പതിനഞ്ചാം വയസില്‍ ട്രെയിനില്‍നിന്നുള്ള വീഴ്ച അവളെ വീഴ്ത്തിയില്ല; രണ്ടു കാലും ഇല്ലാതിരുന്നിട്ടും എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം അവള്‍ ഡോക്ടറായി ലോകത്തോടു പകരം വീട്ടി

ദിവസം റൗഷാന്‍ ജവ്വാദെന്ന പെണ്‍കുട്ടി ഒരുകാലത്തും മറക്കില്ല. 2008 ഒക്ടോബര്‍ 16, പതിനഞ്ചു വയസുകാരിയുടെ ആകാശം മുട്ടുന്ന സ്വപ്‌നങ്ങളെ ലോക്കല്‍ ട്രെയിന്‍ ഒരു നിമിഷം കൊണ്ട്് പുറത്തേക്കു വലിച്ചെറിഞ്ഞ ദിനം. വാതില്‍പടിയിലെ പിടിവിട്ടു വീണ റൗഷാന്റെ രണ്ടു കാലുകളും അരയ്ക്കു കീഴ്‌പോട്ടു നഷ്ടമായി. പരീക്ഷ കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിന്റെ വാതില്‍പിടിയിലെ കൈവിട്ടു താഴേക്കു വീണ റൗഷാന്‍ തോല്‍ക്കാന്‍ ഒരുക്കമായിരുന്നില്ല. പിന്നീടു വന്ന ഓരോ പരീക്ഷകളും ജയിച്ച് ഇനി അവള്‍ ഡോക്ടറാണ്. ഡോ. റൗഷാന്‍ ജവ്വാദ്.

അപകടത്തില്‍ മൂട്ടിനു കീഴ്‌പോട്ട് ഇരു കാലുകളും മുറിച്ചു മാറ്റിയ റൗഷാന് ജീവിതത്തിലാകെ നിറമുള്ള സ്വപ്‌നങ്ങളായിരുന്നു. കാലുകള്‍ ഇല്ലാത്തത് തനിക്കൊര തടസമാണെന്ന് അവള്‍ ഒരിക്കലും ഓര്‍ത്തില്ല. ചിന്തിച്ചില്ല. കാലുകളില്ലാതെ സ്വപ്‌നച്ചിറകിലേറെ പറക്കാന്‍ കൊതിച്ച പെണ്‍കുട്ടിക്കു മുന്നില്‍ ഉദ്യോഗസ്ഥ ചുവപ്പുനാടകളും പരീക്ഷ തീര്‍ത്തു. 88 ശതമാനം വികലാംഗയെന്നു വിധിയെഴുതിയ റൗഷാന് മെഡിസിന്‍ പഠനത്തിന് യോഗ്യയല്ലെന്നായിരുന്നു സര്‍ക്കാരിന്റെ കണ്ടെത്തല്‍. എഴുപതു ശതമാനം അംഗവൈകല്യമുള്ളവര്‍ക്കു പ്രവേശനപരീക്ഷ പോലും കൂടാതെ മെഡിസിന്‍ പ്രവേശനം നല്‍കണമെന്ന നിയമമുള്ള സംസ്ഥാനത്താണ് റൗഷാന് നീതി നിഷേധിച്ചത്.

ഉദ്യോഗസ്ഥ ചുവപ്പുനാടയോടു പൊരുതാന്‍ തന്നെയായിരുന്നു റൗഷാന്റെ തീരുമാനം. പത്താം ക്ലാസില്‍ 92.15 ശതമാനം മാര്‍ക്കു നേടിയ റൗഷന് നഷ്ടമായ രണ്ടു കാലുകളുടെ പേരില്‍ തന്റെ സ്വപ്‌നങ്ങളെ ബലികഴിക്കാനാവില്ലായിരുന്നു. ബോംബെ ഹൈക്കോടതിയില്‍ നിയമപ്പോരാട്ടം നടത്തിയാണ് മെഡിസിന്‍ പഠനത്തിന് അനുമതി വാങ്ങിയത്. മുംബൈ കെഇഎം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു എംബിബിഎസ് പഠനം.

കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് റൗഷാന്‍ പഠനം നടത്തിയത്. കോടതിയില്‍ കേസ് എത്തിയപ്പോള്‍ സര്‍ക്കാര്‍ ശക്തിയുക്തം എതിര്‍ത്തു. കോടതിയിലെത്തിയ പെണ്‍കുട്ടിക്ക് എന്തുകൊണ്ടു കോളജില്‍ ക്ലാസിലെത്താനാകില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷായുടെ ചോദ്യം. കോളജിനും സര്‍ക്കാരിനും ഉത്തരം മുട്ടിയ ചോദ്യത്തിനു മുന്നില്‍ റൗഷാന് പ്രവേശനം നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. എംഡിക്കു പഠിക്കാനാണ് റൗഷാന്റെ തീരുമാനം. ജോഗേശ്വരിയിലെ പച്ചക്കറി കച്ചവടക്കാരന്‍ ജവാദ് ഷെയ്ഖിന്റെ മകളാണ് റൗഷാന്‍. നാലു സഹോദരങ്ങളുണ്ട്. അന്‍സാരി ഖാട്ടൂണാണ് മാതാവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News