പാറ്റൂര്‍ ഭൂമിയിടപാട്; ക്രമക്കേടുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍; പുറമ്പോക്ക് ഭൂമി സ്ഥിരീകരിക്കാന്‍ അന്വേഷണോദ്യോഗസ്ഥന് സര്‍ക്കാര്‍

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നെന്ന വിജിലന്‍സിന്റെ കണ്ടെത്തലുകളെ തള്ളിക്കഞ്ഞ് സര്‍ക്കാര്‍ അഭിഭാഷകന്‍ വിജിലന്‍സ് കോടതിയില്‍. വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ശരിയല്ലെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് വക്കം ശശീന്ദ്രന്‍ വാദിച്ചു. കാലഹരണപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചായിരുന്നു വക്കം ശശീന്ദ്രന്റെ വാദം. ജില്ലാ കളക്ടറുടെയും ജലവകുപ്പിലെ കീഴുദ്യോഗസ്ഥരുടെയും റിപ്പോര്‍ട്ടുകള്‍ ഉദ്ദരിച്ചത് മേലുദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ നിരാകരിക്കാന്‍ വേണ്ടിയായിരുന്നു. 2008-ല്‍ ആര്‍ടെക്കില്‍ നിന്നും 14 ലക്ഷം രൂപ കൈപ്പറ്റി പൈപ്പ്‌ലൈന്‍ മാറ്റാന്‍ ജലവകുപ്പ് തീരുമാനിച്ചെന്ന കാര്യം ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനു നിര്‍ദേശിച്ച ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ ശശീന്ദ്രന്‍ സമര്‍ത്ഥമായി മറച്ചുവച്ചു.

റവന്യൂ-ജല-വിജിലന്‍സ് മന്ത്രിമാരെ മറികടന്ന് തിടുക്കപ്പെട്ടാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പാറ്റൂര്‍ കേസില്‍ അനധൃകൃതമായി ഇടപെട്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകന്‍ ടിഎസ് ഹൂദിന്റെ വാദം. മുന്നു വകുപ്പുകളും വ്യത്യസ്തമായ മൂന്നു നിലപാടുകള്‍ സ്വീകരിച്ചാല്‍ കാബിനറ്റില്‍ വച്ച് തീരുമാനം എടുക്കുകയാണ് ചട്ടം എന്നിരിക്കെ തിടുക്കപ്പെട്ട് മുഖ്യമന്ത്രി സ്വന്തം നിലയില്‍ തീരുമാനം എടുത്തത് സംശയാസ്പദം ആണെന്ന് വിഎസിന്റെ അഭിഭാഷകന്‍ വാദിച്ചു. ഭൂമി ഇടപാടില്‍ ക്രമക്കേടുണ്ടെന്നും തണ്ടപ്പേരും ബിടി രജിസ്റ്ററും നഷ്ടപ്പെട്ടതിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് കള്ളക്കളിയുണ്ടെന്നും ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് വിഎസിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.

2014 ഫെബ്രുവരി 18ന് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലപരിശോധനയ്ക്കായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, ജില്ലാ കളക്ടര്‍, വാട്ടര്‍ അതോറിറ്റി എംഡി എന്നിവരടങ്ങുന്ന കമ്മിറ്റിയെ നിയോഗിച്ചത്. 2014 ഏപ്രില്‍ 8ന് ഈ കമ്മിറ്റി യോഗം ചേര്‍ന്നപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ എംഡിക്കു പകരമായി കീഴുദ്യോഗസ്ഥനായ എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് യോഗത്തില്‍ പങ്കെടുത്തത്. പാറ്റൂര്‍ ഭൂമിയില്‍ വാട്ടര്‍ അതോറിറ്റിക്ക് അവകാശമില്ലെന്ന ഒരു പേജുള്ള റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യോഗം മുമ്പാകെ അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മൂന്നംഗ സമിതി 2014 ഏപ്രില്‍ 29ന് ചീഫ് സെക്രട്ടറിക്ക് കൈമാറി. അന്നേദിവസം തന്നെ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ഫയലില്‍ മേല്‍നടപടി സ്വീകരിച്ച് ആര്‍ടെക്കിനു അനുകൂലമായി ഉത്തരവിറക്കി.

ഇതാണ് വിഎസ് കോടതിയില്‍ ചോദ്യം ചെയ്തത്. കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയെ സംരക്ഷിക്കുകയും ആര്‍ടെക്കിന്റെ വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്തതു പോലെയാണ് വക്കം ശശീന്ദ്രന്‍ വാദിച്ചത്. മുഖ്യമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ പ്രോസിക്യൂഷന്‍ അനുമതി വേണ്ടതുണ്ടെന്നും അനില്‍കുമാര്‍-അയ്യപ്പ കേസിന്റെ അടിസ്ഥാനത്തില്‍ ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാകുമെന്നും കൂടാതെ ലോകായുക്തയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും ശശീന്ദ്രന്‍ വാദിച്ചു. കേസ് തുടര്‍വാദത്തിനായി ഫെബ്രുവരി 29ലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News