റെയില്‍ ബജറ്റ് നിരാശപ്പെടുത്തിയെന്ന് കേരള എംപിമാര്‍; കേന്ദ്രം പൂര്‍ണമായും സംസ്ഥാനത്തെ തഴഞ്ഞുവെന്ന് ആക്ഷേപം

ദില്ലി: റെയില്‍ ബഡ്ജറ്റില്‍ ഇത്തവണയും കേരളത്തിന് അവണന.പാലക്കാട് കോച്ച് ഫാക്ടറിക്ക് തുക വകയിരുത്തിയില്ല. സംസ്ഥാന സഹകരണത്തിലുള്ള സബര്‍ബന്‍ ട്രെയിന്‍ പദ്ധിക്ക് മാത്രമാണ് പച്ചക്കൊടി ലഭിച്ചത്. ബഡ്ജറ്റ് നിരാശാജനകമെന്ന് കേരള എംപിമാര്‍ പ്രതികരിച്ചു.

ഇത്രയേറെ നിരാശാജനകമായ ബഡ്ജറ്റ് ഉണ്ടായിട്ടില്ല. പാര്‍ലമെന്റ് അനുഭവത്തില്‍ കേരളത്തെ ഇത്രയധികം അവഗണിച്ച ബഡ്ജറ്റ് ഉണ്ടാകില്ലെന്നും സിപിഐഎം ലോക്‌സഭാ നേതാവ് പി കരുണാകരന്‍ പറഞ്ഞു. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാതെയും ഭാവിയില്‍ ഗുണം ചെയ്യുമെന്ന് സൂചന പോലും നല്‍കാത്തതുമായ ബഡ്ജറ്റാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും കേരളത്തെ കണ്ടില്ലെന്ന് നടിച്ചുവെന്നും ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

ഇന്ത്യന്‍ റെയില്‍വേയുടെ യഥാര്‍ത്ഥ ധനസ്ഥിതി സംബന്ധിച്ച യാതൊരു വിവരവും വ്യക്തമാക്കാത്ത ബഡ്ജറ്റാണിത് എന്നും കേരളം ഇന്ത്യയുടെ ഭാഗമാണമെന്ന് പോലും പരിഗണിക്കാത്തത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നത് എന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

നിലവില്‍ ഉള്ള ചെറിയ ചെറിയ കാര്യങ്ങള്‍ വലുതാക്കി കാണിച്ചുള്ള ബഡ്ജറ്റായിരുന്നുവെന്നും കേരളത്തെ പൊതുവേ നിരാശപ്പെടുത്തിയെന്നും കെസി വേണുഗോപാല്‍ എംപി കുറ്റപ്പെടുത്തി. സംസ്ഥാന സഹകരണത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് പോലും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും പ്രതികരിച്ചു. കേരളത്തോട് മുഖം തിരിച്ച അത്യന്തം നിരാശാജനകമായ ബഡ്ജറ്റാണിതെന്ന് പികെ ശ്രീമതി എംപി പറഞ്ഞു.

റെയില്‍ ബഡ്ജറ്റില്‍ കേരളത്തിന് നിരാശ മാത്രമാണ്. ബജറ്റില്‍ സംസ്ഥാനത്തിനായി പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചില്ല. പ്രതീക്ഷയര്‍പ്പിച്ചിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി നിര്‍മ്മാണത്തിനും ചേര്‍ത്തല വാഗണ്‍ നിര്‍മ്മാണയൂണിറ്റിനും ബഡ്ജറ്റില്‍ ഇടം കണ്ടെത്താനായില്ല.

സംസ്ഥാന സഹകരണത്തില്‍ തിരുവനന്തപുരം ചെങ്ങന്നൂര്‍ സബര്‍ബന്‍ ട്രെയിന്‍ പദ്ധതി നടപ്പാക്കുമെന്ന് റെയില്‍മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചത് മാത്രമാണ് ആശ്വാസം. നിലവിലുള്ള ഇരട്ടപാതയില്‍ ഓട്ടോമാറ്റിക് സിഗനല്‍ സംവിധാനം ഏര്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കും. ശബരി പാതക്കായി 20കോടി രൂപ വകയിരുത്തി. ചെങ്ങന്നൂര്‍ സ്‌റ്റേഷന്‍ പില്‍ഗ്രിമേജ് ആയി ഉയര്‍ത്തും. അടിസ്ഥാന സൗകര്യ വികസനത്തിനായാണ് കേരളത്തിന് കുറച്ചെങ്കിലും തുക അനുവദിച്ചത്.

തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 320കോടി രൂപ. എറണാകുളം സ്റ്റേഷനില്‍ പിഗ്‌ലൈന്‍ നിര്‍മ്മാണത്തിനായി 3.5 കോടി രൂപ, മുളന്തുരുത്തി – കുറുപ്പുന്തുറ പാത ഇരട്ടിപ്പിക്കലിനായി 27കോടി, അമ്പലപ്പുഴ – ഹരിപ്പാട് പാത ഇരട്ടിപ്പിക്കലിനായി 78 കോടി, ചെങ്ങന്നൂര്‍ – ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന് 35 കോടി രൂപയും അനുവദിച്ചു. എന്നാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സറ്റേഷന്‍ അടക്കം രാജ്യന്തര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യം പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News