രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.5 ശതമാനം; ലക്ഷ്യമിട്ട വളര്‍ച്ച കൈവരിക്കാനായില്ല; ഗുണകരമായത് ക്രൂഡോയില്‍ വിലയിടിവെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്

ദില്ലി: രാജ്യം 7.5 ശതമാനം വളര്‍ച്ച നേടിയതായി സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. പൊതു ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജറ്റ്‌ലി സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചു. ആഗോള വിപണയിലെ എണ്ണ വിലയിടിവ് രാജ്യത്തിന് ഗുണകരമായി. ധനകമ്മി കുറയ്ക്കാന്‍ കഴിഞ്ഞു. നാണയപ്പെരുപ്പം 5 ശതമാനത്തില്‍ നിര്‍ത്തുകയാണ് ലക്ഷ്യമെന്നും സാമ്പത്തിക സര്‍വ്വേ പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തയ്യാറാക്കിയ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടാണ് ധനമന്ത്രി സഭയില്‍ വച്ചത്. ലക്ഷ്യമിട്ട വളര്‍ച്ച രാജ്യത്തിന് കൈവരിക്കാനായില്ല. പക്ഷെ ലോകരാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് പിടിച്ച് നില്‍ക്കാന്‍ രാജ്യത്തിന് കഴിഞ്ഞു.

2015 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം 7 മുതല്‍ 7.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച് നേടി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 8 ശതമാനം വളര്‍ച്ച് കൈവരിക്കാനാകും. സാമ്പത്തിക സ്ഥിരത നേടാന്‍ രാജ്യത്തിന് കഴിഞ്ഞുവെന്നും സര്‍വ്വേ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. വരള്‍ച്ച കാര്‍ഷികോത്പാദനത്തില്‍ കുറവുണ്ടാക്കി. ഇത് രാജ്യത്തെ വളര്‍ച്ചാ തോത് കുറയ്ക്കാന്‍ കാരണമായി. പക്ഷെ പാലുല്‍പാദന രംഗത്ത് മികച്ച മുന്നേറ്റം നേടി.

പണപ്പെരുപ്പം 4.5 ശതമാനമായി കുറയും. അടുത്ത സാമ്പത്തിക വര്‍ഷമായ 2016-17ല്‍ പണപ്പെരുപ്പം 5 ശതമാനത്തില്‍ നിര്‍ത്തുകയാണ് ലക്ഷ്യം. വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള ചട്ടങ്ങള്‍ ഉദാരമാക്കിയതും അടിസ്ഥാന സൗകര്യമേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ നടത്തിയ ശ്രമങ്ങളും വളര്‍ച്ചയ്ക്ക് സഹായകരമായെന്ന് റിപ്പോര്‍ട്ട് പറയുന്നു.

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്,ഗ്യാസ് സബ്‌സിഡ് നേരിട്ട് നല്‍കല്‍ തുടങ്ങിയ പദ്ധതികളാണ് പ്രധാന സാമ്പത്തിക പരിഷ്‌ക്കാരങ്ങളായി സര്‍വ്വേയില്‍ ചൂണ്ടികാട്ടുന്നത്. ആഗോള വിപണിയിലെ എണ്ണ വിലയിടിവ് ധനകമ്മി പിടിച്ച് നിറുത്താന്‍ സഹായിച്ചു. 3.9 ശതമാനമാണ് ധനകമ്മി. അതേ സമയം ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുമ്പോള്‍ ധനകമ്മി ഉയരാന്‍ സാധ്യതയുണ്ടെന്നെന്നും സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News