കാടും കാറ്റും കാട്ടാനയും; കണ്ണിമ ചിമ്മാതെ കാണണം ഉടുത്തൊരുങ്ങി നില്‍ക്കുന്ന വാല്‍പാറയെ

കോയമ്പത്തൂര്‍ ജില്ലയുടെ അതിര്‍ത്തിപ്രദേശമായ വാല്‍പാറ കാണാന്‍ പോകണമെന്ന ആഗ്രഹത്തിന് വര്‍ഷങ്ങളുടെ കാത്തിരിപ്പുണ്ട്. എത്രയോ തവണ യാത്ര പ്‌ളാന്‍ ചെയ്‌തെങ്കിലും പല കാരണങ്ങളാല്‍ നടന്നില്ല. ഇക്കഴിഞ്ഞ ക്രിസ്തുമസ് അവധിയിലാണ് ഒത്തുവന്നത്. പോകുന്നതിന് നാല് ദിവസം മുമ്പാണ് വാല്‍പാറയില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി പത്രത്തില്‍ വാര്‍ത്ത കണ്ടത്.

valparai-lead-1

കാട്ടാനകള്‍ കൂട്ടത്തോടെ റോഡിലേക്കിറങ്ങുതാണത്രെ കാരണം. ഇതോടെ യാത്ര മാറ്റിവെക്കേണ്ട ഘട്ടത്തിലെത്തി. ക്രിസ്തുമസ് തലേന്ന് കോയമ്പത്തൂരിലുള്ള സുഹൃത്തിനെ വിളിച്ച് നിയന്ത്രണത്തെകുറിച്ച് ചോദിച്ചു. ആനകള്‍ കാടു കയറിയതിനാല്‍ തല്‍ക്കാലത്തേക്കു നിയന്ത്രണം നീക്കിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ വീണ്ടും യാത്രക്കുള്ള ഒരുക്കങ്ങള്‍ സജീവമാക്കി.
ഡിസംബറിലെ മഞ്ഞ് പെയ്യുന്നൊരു പ്രഭാതത്തിലാണ് വാല്‍പാറയെന്ന തമിഴക പ്രകൃതിയെ പുല്‍കാല്‍ ആറ് സുഹൃത്തുക്കള്‍ക്കൊപ്പം പുറപ്പെട്ടത്.

യാത്ര ബൈക്കിലായതിനാല്‍ ഓവര്‍കോട്ട് ധരിച്ചിട്ടും വെളുപ്പാന്‍കാലത്തെ തണുപ്പുകാറ്റ് നുഴഞ്ഞുകയറി ശരീരത്തെ മരവിപ്പിച്ചുകൊണ്ടിരുന്നു. തൃശൂര്‍ കുന്നംകുളത്ത് സുഹൃത്ത് കാത്തുനില്‍ക്കുന്നുണ്ട്. അവിടുന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്ന് കരുതി കത്തിച്ചു വിട്ടു. പ്രഭാതഭക്ഷണം കഴിച്ച് കൃത്യം 9.15ന് ഞങ്ങള്‍ ചാലക്കുടിയിലത്തെി. ഇവിടെനിന്ന് ആതിരപ്പിള്ളി വഴിയാണ് പോകേണ്ടത്. ദേശീയപാതയില്‍നിന്ന് 31 കിലോമീറ്റര്‍ സഞ്ചരിക്കണം അതിരപ്പിള്ളി വെള്ളച്ചാട്ടം പ്രദേശത്തേക്ക്. ബൈക്ക് സുഹൃത്തിനോട് ഓടിക്കാന്‍ പറഞ്ഞു ഞാന്‍ പിറകിലിരുന്നു. വഴിയില്‍നിന്നു വാങ്ങിയ ഓറഞ്ച് രണ്ടെണ്ണം അകത്താക്കി.

