ഫേസ്ബുക്ക്, ട്വിറ്റര്‍ മേധാവികള്‍ക്ക് ഐഎസിന്റെ വധഭീഷണി; അക്കൗണ്ടുകള്‍ക്കെതിരെ നടപടി തുടര്‍ന്നാല്‍ അനുഭവിക്കേണ്ടി വരും

വാഷിംഗ്ടണ്‍: ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗിനെയും ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സെയെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോ. സോഷ്യല്‍ മീഡിയയില്‍ ഐഎസ് ആഭിമുഖ്യമുള്ള അക്കൗണ്ടുകള്‍ നിര്‍ജീവമാക്കുന്നതിനെതിരെയാണ് ഐഎസിന്റെ ഭീഷണി.അക്കൗണ്ടുകള്‍ക്കെതിരായ നടപടി തുടര്‍ന്നാല്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് വീഡിയോയില്‍ പറയുന്നു.

‘കലിഫേറ്റ് സൈന്യത്തിന്റെ മക്കള്‍’ എന്ന പേരിലാണ് 25 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബുള്ളറ്റ് തറച്ച നിലയിലുള്ള ഇരുവരുടേയും ഫോട്ടോകള്‍ അടങ്ങിയ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കന്‍ കുരിശുയുദ്ധ സര്‍ക്കാരിന്റെ കൂട്ടാളികളാണ് സുക്കര്‍ബര്‍ഗും ഡോര്‍സിയുമെന്നും അവരെ വധിക്കുമെന്നും ഐഎസ് ഭീഷണിപ്പെടുത്തി.

ഐഎസിന്റെ ഹാക്കിംഗ് സംഘത്തിന് നിലവില്‍ പതിനായിരത്തിലധികം ഫേസ്ബുക്ക് അക്കൗണ്ടുകളും 150 ഗ്രൂപ്പുകളും 5000 ട്വിറ്റര്‍ അക്കൗണ്ടുകളും ഉള്ളതായി വീഡിയോയില്‍ പറയുന്നു. ‘നിങ്ങള്‍ ഞങ്ങളുടെ അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കുന്നു. നിങ്ങള്‍ക്ക് ഇത്രയല്ലേ ചെയ്യാന്‍ കഴിയൂ. നിങ്ങള്‍ ഞങ്ങളുടെ സംഘത്തിലുള്ളതല്ല. ഐഎസ് അനുഭാവം പുലര്‍ത്തുന്ന ഓരോ അക്കൗണ്ടുകള്‍ നശിപ്പിക്കുന്നതിനു പകരം ഫേസ്ബുക്കിലെയും ട്വിറ്ററിലെയും 10 അക്കൗണ്ടുകള്‍ വീതം ഹാക്ക് ചെയ്യുമെന്നും അങ്ങനെ പടിപടിയായി ട്വിറ്ററിനെയും ഫേസ്ബുക്കിനെയും നശിപ്പിക്കുമെന്നും’ വീഡിയോയില്‍ പറയുന്നു.

തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന, ഐഎസ് അനുഭാവം പുലര്‍ത്തുന്ന 1,25,000 അക്കൗണ്ടുകള്‍ അടുത്തിടെ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതാണ് ഭീകരരെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here