കോടതിയില്‍ വച്ച് ബിജെപി ഗുണ്ടാ അഭിഭാഷകര്‍ ക്രൂരമായി മര്‍ദിച്ചതായി കനയ്യ കുമാര്‍; അടിക്കുന്നത് പൊലീസ് നോക്കിനിന്നു; കനയ്യയുടെ വെളിപ്പെടുത്തല്‍ അഭിഭാഷക കമ്മീഷനോട്; ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു

ദില്ലി: പാട്യാല കോടതിയില്‍ വച്ച് ബിജെപിയുടെ ഗുണ്ടാ അഭിഭാഷകര്‍ തന്നെ മര്‍ദിച്ചതായി കനയ്യകുമാര്‍ സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക സംഘത്തെ അറിയിച്ചു. പാട്യാല കോടതിക്കുള്ളില്‍ വച്ച് സുപ്രീംകോടതിയുടെ അഭിഭാഷക സംഘം പകര്‍ത്തിയ ദൃശ്യങ്ങള്‍ കൈരളി ടിവിക്ക് ലഭിച്ചു. ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു. മര്‍ദനത്തെകുറിച്ച് അഭിഭാഷക കമ്മീഷനോടു കനയ്യ വിവരിക്കുന്നുണ്ട്. അഭിഭാഷകരുടെ മര്‍ദനത്തില്‍ കാലിന് പരുക്കേറ്റെന്നും വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞെന്നും കനയ്യ പറഞ്ഞു. ആക്രമിക്കുമ്പോള്‍ ദില്ലി പൊലീസ് നോക്കി നില്‍ക്കുകയായിരുന്നെന്നും കനയ്യകുമാര്‍ വ്യക്തമാക്കി.

പൊലീസ് ജീപ്പില്‍ നിന്നും കോടതി മുറിയിലെത്തുന്നത് വരെ ബിജെപി അഭിഭാഷകര്‍ മര്‍ദിച്ചതായി കനയ്യ പറയുന്നു. മര്‍ദനമേറ്റ കാല് കനയ്യകുമാര്‍ അഭിഭാഷക കമ്മീഷനെ കാണിക്കുന്നുണ്ട്. മര്‍ദനത്തിനിടയില്‍ പാന്റ്‌സും, ടീ ഷര്‍ടും ചെരുപ്പും നഷ്ടമായി. ഒപ്പമുണ്ടായിരുന്ന പൊലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്. കോടതി മുറിയില്‍ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടിരുന്ന ഡി.സി.പി ജതിന്‍ നര്‍വാള്‍, അക്രമത്തെക്കുറിച്ച് അഭിഭാഷക സംഘത്തോട് ഒന്നും പറയാനാകാതെ തടിതപ്പുന്നതും ദൃശ്യങ്ങളില്‍ കാണാം. കനയ്യയുടെ ഒപ്പമുണ്ടായിരുന്ന ജെഎന്‍യുവിലെ പ്രൊഫസര്‍ ഹിമാന്‍ഷുവും മര്‍ദനമേറ്റതായി കമ്മീഷനോട് വിശദീകരിക്കുന്നുണ്ട്. കമ്മീഷന്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ സുപ്രീംകോടതി തെളിവായി സ്വീകരിച്ചിട്ടുണ്ട്. ഇത് പുറത്ത് വിടുന്നതിനെ ദില്ലി പൊലീസും കേന്ദ്രസര്‍ക്കാരും കോടതിയില്‍ എതിര്‍ത്തിരുന്നു.

ഇക്കഴിഞ്ഞ 17ന് പട്യാല കോടതിയില്‍ ഹാജരാക്കുമ്പോഴാണ് കനയ്യ കുമാറിനെതിരെ ബിജെപി ഗുണ്ടാ അഭിഭാഷകര്‍ മര്‍ദനം അഴിച്ച് വിട്ടത്. അക്രമത്തെക്കുറിച്ച് വിവരം ലഭിച്ച സുപ്രീംകോടതി രാജീവ് ധവാന്‍, കപില്‍ സിപല്‍, ബൃദ്ധ ഗ്രോവര്‍ തുടങ്ങി അഞ്ചംഗ മുതിര്‍ന്ന അഭിഭാഷക സംഘത്തെ പാട്യാല കോടതിയിലേക്ക് അന്വേഷണത്തിനായി നിയോഗിച്ചു. ഇവര്‍ കോടതിയിലെത്തി സംഭവവികാസങ്ങള്‍ നേരിട്ടറിഞ്ഞു. കോടതി മുറിയിലുണ്ടായിരുന്ന കനയ്യകുമാറുമായി അഭിഭാഷക സംഘം സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News