ആര്‍എസ്പി വന്നപ്പോള്‍ ലീഗിന് സീറ്റ് പോകും; ഇരവിപുരത്തിനായി ലീഗും ആര്‍എസ്പിയും തര്‍ക്കം; ഇരവിപുരം ആര്‍എസ്പിക്കു തന്നെയെന്ന് കോണ്‍ഗ്രസ്

കൊല്ലം: തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റിന് അവകാശവാദം ഉന്നയിച്ച് മുസ്ലിംലീഗ്. തെക്കന്‍ കേരളത്തില്‍ രണ്ടു സീറ്റ് വേണമെന്ന് ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. ജില്ലയിലെ സിറ്റിംഗ് സീറ്റായ ഇരവിപുരം വിട്ടുകൊടുക്കേണ്ടതില്ലെന്നും ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അതേസമയം സീറ്റ് വിഭജനം യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇരവിപുരം സീറ്റ് വിട്ടുകൊടുക്കുന്ന കാര്യവും മുന്നണിയില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

1980 മുതല്‍ തെക്കന്‍ കേരളത്തില്‍ ലീഗ് മത്സരിക്കുന്ന ഇരവിപുരം സീറ്റ് ലീഗിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണെന്നാണ് കൊല്ലത്ത് ചേര്‍ന്ന ലീഗ് മണ്ഡലം ഭാരവാഹികളുടെ യോഗത്തിന്റെ
നിലപാട്. അതുകൊണ്ടു തന്നെ ഒരു നീക്കുപോക്കിനും നേതൃത്വം വഴങ്ങരുതെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. മാത്രമല്ല തെക്കന്‍ കേരളത്തില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യവും ലീഗ് ഉന്നയിക്കും.

അതേസമയം ഇരവിപുരത്ത് ആര്‍എസ്പിയും മത്സരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി എ.എ അസീസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ആര്‍എസ്പി തുടങ്ങിക്കഴിഞ്ഞു. ജയസാധ്യത ഇല്ലാത്ത ഏതെങ്കിലും മണ്ഡലം നല്‍കി ലീഗിനെ ഒതുക്കാനാണ്
കോണ്‍ഗ്രസിന്റെ നീക്കം. ആര്‍എസ്പി യുഡിഎഫില്‍ എത്തിയതോടെ കൊല്ലത്ത് ലീഗിനെതിരെ കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി രംഗത്ത് വരുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിനെ കാലുവാരിയതും വരാന്‍ പോകുന്ന നിയമസഭാതെരഞ്ഞടുപ്പില്‍ തങ്ങളെ ദുര്‍ബലപ്പെടുത്താനാണെന്നും ലീഗ് നേതൃത്വം വിശ്വസിക്കുന്നു.

എന്നാല്‍, സീറ്റ് തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ആര്‍എസ്പിക്കൊപ്പമാണ്. ആര്‍എസ്പി മത്സരിച്ചു വരുന്ന മൂന്നു സീറ്റുകള്‍ അവര്‍ക്കു തന്നെ നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടെന്ന് ഡിസിസി പ്രസിഡന്റ് സത്യശീലന്‍ പറഞ്ഞു. അതില്‍ തര്‍ക്കം വേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. ബാക്കിയുള്ള എട്ടു സീറ്റുകളില്‍ ജില്ലയില്‍ നിന്നുള്ള ജയസാധ്യതയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മത്സരിക്കാനും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഇരവിപുരം. ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളാണ് ആര്‍എസ്പിക്കുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News