നല്ല കാര്യങ്ങളുടെ കേരളത്തിന് വെള്ളാപ്പള്ളി സംഭാവന ചെയ്യുന്ന നാണക്കേട്

നിരവധി നല്ല കാര്യങ്ങള്‍ക്ക് കേരളം ലോകത്തിന് വഴികാട്ടിയിട്ടുണ്ട്. എന്നാല്‍ ഒരു നാണക്കേടിനും കേരളം തന്നെ വഴികാട്ടിയിരിക്കുന്നു. ‘എന്റെ പാര്‍ട്ടി ഒരു അവസരവാദി പാര്‍ട്ടിയാണ്’ എന്ന് യാതൊരു ഉളുപ്പുമില്ലാതെ പ്രഖ്യാപിക്കുവാന്‍ ഒരു പാര്‍ട്ടി പിതാവ് പരസ്യമായി തയ്യാറായതിലൂടെയാണ് ആ നാണക്കേടിന്റെ ക്രെഡിറ്റും കേരളത്തിന് വന്നുചേര്‍ന്നത്. ആ നാണക്കേടുണ്ടാക്കിയ നേതാവ് വെള്ളാപ്പള്ളി നടേശനാണെന്ന് പറയേണ്ടതില്ലല്ലോ?

സമത്വമുന്നേറ്റയാത്രക്കാലത്ത് ആളും അര്‍ത്ഥവും നല്‍കി വെള്ളാപ്പള്ളിയുടെ ജാഥയെ കൊഴുപ്പിച്ചത് ആര്‍എസ്എസ് ആയിരുന്നു. വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്രക്ക് ഏറ്റവും കൂടുതല്‍ പ്രചാരണം കൊടുത്തത് ജന്മഭൂമി പത്രമായിരുന്നു. അവരുടെ എഡിറ്റോറിയല്‍ പേജിലാണ് വെള്ളാപ്പള്ളിയുടെ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടത്. ആര്‍എസ്എസ് കാഴ്ചപ്പാടില്‍ കേരളചരിത്രത്തെ വളച്ചൊടിച്ച് വിശദീകരിക്കാന്‍ വരെ അന്ന് വെള്ളാപ്പള്ളി തയ്യാറായി. അത് തുടങ്ങിയത് ഇങ്ങനെയായിരുന്നു. ”20ാം നൂറ്റാണ്ട് പിറക്കുമ്പോള്‍ വലിയൊരു സാമൂഹിക മാറ്റത്തിന് കേരളത്തിലെ ഹിന്ദുസമൂഹം തയ്യാറെടുക്കുകയായിരുന്നു സവര്‍ണ-അവര്‍ണ ഭേദമെന്യെ ഒന്നായി മുന്നേറാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹസമരങ്ങള്‍ അതിന്റെ ഭാഗമായിരുന്നു. നിര്‍ഭാഗ്യവശാല്‍ കേരളം സ്വപ്നം കണ്ട സാമൂഹ്യവിപ്ലവത്തെ രാഷ്ട്രീയനേതൃത്വവും സംഘടിതമതസമൂഹങ്ങളും ചേര്‍ന്ന് അട്ടിമറിച്ചു. അങ്ങനെ ജാതികളുടെ തുരുത്തുകളില്‍ ഹിന്ദു സമൂഹം ചേക്കേറി. മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും പേരു പറഞ്ഞ് ഭൂരിപക്ഷവിഭാഗങ്ങളുടെ എല്ലാ മുന്നേറ്റങ്ങളെയും സാമുദായിക പ്രസ്ഥാനങ്ങളുടെ ശാക്തീകര ശ്രമങ്ങളെയും സംഘടിത മതശക്തികളും പുരോഗമന രാഷ്ട്രീയക്കാരും ഒത്തുചേര്‍ന്ന് തകര്‍ത്തെറിഞ്ഞു” (ജന്മഭൂമി നവംബര്‍11) എന്ന് പറഞ്ഞ്കൊണ്ട് കൃത്യമായും ഒരു സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിലാണ് അന്ന് വെള്ളാപ്പള്ളി കേരള ചരിത്രം വിശദീകരിച്ചത്.

