മോദി സര്‍ക്കാരിന്റെ പുതിയ ലക്ഷ്യം സോഷ്യല്‍ മീഡിയ; അഭിപ്രായ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; 66 എക്കു പകരം പുതിയ വകുപ്പ് കൊണ്ടുവരുന്നു

ദില്ലി: നവമാധ്യമങ്ങളില്‍ നിന്ന് വിമര്‍ശനം ഏറിയതോടെ കേന്ദ്രസര്‍ക്കാരിന്റെ അടുത്തലക്ഷ്യം സോഷ്യല്‍ മീഡിയകളാണ്. സമൂഹമാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്യത്തിനു കടിഞ്ഞാണിടാന്‍ ഐടി ആക്ടില്‍ പുതിയ വകുപ്പ് ഉള്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. സുപ്രീംകോടതി റദ്ദാക്കിയ ഐടി നിയമത്തിലെ 66 എ വകുപ്പിനു പകരം പിഴവില്ലാത്ത മറ്റൊരു വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാരിന്റെ നീക്കം. സമൂഹമാധ്യമങ്ങളിലൂടെ ഭീകരവാദം വളര്‍ത്തുന്നതും ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും തടയുകയാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.

66 എ വകുപ്പ് റദ്ദാക്കിയതോടെ സോഷ്യല്‍ മീഡിയ വഴിയുള്ള ദേശസുരക്ഷയെ ബാധിക്കുന്നതും സമാധാന അന്തരീക്ഷം തകര്‍ക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയുന്നില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിഴവുകളില്ലാത്ത മറ്റൊരു വകുപ്പ് 66 എ വകുപ്പിന് പകരമായി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. അവ്യക്തമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയിരുന്നത്. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയും ഐടി നിയമം പുനഃപരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 66 എ വകുപ്പിലെ കര്‍ശന വ്യവസ്ഥകള്‍ക്കു പകരം താരതമ്യേന മയപ്പെടുത്തിയ വ്യവസ്ഥകളായിരിക്കും നിയമഭേദഗതിയിലുണ്ടാവുകയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

പുതിയ വകുപ്പിന്റെ കീഴില്‍ ഏതെല്ലാം കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതു സംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ടാക്കും എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നു. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ഭേദഗതി നിര്‍ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂക്ഷ്്മപരിശോധന നടത്തിവരികയാണ്. ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയാല്‍ ഐടി മന്ത്രാലയമായിരിക്കും മതിയായ കൂടിയാലോചനകള്‍ നടത്തി നിയമഭേദഗതി പാര്‍ലമെന്റില്‍ കൊണ്ടുവരിക. അതേസമയം, സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വകുപ്പുകള്‍ പര്യാപ്തമാണെന്ന വാദവും ശക്തമാണ്.

ഇത്രയൊക്കെയാണെങ്കിലും സമൂഹമാധ്യങ്ങളിലൂടെ കേന്ദ്രഭരണകൂടത്തിനെതിരായ വിമര്‍ശനം രൂക്ഷമായ സാഹചര്യത്തില്‍ ഇതിന് കടിഞ്ഞാണിടാനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ നേരിടാന്‍ പുതിയ വകുപ്പ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. നിലവിലെ സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ ഇത്തരത്തിലൊരു സംശയം ഉയരുക സ്വാഭാവികവുമാണ്. പണ്ട് മോദിക്കെതിരെയും ബാല്‍ താക്കറെക്കെതിരെയും എല്ലാം പോസ്റ്റിട്ടതിന് പലരെയും അറസ്റ്റ് ചെയ്യുന്ന സന്ദര്‍ഭം വരെയുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News