valparai-lead-2

റോഡിനിരുവശവും നിരയായി കണ്ട ചെറുവീടുകള്‍ പതിയെ വന്‍ മരങ്ങള്‍ക്ക് വഴിമാറിത്തുടങ്ങി. ഇവിടുന്നങ്ങോട്ട് പൊള്ളാച്ചി വരെ നീണ്ടുകിടക്കുന്ന വഴികള്‍ക്കിരുവശവും പശ്ചിമഘട്ട മലനിരകളുടെ വിവിധ കാഴ്ചകള്‍ കാത്തിരിക്കുന്നുണ്ട്. കാടുകളുടെയും തടാകങ്ങളുടെയും ചെറുവെള്ളച്ചാട്ടങ്ങളുടെയും തേയിലക്കുന്നുകളുടെയുമൊക്കെ നൂറു നൂറു ഭാവങ്ങളിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. തുമ്പൂര്‍മുഴി റിവര്‍ ഗാര്‍ഡനാണു വഴിയോരത്ത് ആദ്യം സ്വാഗതം പറഞ്ഞത്. വേനലിന്റെ തുടക്കത്തില്‍തന്നെ പുഴ വറ്റിക്കിടക്കുന്നു. വെള്ളം തങ്ങിനില്‍ക്കുന്ന ചെറുകുഴികള്‍ക്കിടയിലൂടെ സഞ്ചാരികള്‍ നടന്നുനീങ്ങുന്നു. പുഴയ്ക്കു കുറുകെയുള്ള തൂക്കുപാലത്തില്‍ തിരക്കാണെങ്കിലും മറുകരയിലെത്തി. ഉദ്യാനത്തില്‍ അല്‍പനേരം വിശ്രമിച്ച് യാത്രതുടര്‍ന്നു.

ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് അര കിലോമീറ്റര്‍ മുന്നേ വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുകയാണ്. ക്രിസ്തുമസ് ആയതിനാല്‍ സഞ്ചാരികളുടെ അഭൂതപൂര്‍വമായ തിരക്കാണ്. പതിയെ ബൈക്ക് നീങ്ങുന്നതിനിടെ അതാ ദൂരെ, ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ അതിരപ്പിള്ളിയുടെ അപ്‌സരസുന്ദരി കണ്ണുകളെ വിളിക്കുന്നു. ചിത്രങ്ങളിലും സിനിമകളിലുമൊക്കെ കണ്ടു കൊതിതീര്‍ന്ന വെള്ളച്ചാട്ടത്തെ ദൂരെ നിന്നു കാണണം, പാറക്കെട്ടുകള്‍ക്കിടയിലേക്കു മൂന്നു വെളുത്ത വരയായി ശാന്തമായി ഒഴുകിയിറങ്ങുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. അടുത്തത്തെിയാല്‍ ശാന്തത രൗദ്രത്തിലേക്ക് വഴിമാറും. ആകാശത്തുനിന്ന് പാറക്കെട്ടുകളിലേക്ക് വീണ് ആര്‍ത്തലച്ച് കരയുന്ന മാലാഖയാണ് അവളെന്ന് ചാരത്ത് നില്‍ക്കുമ്പോള്‍ തോന്നിപ്പോകും.

valparai-lead-3

കാറ്റത്ത് പാറിയത്തെുന്ന ജലകണങ്ങള്‍ ശരീരത്തെ കുളിര്‍പ്പിക്കുകയും നനക്കുകയും ചെയ്തുകൊണ്ടിരുന്നു. ‘ബാഹുബലി’യടക്കം അനേകം സിനിമകളുടെ ലൊക്കേഷന്‍ കൂടിയാണ് ഇവിടം. ഒരുപാട് കാഴ്ചകള്‍ മുന്നില്‍ കാത്തിരിക്കുന്നതിനാല്‍ അതിരപ്പിള്ളിയോട് വേഗം യാത്ര പറഞ്ഞു. കുറച്ചു ദൂരം സഞ്ചരിച്ചാല്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് സമീപം വനം വകുപ്പിന്റെ ചെക്‌പോസ്റ്റാണ്. വൈകീട്ട് ആറ് മണിക്ക് മുമ്പ് തിരികെ വരണമെന്ന നിബന്ധനയിലാണ് വാഹനങ്ങള്‍ വനമേഖലയിലേക്ക് കടത്തിവിടുന്നത്. നാടുകടന്ന് ഞങ്ങള്‍ കാട്ടില്‍ പ്രവേശിച്ചു.

