വിമാനത്തിനുള്ളില്‍ യാത്രക്കാരുടെ മുന്നില്‍ യുവതിയെ ബലാത്സംഗം ചെയ്തയാള്‍ക്ക് മതിഭ്രമം; ശിക്ഷിക്കാനാവില്ലെന്നു കോടതി

ഹൊനോലുലു: വിമാനത്തിനുള്ളില്‍ യുവതിയായ യാത്രക്കാരിയെ യാത്രക്കാര്‍ക്കു മുന്നില്‍ വച്ച് കയറിപ്പിടിക്കുകയും ടോയ്‌ലെറ്റിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ചെയ്തയാള്‍ക്കു മതി ഭ്രമമെന്നും ശിക്ഷിക്കാനാവില്ലെന്നും കോടതി. 2014 ഒക്ടോബറില്‍ ജപ്പാനിലായിരുന്നു യാത്രക്കാരെ ഞെട്ടിച്ച സംഭവം.

ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഹവായ്ക്കും കന്‍സായിക്കും ഇടയിലായിരുന്നു സംഭവം. ഹവായ് സ്വദേശിയായ ടാനിയോയാണ് യാത്രക്കാരിയായ യുവതിയെ ബലമായി പിടിച്ചുവലിച്ചു വാഷ്‌റൂമില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. നാലു ദിവസത്തെ അവധി കഴിഞ്ഞു ഹവായില്‍നിന്നു മാതാവിനൊപ്പം മടങ്ങുകയായിരുന്നു യുവതി. വിമാനം പറന്നുയര്‍ന്ന് 45 മിനുട്ടുകള്‍ക്കു ശേഷമായിരുന്നു ടാനിയോയുടെ അതിക്രമം.

ഒപ്പമിരുന്നു യാത്ര ചെയ്തിരുന്ന യുവതിയെ ശരീരത്തില്‍ കയറിപ്പിടിച്ചു മറ്റു യാത്രക്കാരുടെ മുന്നിലൂടെ വാഷ്‌റൂമിലേക്കു വലിച്ചിഴയ്ക്കുകയായിരുന്നു. വാഷ്‌റൂമില്‍ കയറി അകത്തുനിന്നു വാതില്‍ അടച്ചു. യുവതി വാഷ്‌റൂമിലെ എമര്‍ജന്‍സിബട്ടനില്‍ അമര്‍ത്തിയെങ്കിലും കാര്യമുണ്ടായില്ല. യുവതിയുടെ മാതാവും കാബിന്‍ക്രൂവും ശ്രമിച്ചിട്ടും ടാനിയോ വാതില്‍ തുറന്നില്ല. തുടര്‍ന്നു വാതിലിന്റെ സ്‌ക്രൂ അഴിച്ചാണ് യുവതിയെ രക്ഷിച്ചത്. അതിനിടയില്‍ ടാനിയോ യുവതിയെ ബലാത്സംഗം ചെയ്തിരുന്നു.

സംഭവമറിഞ്ഞ് പൈലറ്റ് വിമാനം തിരികെ ഹവായില്‍ ഇറക്കി ടാനിയോയെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. നേരത്തേ, വിമാനത്തിനുള്ളില്‍ മദ്യം നല്‍കാതിരുന്നതിനു ടാനിയോ കാബിന്‍ക്രൂവിനോടു മോശമായി പെരുമാറിയിരുന്നു. ടാനിയോയുടെ മാതാവും ഒപ്പമുണ്ടായിരുന്നു. സംഭവത്തിനു ശേഷം അക്രമാസക്തമായ ടാനിയോയെ കുത്തിവയ്പു നല്‍കി ഉറക്കുകയായിരുന്നു.

കഴിഞ്ഞദിവസമാണ് കേസില്‍ കോടതി തീര്‍പ്പു കല്‍പിച്ചത്. ടാനിയോ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും മരുന്നു കഴിക്കുകയായിരുന്നെന്നുമുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. സ്വബോധത്തോടെയല്ല യുവതിയെ ബലാത്സംഗം ചെയ്തതെന്നു കണ്ടെത്തിയാണ് ടാനിയോയെ വെറുതേവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News