കായല്‍ കയ്യേറ്റം; ജയസൂര്യയ്‌ക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

കൊച്ചി: ചെലവന്നൂര്‍ കായല്‍ കൈയേറി നിര്‍മ്മാണം നടത്തിയെന്ന കേസില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ മബവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. കേസില്‍ അഞ്ചാം പ്രതിയാണ് ജയസൂര്യ. മൂവാറ്റുപുഴ ഡിവൈ.എസ്പിയോടാണ് അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കൊച്ചിന്‍ കോര്‍പറേഷന്‍ മുന്‍ സെക്രട്ടറി വി.ആര്‍ രാജുവാണ് ഒന്നാം പ്രതി. മുന്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍.എം ജോര്‍ജും കേസില്‍ പ്രതിയാകും. ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതായും കോടതി വ്യക്തമാക്കി. അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എ.നിസാര്‍, കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വേയര്‍ രാജീവ് ജോസഫ് എന്നിവര്‍ക്കെതിരെ നിലവില്‍ തെളിവില്ലെങ്കിലും അന്വേഷണത്തിനിടെ തെളിവു ലഭിച്ചാല്‍ പ്രതിചേര്‍ക്കാമെന്നും കോടതി വ്യക്തമാക്കി.

ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൊച്ചു കടവന്ത്ര ഭാഗത്ത് കയ്യേറി, തീരദേശ സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിച്ച് സ്വകാര്യ ബോട്ട്‌ജെട്ടിയും ചുറ്റുമതിലും 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും നിര്‍മ്മിച്ചുവെന്നാണ് പരാതി. ജയസൂര്യ കായല്‍ കൈയേറിയതായി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മൂന്ന് സെന്റിലധികം ഭൂമി കൈയേറിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.

സ്ഥലം പരിശോധിച്ച കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2014 ഫെബ്രുവരി 28ന് അനധികൃത നിര്‍മാണം പൊളിച്ചു നീക്കണമെന്ന് നഗരസഭ ഉത്തരവിട്ടിരുന്നു. എന്നാല്‍ ജയസൂര്യ ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് പരാതിക്കാരന്‍ ഡിസംബര്‍ 19ന് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News