ഇനി സഞ്ചാരം കാട്ടിലൂടെയാണ്. ആനകള്‍ റോഡിലിറങ്ങിനില്‍ക്കുന്നുണ്ടാകുമെന്ന ഭയത്താല്‍ നാല് ബൈക്കുകളും ഒരുമിച്ചാണ് നീങ്ങിയത്. വാഴച്ചാലില്‍നിന്ന് വനമേഖല അവസാനിക്കുന്ന മലക്കപ്പാറയിലേക്ക് 71 കിലോമീറ്ററാണ് ദൂരം. കാട്ടിലേക്ക് പ്രവേശിച്ചയുടന്‍ തണുത്ത കാറ്റില്‍ കുളിരാന്‍ തുടങ്ങി. വന്‍മരങ്ങള്‍ക്കിടയില്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്ന കറുത്ത പാതയിലൂടെ പതിയെയാണ് പോകുന്നത്. കാടിന്റെ ‘ഉടമസ്ഥര്‍’ റോഡിന്റെ ഓരങ്ങളിലായി ഞങ്ങളെ കാത്തിരുന്നു. കടുവ, പുലി, ആന എന്നിവ വിഹരിക്കുന്ന ഇവിടെ സിംഹവാലന്‍ കുരങ്ങ്, മയില്‍ എന്നിവയല്ലാതെ മറ്റൊരു ‘കാട്ടുവാസി’കളെയും കണ്ടില്ല. റോഡില്‍ പല ഭാഗത്തും കണ്ട ആനപിണ്ഡങ്ങള്‍ ഭീതി വര്‍ധിപ്പിച്ചെങ്കിലും, ഫ്രെയിമിലൊതുക്കാന്‍ പാകത്തില്‍ കാട്ടാനക്കൂട്ടത്തെ കാണണേ എന്നായിരുന്നു മനസ്സില്‍.

വാല്‍പാറയിലേക്കുള്ള യാത്രയില്‍ മറക്കാനാവാത്ത ഒരു അനുഭൂതി തന്നെയാകും ഈ വനയാത്ര. റോഡിനോടു തൊട്ട് അതിരിടുന്ന കാട് സഞ്ചാരികളുടെ മനം കവരും, തീര്‍ച്ചയാണ്. കാട്ടിനുള്ളില്‍നിന്ന് ഒരു തുമ്പിക്കൈ റോഡിലേക്ക് ഉയര്‍ന്നു വന്നാല്‍ പോലും അദ്ഭുതപ്പെടേണ്ടതില്ല. കാട്ടുകൊമ്പന്‍മാര്‍ നിമിഷങ്ങള്‍ക്ക് മുമ്പ് എത്തിയിട്ടുണ്ടെന്ന് തോന്നുന്ന വിധം ഈറ്റക്കാടുകള്‍ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും മറിഞ്ഞുവീണതും കണ്ടു.
കാട്ടുപൂക്കളുടെ ഗന്ധം ശ്വസിച്ച്, തണുത്ത കാറ്റിന്റെ കൈപിടിച്ച്, പക്ഷികളുടെയും കാട്ടാറുകളുടെയുമൊക്കെ ശബ്ദം ശ്രവിച്ച് അങ്ങനെയങ്ങനെ ഒരു സ്വപ്നസഞ്ചാരമാണിത്.

