ അവര്‍ യേശുക്രിസ്തുവിനെയും ഹിന്ദുവാക്കി. ക്രിസ്തു തമിഴ് ബ്രാഹ്മണനാണ്. പേര് കേശവ് കൃഷ്ണ. തമിഴാണ് മാതൃഭാഷ. ഇരുണ്ട നിറമുള്ള ശരീരത്തിന്റെ ഉടമ. അന്ത്യം സമാധി രൂപത്തിലായിരുന്നു. ഉയിര്‍ത്തെണീറ്റത് ഹിമാലയത്തിലെ പച്ചില മരുന്നുകളുടെ ചികിത്സ കൊണ്ടാണ്. ആര്‍എസ്എസ് സ്ഥാപകന്‍ വിഡി സവര്‍ക്കറുടെ സഹോദരന്‍ ഗണേശ് സവര്‍ക്കറുടെ പുസ്തകത്തിലാണ് ക്രിസ്തുവിനെക്കുറിച്ചുള്ള പരാമര്‍ശം.

ക്രിസ്തുമതം ഹിന്ദുമതത്തില്‍നിന്ന് ഉരുത്തിരിഞ്ഞതാണ് എന്ന് പുസ്തകത്തില്‍ പറയുന്നു. കശ്മീരിലാണ് യേശു മരിച്ചത് എന്നാണ് പുസ്തകത്തിലെ മറ്റൊരു വിവാദ വിവാദ പരാമര്‍ശം. ഒപ്പം യേശുവിന്റെ മരണം സമാധിയായിരുന്നു എന്നും പുസ്തകത്തില്‍ വിശദീകരിക്കുന്നു. കുരിശില്‍ തറയ്ക്കപ്പെട്ട ക്രിസ്തുവിനെ ഹിമാലയത്തിലെ പച്ചമരുന്നുകള്‍ കൊണ്ടു ശുശ്രൂഷിച്ചാണ് ഉയിര്‍ത്തെഴുന്നേറ്റത്. ഇന്ത്യയില്‍ വന്നാണ് ക്രിസ്തു യോഗ പഠിച്ചത്. പലസ്തീനും അറബ് ദേശവും ഉള്‍പ്പെടുന്ന പ്രദേശം ഹിന്ദു ഭൂമി ആയിരുന്നു എന്നുമാണ് പുസ്തകത്തിലെ മറ്റ് പരാമര്‍ശങ്ങള്‍.

1946ല്‍ പ്രസിദ്ധീകരിച്ച വിവാദ പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കാനാണ് നീക്കം. ഫെബ്രുവരി 26ന് മുംബൈയിലാണ് പുസ്തകത്തിന്റെ പ്രകാശനം. സവര്‍ക്കറുടെ ചരമവാര്‍ഷിക ദിനത്തിലാണ് പുനപ്രകാശനം. സവര്‍ക്കര്‍ സ്മാരക സംഘടനയുടെ അധ്യക്ഷനായ രഞ്ജിത് സവര്‍ക്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here