യുവതിയെ പൊലീസുകാര്‍ നോക്കിനില്‍ക്കെ 45 മിനുട്ട് ബസിനുള്ളില്‍ പൂട്ടിയിട്ടു; കണ്ടക്ടര്‍ക്കെതിരെ കേസ്

ബംഗളൂരു: കണ്ടക്ടറുമായി തര്‍ക്കിച്ചതിന് യുവതിയെ മുക്കാല്‍ മണിക്കൂറോളം ബസിനുള്ളില്‍ പൂട്ടിയിട്ടു. ബംഗളൂരു മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്നാണ് യുവതിയെ പൂട്ടിയിട്ടത്. കേസില്‍ ബസ് കണ്ടക്ടര്‍ ഉമാശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമാശങ്കറിനെതിരെ ഐപിസി 341, 342 വകുപ്പുകള്‍ പ്രകാരം ബലമായി തടങ്കലില്‍ വെച്ചതിന് കേസെടുത്തു. ഒരുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പെണ്‍കുട്ടിയുടെ പുരുഷ സുഹൃത്തിനെതിരെ ഉമാശങ്കറും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ബിഎംസിടിയുടെ കെഎ 8022, 402 ബി നമ്പര്‍ ബസില്‍ കഴഞ്ഞ ദിവസമാണ് സംഭവം. യുവതിയോടൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് കണ്ടക്ടറോട് തര്‍ക്കിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ ക്ഷുഭിതനായ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനു സമീപം നിര്‍ത്തി. തുടര്‍ന്ന് പൊലീസുകാരും നോക്കിനില്‍ക്കെ യുവതിയെ ബസില്‍ പൂട്ടിയിടുകയായിരുന്നു. 45 മിനുട്ടാണ് പൂട്ടിയിട്ടത്. ഇതിനിടെ ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങിപ്പോയ സുഹൃത്ത് തിരിച്ചു വന്നാല്‍ മാത്രമേ വിട്ടയയ്ക്കൂ എന്നും കണ്ടക്ടര്‍ പറഞ്ഞു. കണ്ടക്ടറും പൊലീസും ആവര്‍ത്തിച്ചു ചോദിച്ചിട്ടും യുവതി സുഹൃത്തിനെ കുറിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല.

ഇത് അവരെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചു. മറ്റു ചില സുഹൃത്തുക്കള്‍ കൂടി വന്ന ശേഷമാണ് യുവതിയെ വിട്ടയച്ചത്. ഇതിനുശേഷം യുവതിയുടെ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു. ചുരുങ്ങിയത് 10 വര്‍ഷം വരെ കേസുമായി കോടതി കയറിയിറങ്ങേണ്ടി വരുമെന്ന് പറഞ്ഞ് ഇന്‍സ്‌പെക്ടര്‍ തന്നെ നിരുത്സാഹപ്പെടുത്തിയെന്നും യുവതി പറയുന്നു. ബസില്‍ പൂട്ടിയിട്ടത് വീഡിയോയില്‍ പകര്‍ത്തിയ യുവതി അത് ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. തന്റെ കൂടെ ലേഡിസ് സീറ്റില്‍ ഇരിക്കുകയായിരുന്ന സുഹൃത്ത് അവിടെ നിന്നെഴുന്നേറ്റ് ബസിന്റെ പടിയില്‍ ഇരുന്നതിനാണ് കണ്ടക്ടറും യുവാവുമായി വഴക്കുണ്ടായതെന്ന് യുവതി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here