സ്മൃതി ഇറാനി വായിച്ച ലഘുലേഖ തങ്ങളുടേതല്ലെന്ന് മഹിഷാസുര രക്തസാക്ഷിദിന പരിപാടി സംഘാടകര്‍; മന്ത്രിയുടെ ലക്ഷ്യം വിദ്യാര്‍ത്ഥികളെ ദേശദ്രോഹികളായി ചിത്രീകരിക്കാന്‍

ദില്ലി: മഹിഷാസുര ദിനത്തില്‍ വിതരണം ചെയ്തതെന്ന് കാണിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ വായിച്ച ലഘുലേഖ തങ്ങള്‍ എഴുതിയതല്ലെന്ന് പരിപാടിയുടെ സംഘാടകര്‍. ജെഎന്‍യു ക്യാമ്പസിലുള്ളവര്‍ ദേശദ്രോഹികളാണെന്ന് ചിത്രീകരിക്കുന്നതിനായാണ് മന്ത്രി ഇത്തരത്തിലൊരു ലഘുലേഖ വായിച്ചതെന്ന് സംഘാടകരില്‍ ഒരാളായ അനില്‍ കുമാര്‍ പറഞ്ഞു.

മഹിഷാസുര രക്തസാക്ഷിത്വ ദിനം എങ്ങനെയാണ് ദേശവിരുദ്ധമാകുന്നതെന്ന് ഇറാനി വ്യക്തമാക്കണമെന്നും നിരവധി മാന്യവ്യക്തികളും പ്രൊഫസര്‍മാരും പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും അനില്‍ കുമാര്‍ മാധ്യമങ്ങളോട് പറയുന്നു.

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ദുര്‍ഗാ ദേവിയെ അപമാനിച്ചുവെന്നും മഹിഷാസുര രക്തസാക്ഷിദിനം ആചരിച്ചുവെന്നും സ്മൃതി ഇറാനി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു. ദുര്‍ഗാദേവി കൊലപ്പെടുത്തിയ മഹിഷാസുരന്‍ എന്ന കറുത്തവനും ആരാധിക്കപ്പെടേണ്ടവനാണെന്ന് കാണിക്കാനാണ് ക്യാമ്പസിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മഹിഷാസുര രക്ഷസാക്ഷി ദിനം ആചരിച്ചത്. ദുര്‍ഗാ ദേവിക്ക് എതിരെ വിദ്യാര്‍ത്ഥികള്‍ പോസ്റ്റര്‍ തയ്യാറാക്കി എന്നാണ് മന്ത്രിയുടെ ആരോപണം. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുവെന്ന് സ്ഥാപിക്കാനാണ് മന്ത്രി വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയതെന്ന് കാണിച്ച് ഒരു കുറിപ്പ് വായിച്ചത്.

അതിനിടെ 2013ല്‍ നടത്തിയ മഹിഷാസുര രക്തസാക്ഷി ദിനത്തില്‍ താനും പങ്കെടുത്തിട്ടുണ്ടെന്ന് ബിജെപി എംപി ഉദിത് രാജ് പറഞ്ഞു. ദളിതരുടെ വിമോചകനാണ് മഹിഷാസുരന്‍ എന്ന ബി.ആര്‍ അംബേദ്കറിന്റെ ആശയം പിന്തുടരുന്ന ആളാണ് താന്‍. അതിനാല്‍ ആ പരിപാടിക്ക് എതിരായി നിലപാട് എടുക്കാന്‍ കഴിയില്ലെന്നും ഉദിത് രാജ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News