valparai-lead-4

നിലംപറ്റി നില്‍ക്കുന്ന പച്ചപ്പുല്ലുകളും കരിമ്പാറക്കെട്ടുകളും നിബിഢ വനപ്രദേശവും കടന്ന് ഷോളയാര്‍ ഡാമിന്റെ ചാരെയത്തെി. പച്ചപ്പിനോട് ഒട്ടിയുറങ്ങുന്ന ജലാശയമാണു ഷോളയാര്‍. കടുംനീല നിറമാണ് ഇവിടുത്തെ ജലാശയങ്ങള്‍ക്ക്. വീശിയടിക്കുന്ന കാറ്റില്‍ നീലജലം ഓളംവെട്ടുന്നത് അല്‍പനേരം കണ്ടുനിന്നു. സമയം കാത്തുനില്‍ക്കാത്തതിനാല്‍ കാഴ്ചകളെ തേടി വീണ്ടും യാത്ര തുടങ്ങി. ദൂരം പോകുംതോറും തണുപ്പ് കൂടിവന്നു. യാത്ര ബൈക്കിലായതിനാല്‍ തണുപ്പിലലിഞ്ഞ് കാട്ടിലൂടെ പറന്നു പോകുന്നതു പോലെയുള്ള ഒരനുഭവമാണ്. മഞ്ഞയും വെള്ളയും ചുവപ്പും നിറമുള്ള കാട്ടുപൂക്കള്‍ വഴിയോരങ്ങളില്‍ വീണുകിടക്കുന്നു. ദൂരെ മലഞ്ചെരിവുകളില്‍ മരങ്ങള്‍ പൂത്തു നില്‍ക്കുന്നു. അപൂര്‍വ ഔഷധസസ്യങ്ങളുടെ കലവറയും പലജാതി പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ആവാസകേന്ദ്രവുമാണ് ഈ കാട്.

ബൈക്കില്‍ പോകുമ്പോഴേ കേള്‍ക്കാം പക്ഷികളുടെ കലപില ശബ്ദം. റോഡിന്റെ ഇടതുഭാഗത്ത് ഷോളയാര്‍ ജലാശയം നീണ്ടുകിടക്കുന്നത് മരങ്ങള്‍ക്കിടയിലൂടെ ഏറെ ദൂരം കാഴ്ചയൊരുക്കി. പൈന്‍ മരങ്ങള്‍ക്കിടയിലൂടെ കാട്ടുചോലകള്‍ കണ്ടുകണ്ട് ഇടമലയാര്‍ റിസര്‍വ്, ഷോളയാര്‍ റിസര്‍വ്, പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് വനപ്രദേശങ്ങളിലൂടെ എത്ര സഞ്ചരിച്ചിട്ടും അവസാനിക്കാത്തതു പോലെ. കാടിന്റെ തണുപ്പും ശുദ്ധമായ അന്തരീക്ഷവും കാരണമാകാം ക്ഷീണം തോന്നുന്നേയില്ല. ഉച്ചയോടെ മലക്കപ്പാറയിലത്തെി. മൂന്നു ചെറിയ ഹോട്ടലുകളും പത്തില്‍ താഴെ വീടുകളുമുള്ള ചെറിയ ഒരു ‘ടൗണ്‍’ ആണ് മലക്കപ്പാറ. ഇവിടുന്ന് ഭക്ഷണം കഴിച്ച് വാല്‍പാറയെ ലക്ഷ്യമാക്കി നീങ്ങി. കാട് അവസാനിക്കുന്നിടത്ത് വനം വകുപ്പിന്റെ ചെക്‌പോസ്റ്റില്‍ വീണ്ടും പരിശോധന.

valparai-lead-5

കാടും കാട്ടാറുകളും ഇവിടെ അവസാനിക്കുകയാണ്. ഇനി തേയിലക്കുന്നുകള്‍ കഥപറയുന്ന തമിഴക ഗ്രാമങ്ങളിലൂടെയാണ് സഞ്ചാരം. നാലു ഭാഗവും കണ്ണെത്താദൂരം പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളില്‍ മഞ്ഞു പെയ്തു തുടങ്ങിയിരുന്നു. ഇവിടുത്തെ തേയിലത്തോട്ടങ്ങള്‍ക്കു ചില പ്രത്യേകതകളുണ്ട്. തേയിലക്കുന്നുകളില്‍നിന്ന് ഉല്‍ഭവിക്കുന്ന ചെറുചോലകള്‍ വെള്ളിവരപോലെ ദൂരെ, ദൂരെ കാണാം. കാട്ടുപോത്തുകളും കാട്ടാനക്കൂട്ടങ്ങളും വഹരിക്കുന്ന കുന്നുകളാണിത്. കുന്നുകളുടെ അടിത്തട്ടുകളിലൂടെ ശുദ്ധമായ ജലാശയം പരന്നൊഴുകുന്നു. നീലാകാശത്തെ തൊട്ടു പോകുന്നതു പോലെയാണ് സമുദ്രനിരപ്പില്‍നിന്ന് 3500 അടി ഉയരത്തിലൂടെയുള്ള സഞ്ചാരം അനുഭവപ്പെടുക.

