ഏഷ്യാകപ്പില്‍ ഇന്ത്യ പാകിസ്താനെ മലര്‍ത്തിയടിച്ചു; ഇന്ത്യയുടെ ജയം 5 വിക്കറ്റുകള്‍ക്ക്; കോഹ്‌ലിക്ക് അര്‍ധ സെഞ്ചുറി നഷ്ടം

ധാക്ക: ഏഷ്യാകപ്പില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെണീറ്റ ഇന്ത്യ പാകിസ്താനെ മലര്‍ത്തിയടിച്ചു. 84 റണ്‍സെന്ന ദുര്‍ബലമായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 5 വിക്കറ്റുകള്‍ക്കാണ് പാകിസ്താനെ തോല്‍പിച്ചത്. 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 85 റണ്‍സെടുത്തു. ഓപ്പണര്‍മാരെ റണ്ണൊന്നുമെടുക്കാതെ നഷ്ടമായ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് വിരാട് കോഹ്‌ലിയുടെ ഒറ്റയാള്‍ പ്രകടനമായിരുന്നു. യുവരാജ് സിംഗ് കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി. കോഹ്‌ലിക്ക് ഒരു റണ്‍സ് അകലെ വച്ച് അര്‍ധസെഞ്ചുറി നഷ്ടമായി. മുഹമ്മദ് ആമിര്‍ പാകിസ്താനു വേണ്ടി 3 വിക്കറ്റു വീഴ്ത്തി.

ആദ്യ ഓവറില്‍ തന്നെ സ്‌കോര്‍ബോര്‍ഡ് ചലിക്കും മുമ്പ് ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. രോഹിത് ശര്‍മയെയും അജിന്‍ക്യ രഹാനെയെയും പൂജ്യത്തിനാണ് ഇന്ത്യക്ക് നഷ്ടമായത്. തുടര്‍ന്ന് കോഹ്‌ലിയും സുരേഷ് റെയ്‌നയും എത്തി. എന്നാല്‍, റെയ്‌നയും നിലയുറപ്പിക്കുന്നതിനു മുമ്പ് 1 റണ്‍സെടുത്ത് നഷ്ടമായി. ശ്രദ്ധയോടെ ബാറ്റു ചെയ്ത കോഹ്‌ലി ഇന്ത്യയെ ജയത്തോട് അടുപ്പിച്ചു. എന്നാല്‍, 49 റണ്‍സെടുത്ത കോഹ്‌ലിയെ മുഹമ്മദ് സമി വിക്കറ്റിനു മുന്നില്‍ കുടുക്കി.

ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ പമ്പരം പോലെ കറങ്ങുകയായിരുന്നു പാകിസ്താന്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താന്‍ 83 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ ബോളിംഗ് നിരയ്ക്കു മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുകയായിരുന്നു പാകിസ്താന്‍. തുടക്കം മുതല്‍ വിയര്‍ത്ത പാകിസ്താനെ ചുരുട്ടിക്കെട്ടുക ഇന്ത്യക്ക് ബുദ്ധിമുട്ടായിരുന്നില്ല. ബാറ്റ്‌സമാന്‍മാര്‍ ഓരോരുത്തരായി അതിവേഗത്തില്‍ കൂടാരം കയറിയതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 84 റണ്‍സില്‍ ഒതുങ്ങി. 25 റണ്‍സെടുത്ത സര്‍ഫറാസ് അഹമ്മദ് മാത്രമാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. 8 ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

പാകിസ്താന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ 4 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിനെ നെഹ്‌റ ധോണിയുടെ കൈകളിലെത്തിച്ചു. വൈകാതെ 7 റണ്‍സെടുത്ത ഷര്‍ജീല്‍ ഖാനെ ബൂംറയും മടക്കി. 10 റണ്‍സെടുത്ത ഖുറാം മന്‍സൂറിനെ കോഹ്‌ലി റണ്ണൗട്ടാക്കി. 4 റണ്‍സെടുത്ത ഷോയബ് മാലിക്കിനെ ഹര്‍ദിക് പാണ്ഡ്യയും 3 റണ്‍സെടുത്ത ഉമര്‍ അക്മലിനെ യുവരാജ് സിംഗും മടക്കി. അപകടകാരിയായ ഷാഹിദ് അഫ്രീദി റണ്ണൗട്ടായി. സര്‍ഫറാസ് അഹമ്മദ് ദുര്‍ബലമെങ്കിലും ഒരു ചെറുത്തുനില്‍പ് പ്രകടമാക്കിയെങ്കിലും കാര്യമായ പിന്തുണ നല്‍കാന്‍ മധ്യനിരയിലോ വാലറ്റത്തോ ആരും ഉണ്ടായിരുന്നില്ല. 25 റണ്‍സില്‍ ആ ചെറുത്തുനില്‍പും അവസാനിച്ചു.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. കണ്ണടച്ചു തുറക്കും മുമ്പ് വാലറ്റം തിരികെ ഡ്രസിംഗ് റൂമില്‍ എത്തുന്നതാണ് പാകിസ്താന്‍ കണ്ടത്. വഹാബ് റിയാസ് 4ഉം, മുഹമ്മദ് സമി 8ഉം മുഹമ്മദ് ആമിര്‍ 1 റണ്‍സെടുത്തും പുറത്തായി. അങ്ങനെ ആ പോരാട്ടം 83 റണ്‍സില്‍ അവസാനിച്ചു. ഹര്‍ദിക് പാണ്ഡ്യ 3ഉം രവീന്ദ്ര ജഡേജ രണ്ടും നെഹ്‌റയും ബൂംറയും യുവരാജും ഓരോ വിക്കറ്റും വീഴ്ത്തി.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News