ബംഗളുരു: ബീഫ് കഴിച്ചെന്ന പേരിൽ മൂന്നു മലയാളി വിദ്യാര്‍ഥികളെ ബംഗളുരുവില്‍ ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി മര്‍ദിച്ചു. ദണ്ഡുകളും ആയുധങ്ങളുമായായിരുന്നു ആക്രമണം. മര്‍വിന്‍ മൈക്കിള്‍ ജോയ്, നിഖില്‍, മുഹമ്മദ് ഹഷീര്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മര്‍വിന്‍ മൈക്കിള്‍ ജോയിയെ നിംഹാന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിന് അടുത്തു താമസിക്കുന്നതിനാൽ ബീഫ് ക‍ഴിക്കരുതെന്ന് ഇവരോട് മുന്നറിയിപ്പുനല്‍കിയിട്ടുണ്ടായിരുന്നത്രേ.

ബംഗളുരു സഞ്ജയ് നഗറിലെ ബൂപാസപദ്രയിലാണ് ആക്രമണമുണ്ടായത്. ഇന്നു രാവിലെയായിരുന്നു സംഭവം. മര്‍വിനെ ആദ്യം ബൗറിംഗ് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ നിംഹാന്‍സിലേക്കു മാറ്റുകയായിരുന്നു. അക്രമികള്‍ മൂവരെയും മര്‍ദിച്ചശേഷം ബൈക്കുകളില്‍ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസമായി ബംഗളുരുവില്‍ പലയിടങ്ങളിലും മലയാളികളെ തെരഞ്ഞുപിടിച്ച് ആക്രമണം നടക്കുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നുണ്ട്. എന്താണ് കാരണമെന്നു തങ്ങള്‍ക്കറിയില്ലെന്നും കേരളത്തില്‍നിന്നുള്ളവരാണോ എന്നു ചോദിച്ച് അക്രമമുണ്ടായതായും ഇവര്‍ പറയുന്നു. അതേസമയം, ബീഫല്ല മര്‍ദനത്തിന് കാരണമെന്നും ബൈക്കിനെച്ചൊല്ലിയുള്ള തർക്കമായിരുന്നെന്നും റിപ്പോർട്ടുണ്ട്.