കര്‍മ്മബന്ധത്തിന്റെ ഏതു ചരടു കൊണ്ടായിരിക്കും ഖസാക്കിനേയും കൊടുങ്ങല്ലൂരിനേയും ബന്ധിപ്പിച്ചിരിക്കുക? അല്ലെങ്കില്‍ ഖസാക്കിന്റെ ഇതിഹാസം കൊടുങ്ങല്ലൂരില്‍ തുമ്പികളായി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സാധ്യതയില്ലല്ലോ.
മലയാള സാഹിത്യത്തിലെ ഏറ്റവും ഉജ്ജ്വലമായ കൃതിയായ ഖസാക്കിന്റെ ഇതിഹാസം മലയാള നാടക ചരിത്രത്തിലെ തന്നെ മികച്ച തിയ്യറ്റര്‍ അനുഭവമായി പുനരാവിഷ്‌കരിച്ചത്, ദില്ലി അംബേദ്കര്‍ സര്‍വ്വകലാശാലയിലെ പെര്‍ഫോര്‍മിങ്ങ് ആര്‍ട്ട് അസോസിയേറ്റ് പ്രൊഫസറും അന്താരാഷ്ട്ര തലത്തില്‍ അനവധി നാടകങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനുമായ ദീപന്‍ ശിവരാമനാണ്. തൃക്കരിപ്പൂര്‍ കെഎംകെ സ്മാരക കലാസമിതിയാണ് നാടകം അരങ്ങിലെത്തിക്കുന്നത്. നാടകത്തെ സ്‌നേഹിക്കുന്ന, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ഒരു പറ്റം ആളുകളുടെ കൂട്ടായ പരിശ്രമം കൂടിയാണ് ഈ നാടകം.
ദീപന്‍ ശിവരാമനാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. വയാറ്റുമ്മല്‍ ചന്ദ്രനാണ് സംഗീതം. ജോസ് കോശിയാണ് ദീപാലങ്കാരം. രാജീവന്‍ വെള്ളൂര്‍, സി കെ സുധീര്‍, കെ വി കൃഷ്ണന്‍, വിജയന്‍ അക്കാളത്ത്, പി സി ഗോപാലകൃഷണന്‍, കുമാര്‍ പരിയാച്ചേരി, രാജേഷ് മുട്ടത്ത്, വിജേഷ് മുട്ടത്ത്, ഡോ. താരിമ, ശ്രീജ, അശ്വതി, ബാലാമണി, ഗാന, മാളവിക, പാര്‍വതി, അനുരാജ് തുടങ്ങിയവര്‍ വേഷമിടുന്നു.
എടാട്ടുമണ്ണിലും തൃശ്ശൂര്‍ അന്താരാഷ്ട്ര നാടകോത്സവത്തിലും മലയാള നാടകത്തിന്റെ വിസ്മയചരിത്രമായി ഇതിഹാസം അവതരിക്കപ്പെട്ടു . അള്ളാപ്പിച്ചാ മൊല്ലാക്കയും നൈസാമലിയും കുപ്പുവച്ചനും കുട്ടാടന്‍ പൂശാരിയും അപ്പു കിളിയും മൈമുനയും ഖസാക്ക് ഒന്നടങ്കം രവിയോടൊപ്പം സദസ്യരുമായി ഇതിഹാസം പങ്കുവെച്ചു .
ഖസാക്ക് ഒരു നാടകമല്ല, അത് ഒരു സംസ്‌കാരമാണ് . ആ ഓര്‍മ്മപ്പെടുത്തലുമായി ഇതിഹാസം വീണ്ടുമെത്തുന്നത് കൊടുങ്ങല്ലൂരിലേക്കാണ് . ഐതിഹ്യപ്പെരുമ കൊണ്ട് കണ്ണകിയുടെ പ്രതികാരാഗ്‌നി പോല്‍ ജ്വലിച്ചു നില്‍ക്കുന്ന കൊടുങ്ങല്ലൂരില്‍ , അറബികളും റോമാക്കാരും ജൂതന്‍മാരും വന്ന് ചരിത്രമെഴുതിയ അതേ മുസിരിസ്സ് പട്ടണത്തില്‍ അലിഞ്ഞു ചേര്‍ന്ന ഖസാക്കിനെ കണ്ടെത്താനായി ദീപന്‍ ശിവരാമനും കൂട്ടരും ഈ വരുന്ന ഏപ്രിലില്‍ എത്തുന്നു.
മറ്റൊരു ഇതിഹാസപുരമായി മാറാന്‍ കൊടുങ്ങല്ലൂര്‍ ഒരുങ്ങുന്നു . അതിനുള്ള കൂട്ടായ പരിശ്രമത്തിലാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയും ബഹദൂര്‍ സ്മാരക ട്രസ്റ്റും. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരികമായ ഒട്ടേറെ സംഭാവനകള്‍ കേരളത്തിന് നല്‍കിയ കൊടുങ്ങല്ലൂര്‍ ഇതിഹാസത്തിന്റെ വരവിനായ് മുന്നൊരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.
കൊടുങ്ങല്ലൂര്‍ നഗരത്തിന്റെ മുഖച്ഛായ മാറി കൊണ്ടിരിക്കുകയാണ്. ഓരോ മതിലുകളും വെള്ള പൂശി അവിടെ ഖസാക്കുകാര്‍ പുനര്‍ജ്ജനിക്കുന്നു. കര്‍മ്മബന്ധത്തിന്റെ ഒരേ ചരടിനാല്‍ ബന്ധിക്കപ്പെട്ട കൊടുങ്ങല്ലൂരിനകത്തും പുറത്തുമുള്ള കുട്ടികളും മുതിര്‍ന്നവരുമായ കലാകാരന്‍മാര്‍ ഒഴുകിയെത്തുന്നു, ചരിത്രത്തിലൊരു കയ്യൊപ്പ് ചാര്‍ത്താന്‍. ഇവിടെ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത് ഒരു നാടകം മാത്രമല്ല, തലമുറകള്‍ കൈമാറാന്‍ പാകത്തിനുള്ള ഇതിഹാസവും കൂടിയാണ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post