ആ വെള്ളാപ്പള്ളിയാണിപ്പോള്‍ താനൊരു അവസരവാദിയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുക മാത്രമല്ല കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് എന്ന് പ്രഖാപിക്കുക കൂടെ ചെയ്തിരിക്കുന്നത്. 2015 നവംബര്‍ മാസത്തിലെ വെള്ളാപ്പള്ളിയില്‍ നിന്ന് 2016 ഫെബ്രുവരിയിലെ വെള്ളാപ്പള്ളിയിലേക്കുള്ള മാറ്റം എങ്ങനെയാണ് സംഭവിച്ചത്. ഹിന്ദുത്വവാദിയായ വെള്ളാപ്പള്ളി അവസരവാദിയായി മാറിയതെങ്ങനെ? ഇത് യാഥാര്‍ത്ഥത്തിലുള്ള മാറ്റമൊ അതൊ ഒരു ഒടിവിദ്യയോ?

വ്യക്തമായ ധാരണയിലെത്തണമെങ്കില്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നടന്ന സുപ്രധാന രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്ത് എന്ന് പരിശോധിക്കേണ്ടതുണ്ട്. അതില്‍ ഒന്നാമത്തേത് രാഷ്ട്രീയ പാര്‍ട്ടികളടെ ജാഥകള്‍ തന്നെയാണ്. സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന നവകേരളമാര്‍ച്ച് കേരളത്തിലെ എല്ലാനിയമസഭാമണ്ഡലങ്ങളിലൂടെയും കടന്നുപോയി എന്നുമാത്രമല്ല മറ്റെല്ലാ പാര്‍ട്ടികളും നടത്തിയ മാര്‍ച്ചുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ജനങ്ങളെ എല്ലാ മണ്ഡലങ്ങളിലും അണിനിരത്തുകയും ചെയ്തു. സമാനപ്രകടനം നടത്തും എന്ന് പ്രതീക്ഷിച്ച സുധീരന്‍ മാര്‍ച്ച് കോഴി കോട്ടുവായിട്ടതു പോലെയാണ് പല മണ്ഡലങ്ങളിലൂടെയും കടന്നുപോയത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മനോരമയും മാതൃഭൂമിയും വരെ ജനരക്ഷാമാര്‍ച്ചിനെ അവഗണിക്കുന്ന സ്ഥിതിയുമുണ്ടായി. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി എന്ന ഇമേജോടെയാണ് പുതിയതായി അവരോധിതനായ ബി ജെ പിയുടെ പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ വിമോചനയാത്ര നടത്തിയത്. എഴുപതിലേറെ മണ്ഡലങ്ങളില്‍ വിജയ പ്രതീക്ഷയുമായി നടത്തിയ യാത്ര പകുതി ജില്ലകള്‍ പിന്നിട്ടപ്പോള്‍ തന്നെ പത്തുമണ്ഡലങ്ങളിലെ വിജയ പ്രതീക്ഷയിലേക്ക് ചുരുങ്ങി. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ചെറിയ മൈതാനമായ പൂജപ്പുരമൈതാനത്തിന്റെ പകുതിപോലും നിറയ്ക്കാന്‍ അണികളെ കിട്ടാതെ വന്നതോടെ പത്ത് സീറ്റിലെ വിജയപ്രതീക്ഷ പോലും അവസാനിച്ചു. ഇതോടെ വെള്ളാപ്പള്ളി്ക്കും മതിയായി. ബിജെപി മുന്നണിയില്‍ നിന്നാല്‍ പ്രബലരായ രണ്ടു മുന്നണികളുടേയും ശത്രുത പിടിച്ചു പറ്റാമെന്നല്ലാതെ ഗുണമൊന്നും ഇല്ല എന്ന് വെള്ളാപ്പള്ളിക്കു ബോധ്യപ്പെട്ടു. ഇതിനിടയില്‍ തുഷാറിന്റെ കേന്ദ്രമന്ത്രി പദത്തിന് വേണ്ടി ഒരു ശ്രമം നടത്തി നോക്കിയെങ്കിലും യാതൊന്നും തരപ്പെടുന്ന സ്ഥിതിയുണ്ടായില്ല. മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസാവട്ടെ മുറുകി വരുന്ന സ്ഥിതിയിലുമായി. അങ്ങനെയാണ് വെള്ളാപ്പള്ളി തന്റെ അവസരവാദിത്വം പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറായത്.

