സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കു വീണ്ടും തിരിച്ചടി; ഉമ്മന്‍ചാണ്ടിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ പരാതി വിജിലന്‍സ് കോടതി തള്ളി

തൃശൂര്‍: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ഗൂഢാലോചന നടന്നെന്ന പരാതി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. ഓള്‍കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഇതോടെ, സോളാര്‍ കേസ് ഗൂഢാലോചനയാണെന്ന കോണ്‍ഗ്രസിന്റെയും ഉമ്മന്‍ചാണ്ടിയുടെയും വാദമാണ് പൊളിയുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ പരാതി. സോളാര്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചന നടന്നതാണെന്നു സ്ഥിരീകരിക്കാന്‍ കഴിയും വിധം തെളിവുകളൊന്നുമില്ലെന്നു കണ്ടെത്തിയാണ് പരാതി കോടതി തള്ളിയത്.

സോളാര്‍ കമ്മീഷനു മുമ്പാകെ സരിത എസ് നായര്‍ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിന്നാലെയാണ് കേസില്‍ തനിക്കെതിരേ ഗൂഢാലോചന നടന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശവാദം ഉന്നയിച്ചത്. സര്‍ക്കാരിനെ അട്ടിമറിക്കാനും തന്നെ കേസില്‍ കുടുക്കാനും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിനു പിന്നില്‍ ഇ പി ജയരാജനു പങ്കുണ്ടെന്നുമായിരുന്നു ആരോപണം. ഉമ്മന്‍ചാണ്ടിക്കെതിരേ ഗൂഢാലോചന നടന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയും ആരോപിച്ചിരുന്നു.

യുഡിഎഫിനും കോണ്‍ഗ്രസിനും ഉമ്മന്‍ചാണ്ടിക്കും കടുത്ത തിരിച്ചടിയായാണ് തൃശൂര്‍ വിജിലന്‍സ് കോടതി വിധി പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഉമ്മന്‍ചാണ്ടി വീണ്ടും പ്രതിരോധത്തിലായി. തനിക്കെതിരായി കേസ് ശക്തമാകുമ്പോള്‍ അതിനു പിന്നില്‍ സിപിഐഎമ്മിന്റെയും ബാര്‍ ഉടമകളുടെയുമെല്ലാം ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ ന്യായം വിലപ്പോവില്ലെന്നും വ്യക്തമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News