വാല്‍പാറയില്‍നിന്നു കാട്ടിനുള്ളിലേക്ക് പ്രവേശിച്ചാല്‍ സുന്ദരമായ സ്ഥലങ്ങള്‍ കാണാമെങ്കിലും വനംവകുപ്പിന്റെ നിയന്ത്രണം കാരണം പഴയ വാല്‍പാറയിലത്തെിയപ്പോള്‍ പൊള്ളാച്ചി റോഡിലേക്ക് തിരിഞ്ഞു. വളഞ്ഞുപുളഞ്ഞ് കിടക്കുന്ന ചെറുപാതകള്‍ പച്ചക്കുന്നുകള്‍ക്കിടയില്‍ കറുത്തു കിടക്കുന്നത് ദൂരെനിന്നു കാണാം. ഇടയ്ക്കിടെ ആരാധനാലയങ്ങളും ചെറുകുടിലുകളും ചായക്കടകളും പിന്നിലേക്ക് പാഞ്ഞു കൊണ്ടിരുന്നു. ആനയെ കണ്ടില്ലെന്ന് നിരാശപ്പെടേണ്ടി വന്നില്ല, ഒരു ഒറ്റയാന്‍ തേയിലക്കുന്നില്‍ കാഴ്ചയിലേക്ക് കയറിവന്നു. റോഡിന് കുറച്ചകലെയായതിനാല്‍ വണ്ടിനിര്‍ത്തി.

അഞ്ച് മണിയോടെ പൊള്ളാച്ചി ചുരം തുടങ്ങുന്നതിന് മുമ്പായി ചെറിയൊരു തട്ടുകടയില്‍ നിന്ന് ചായ കുടിച്ചു. തണുത്തുറഞ്ഞ ശരീരം ഒന്നു ചൂടുപിടിച്ചു. അല്‍പം വിശ്രമത്തിന് ശേഷം ചുരമിറങ്ങാന്‍ തുടങ്ങി. 40 ഹെയര്‍പിന്‍ വളവുകളുള്ള ചുരമാണിത്. കുത്തനെയുള്ള പാറക്കെട്ടിലൂടെ നിര്‍മിച്ച ചുരത്തിലൂടെയുള്ള സഞ്ചാരം പേടിപ്പെടുത്തുന്നതാണ്. സൂര്യന്‍ പടിഞ്ഞാറ് കാഴ്ചകളുടെ പകലവസാനിപ്പിക്കുമ്പോള്‍ ചുരത്തിനു പകുതിയെത്തിയിരുന്നു ഞങ്ങള്‍. അപ്പോഴാണ് ആളിയാര്‍ ഡാമിന്റെ ആകാശക്കാഴ്ച കണ്ടത്. കിഴക്ക് ഉദിച്ച ചന്ദ്രന്റെ പ്രതിബിംബം ജലാശയത്തില്‍ പ്രതിഫലിക്കുന്ന മനോഹരമായ കാഴ്ചയാണത്. ചുരമിറങ്ങി പൊള്ളാച്ചിയില്‍നിന്ന് ഭക്ഷണവും കഴിച്ച് പാലക്കാട് വഴി വീട്ടിലെത്തിയപ്പോള്‍ പിന്നിട്ട ദൂരം 415 കിലോമീറ്റര്‍. അപ്പോഴും കാട്ടാനക്കൂട്ടത്തെ ഫ്രെയിമില്‍ കിട്ടാത്ത നിരാശ മാറിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here