ന്യൂമാന്‍ കോളജ് ക്യാമ്പസില്‍ കെഎസ്‌യു നേതാവിന്റെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്ക്; നേതാവിനെതിരെ പൊലീസ് ചുമത്തിയത് നിസാര വകുപ്പുകള്‍

ഇടുക്കി: തൊടുപുഴ ന്യൂമാന്‍ കോളജില്‍ കെഎസ്‌യു നേതാവിന്റെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്ക്. കെഎസ്‌യു നേതാവും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ സിബി ജോസഫ് ഓടിച്ച ഇന്നോവ കാറിടിച്ച് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഗോപിക ജയനാണ് പരുക്കേറ്റത്. തലക്കും കാലിനും പരുക്കേറ്റ ഗോപിക ജയനെ (19) തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിതവേഗത്തില്‍ വന്ന വാഹനം ഗോപികയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ക്ലാസ് വിട്ട് വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് നടന്നുപോകുന്നതിനിടെ അമിതവേഗത്തില്‍ എത്തിയ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഗോപികയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇവിടെ ടൈല്‍ പാകുന്നതിനായി മണല്‍ ഇറക്കിയിരുന്നു. ഇതില്‍ ഇടിച്ചശേഷമാണ് വിദ്യാര്‍ത്ഥിനിയുടെ ദേഹത്തേക്ക് കാര്‍ പാഞ്ഞുകയറിയത്. സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് പരുക്കേറ്റു കിടന്ന ഗോപികയെ ആശുപത്രിയില്‍ എത്തിച്ചത്.

മറ്റു വിദ്യാര്‍ത്ഥികള്‍ ഇന്നോവ തടഞ്ഞെങ്കിലും സിബി ഓടി രക്ഷപ്പെടുകയായിരുന്നു. നിയമം ലംഘിച്ച് കാമ്പസിനുള്ളില്‍ വാഹനം കയറ്റിയ സംഭവത്തിലും വിദ്യാര്‍ത്ഥിനിയെ ഇടിച്ചു പരുക്കേല്‍പിച്ചതും ചൂണ്ടിക്കാട്ടി കോളജ് അധികൃതര്‍ തൊടുപുഴ പൊലീസില്‍ പരാതി നല്‍കി. അതേസമയം, അമിത വേഗത്തില്‍ കാര്‍ ഓടിച്ച നേതാവിനെതിരെ പൊലീസ് ചുമത്തിയത് നിസാര വകുപ്പുകളാണെന്നും ആരോപണങ്ങളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News