ഇപ്പുറത്ത് ഉമ്മന്‍ചാണ്ടി ഇങ്ങനെ ഒരവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഐക്യമുന്നണി ഇന്നത്തെ നിലയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പച്ചതൊടില്ല എന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്നയാള്‍ ഉമ്മന്‍ചാണ്ടി തന്നെയാണ്. അതിനാല്‍ അദ്ദേഹത്തിന് ഒരു കൈത്താങ്ങ് വേണം. കൈത്താങ്ങ് എന്നതിനേക്കാള്‍ യോജിച്ച പദപ്രയോഗം’ലായകം’ എന്നതാണ്. എന്തിനെയും ലയിപ്പിക്കാന്‍ കഴിവുള്ള ഒന്ന് ആള്‍ക്കഹോള്‍ പോലെ, ബെന്‍സീന്‍ പോലെ ഒന്ന്. ബി ജെ പി -കോണ്‍ഗ്രസ്-ലീഗ് എന്നിവയെ ഒക്കെ ലയിപ്പിച്ചു ചേര്‍ക്കാവുന്ന ഒരു ലായകത്തിനെയാണ് ഉമ്മന്‍ചാണ്ടിക്കിപ്പോള്‍ ആവശ്യമായിരിക്കുന്നത്. ഒറ്റ സീറ്റിലും ജയിക്കാന്‍ സാധ്യതയില്ല എന്ന് ബോധ്യപ്പെട്ട ബിജെപിയേയും ഇന്നത്തെ സ്ഥിതിയില്‍ മത്സരിച്ചാല്‍ മുപ്പതിലേറെ സീറ്റുകിട്ടാന്‍ സാധ്യതയില്ലാത്ത യുഡിഎഫിനെയും ഒക്കെ ലയിപ്പിച്ചെടുക്കാവുന്ന ലായകമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല ലായകം വെള്ളാപ്പള്ളിയാണ്.

വ്യവസായ സംരംഭകയായി വന്ന് തന്റെ ഗതികേടുകൊണ്ട് മാനം വില്ക്കാന്‍വരെ തയ്യാറായ ഒരു സ്ത്രീയില്‍ നിന്ന് രണ്ടുകോടിയോളം രൂപ അപഹരിച്ചെടുത്ത ഒരു മുഖ്യമന്ത്രിയാണ് കേരളം കണ്ട ഏറ്റവും മഹാനായ മുഖ്യമന്ത്രിയെന്ന് ഒരു ഉളുപ്പും കൂടാതെ വിളിച്ചു പറയാന്‍ വിനീതവിധേയനായ കെ സി ജോസഫ് പോലും തയ്യാറാവാത്ത സമയത്ത് ‘ഇവന്‍ സ്വര്‍ഗജാതന്‍’ എന്ന് വിളിച്ചുപറയാന്‍ യാതൊരു മടിയും കാണിക്കാത്ത വെള്ളാപ്പള്ളിയേക്കാള്‍ ഉമ്മന്‍ചാണ്ടിയുടേയും ബി ജെ പിയുടേയും കാര്യസാധ്യത്തിനുതകുന്ന മറ്റൊന്ന് കേരളത്തില്‍ ഇതുവരെ ജനിച്ചിട്ടില്ല. അവിടെയാണ് ‘അവസരവാദിയെന്ന് പറഞ്ഞ് സ്വയം എടുത്തണിയുന്ന കിരീടത്തിന് യോജിച്ച തല അതുതന്നെയാകുന്നത്. ഏല്പിച്ച പണി വെള്ളാപ്പള്ളി തുടങ്ങി കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്. വെള്ളാപ്പള്ളിയില്‍ കോണ്‍ഗ്രസും ലീഗും ബി ജെ പിയും കേരള കോണ്‍ഗ്രസുമൊക്കെ ലയിച്ചു ചേരുന്നതും തരാതരം രൂപങ്ങളില്‍ പുറത്തുവരുന്നതും നമുക്ക് ഏതാനും ആഴ്ചകള്‍ക്കകം തന്നെ കാണാന്‍ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News