പരിയാരത്ത് യുഡിഎഫ് ഭരണസമിതി നടത്തിയ നിയമനങ്ങളില്‍ വന്‍ ക്രമക്കേട്; കെ സുധാകരന്‍ ഇടപെട്ടതിന് തെളിവുകള്‍; എംഡിക്ക് സുധാകരന്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവി പുറത്തുവിട്ടു

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ യു.ഡി.എഫ് ഭരണ സമിതി നടത്തിയ നിയമനങ്ങളില്‍ വന്‍ക്രമക്കേട്. നിയമനങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു. കെ.സുധാകരന്‍ മന്ത്രിയായിരുന്നകാലത്ത് റാങ്ക് പട്ടിക മറികടന്നു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അനധികൃതമായി നിയമിക്കുകയായിരുന്നെന്നാണ് തെളിഞ്ഞത്. കെ.സുധാകരന്‍ അന്നത്തെ എം.ഡിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പുകള്‍ പീപ്പിള്‍ ടി.വി പുറത്തുവിട്ടു.

പരിയാരം മെഡിക്കല്‍ കോളേജില്‍ യു.ഡി.എഫ് ഭരണസമിതി നടത്തിയ നിയമനങ്ങളില്‍ വന്‍ ക്രമക്കേട് നടന്നു എന്നതാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. വിവിധ തസ്തികകളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശിപാര്‍ശ പ്രകാരം അനര്‍ഹരെ തിരുകിക്കയറ്റിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ മന്ത്രിയായിരുന്ന ഘട്ടത്തില്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ എം.ഡിക്ക് നല്‍കിയ നിരവധി ശിപാര്‍ശക്കത്തുകളുടെ പകര്‍പ്പുകളാണ് പീപ്പിള്‍ ടിവിക്കു ലഭിച്ചത്.

ഫാര്‍മസിസ്റ്റ്, ഫാര്‍മസി അസിസ്റ്റന്റ്, നഴ്‌സിംഗ് അസിസ്റ്റന്റ് ഉള്‍പ്പടെയുള്ള വിവിധ തസ്തികകളില്‍ റാങ്ക്‌ലിസ്റ്റ് മറികടന്ന് നിയമനം നല്‍കണമെന്നായിരുന്നു സുധാകരന്റെ കത്തിലെ ഉള്ളടക്കം. സുധാകരന്‍ നിര്‍ദ്ദേശിച്ചവര്‍ക്ക് പരിയാരത്ത് അനധികൃതമായി നിയമനം ലഭിച്ചു എന്നും ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി. മന്ത്രിപദവി ദുരുപയോഗം ചെയ്താണ് കെ.സുധാകരന്‍ അനധികൃത നിയമനങ്ങള്‍ക്ക് ശുപാര്‍ശ നല്‍കിയത്. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കളും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ നിയമനം നല്‍കാന്‍ ഇടപെട്ടതായി തെളിഞ്ഞിട്ടുണ്ട്. നിയമനകാര്യത്തില്‍ എന്നപോലെ വിദ്യാര്‍ത്ഥി പ്രവേശനത്തിലും കെ.സുധാകരനും കോണ്‍ഗ്രസ്സ് നേതാക്കളും ഇടപെട്ടതിന്റെ രേഖകളും പീപ്പിള്‍ ടിവിക്ക് ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News