എസി കോച്ചില്‍ പോകുമ്പോള്‍ പുതക്കാറുണ്ടോ? ഒന്നറിയുക; നല്‍കുന്നത് രണ്ടുമാസത്തിലൊരിക്കല്‍ അലക്കുന്ന പുതപ്പ്; സ്ഥിരീകരണം റെയില്‍വെ മന്ത്രിയുടേത്

ദില്ലി: ട്രെയിനിലെ എസി കോച്ചില്‍ പോകുമ്പോള്‍ പുതക്കാന്‍ നല്‍കുന്ന പുതപ്പ് അലക്കുന്നത് രണ്ടുമാസത്തില്‍ ഒരിക്കല്‍ മാത്രമെന്ന് സ്ഥിരീകരണം. കേന്ദ്രറെയില്‍ സഹമന്ത്രി മനോജ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. കിടക്കവിരിയും തലയണ ഉറയും എല്ലാ ദിവസവും കഴുകാറുണ്ട്. എന്നാല്‍, പുതപ്പ് രണ്ടുമാസം കൂടുമ്പോള്‍ മാത്രമാണ് അലക്കാറുള്ളതെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.

മന്ത്രിയുടെ മറുപടി കേട്ട രാജ്യസഭാ ചെയര്‍മാന്‍ ഹാമിദ് അന്‍സാരി തന്നെ അദ്ദേഹത്തെ പരിഹസിച്ചു. ഇതിലും ഭേദം പഴയതുപോലെ ആളുകള്‍ സ്വന്തമായി പുതപ്പും തലയണയും കൊണ്ടുവരുന്നതാകും നല്ലതെന്നായിരുന്നു ഹാമിദ് അന്‍സാരിയുടെ പരിഹാസം. മന്ത്രി അനുവദിക്കുകയാണെങ്കില്‍ ഈ പദ്ധതി നടപ്പാക്കിക്കൂടെ എന്ന കോണ്‍ഗ്രസ് എംപിയുടെ ചോദ്യത്തെ പിന്തുണച്ചു കൊണ്ടാണ് ഹാമിദ് അന്‍സാരി ഇങ്ങനെ പറഞ്ഞത്.

നല്ല ഉപദേശമാണെന്നും ആളുകള്‍ പഴയശീലം തുടങ്ങിയാല്‍ നല്ലതായിരിക്കുമെന്നും മന്ത്രി പ്രതികരിച്ചു. റെയില്‍വേക്ക് യന്ത്രവല്‍കൃതമായ 41 അലക്കുകമ്പനികള്‍ മാത്രമാണുള്ളത്. 25 എണ്ണം കൂടി പുതിയത് നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഇതുകൂടി ആകുന്നതോടെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം എന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here