വീണ്ടും പിളരാനൊരുങ്ങി കേരള കോണ്‍ഗ്രസ്; ജോസഫ് ഗ്രൂപ്പിലെ പ്രബലര്‍ യുഡിഎഫ് വിട്ടേക്കും; ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തില്‍ മാണി ഗ്രൂപ്പിലെ പ്രമുഖരുമെന്ന് സൂചന

തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകുമെന്നകാര്യത്തില്‍ വ്യക്തതയായി. മാണി വിഭാഗത്തില്‍ കെ എം മാണിയുടെയും മകന്‍ ജോസ് കെ മാണിയുടെയും നിലപാടുകളില്‍ ഭിന്നിച്ച് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജോസഫ് ഗ്രൂപ്പിലെ പ്രബലരും മാണി വിഭാഗത്തിലെ ചില പ്രമുഖരുമാണ് പുതിയ കേരള കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. പുതിയ ഗ്രൂപ്പ് യുഡിഎഫിലുണ്ടാകില്ലെന്നാണ് സൂചന.

ജോസഫ് ഗ്രൂപ്പിലെ പ്രബലരായ ആന്റണി രാജു, ഡോ. കെ സി ജോസഫ്, പി സി ജോസഫ് എന്നിവരാണ് യുഡിഎഫ് വിടാന്‍ തത്വത്തില്‍ ധാരണയായിരിക്കുന്നത്. മാണി ഗ്രൂപ്പിലെ പ്രമുഖര്‍ പലരും മുന്നണി വിടാന്‍ താല്‍പര്യം കാട്ടിയിട്ടുണ്ട്. ഇവരുമായി ജോസഫ് ഗ്രൂപ്പ് വിടുന്നവര്‍ ആശയവിനിമയം നടത്തിവരുന്നതായാണു റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ജോസ് കെ മാണി പറയുന്ന കാര്യങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും തങ്ങള്‍ക്ക് ഈ നിലപാടുമായി മുന്നോട്ടു പോകാനാവില്ലെന്നുമാണു വിമതരായിരിക്കുന്ന നേതാക്കളുടെ പക്ഷം.

ജോസ് കെ മാണിയുടെ അപ്രമാദിത്വത്തില്‍ മാണി ഗ്രൂപ്പില്‍ കഴിഞ്ഞ കുറച്ചു നാളുകളായി പുകയുകയാണ്. റബര്‍കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി സത്യഗ്രഹം നടത്തിയതോടെ പല നേതാക്കളും എതിര്‍പ്പു പരസ്യമായി പ്രകടിപ്പിച്ചു പുറത്തുവന്നു. കെ എം മാണിയും പി ജെ ജോസഫും വൈരം മറന്നു 2010ല്‍ ലയിച്ചതിനു പിന്നാലെതന്നെ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലയനത്തിനു ശേഷം ലഭിക്കുന്നില്ലെന്നു ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പലരും പരാതിപ്പെട്ടിരുന്നു.

ബാര്‍ കോഴയിടപാടു പുറത്തുവന്നപ്പോള്‍ മുതല്‍ മാണിക്കെതിരേ പി ജെ ജോസഫ് വിഭാഗത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. മാണി രാജിവയ്ക്കണമെന്ന നിലപാട് പലരും പരസ്യമായും അല്ലാതെയും പറഞ്ഞു. താന്‍ രാജി വയ്ക്കുകയാണെങ്കില്‍ ജോസഫും രാജിവയ്ക്കണമെന്നു മാണി പറഞ്ഞതോടെയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തില്‍ ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ ഇടഞ്ഞതാണ് പിളര്‍പ്പിലേക്കിപ്പോള്‍ വഴി വയ്ക്കുന്നത്. ജോസഫ് വിഭാഗത്തിലെ പ്രമുഖനായ മോന്‍സ് ജോസഫിന് സിറ്റിംഗ് സീറ്റായ കടുത്തുരുത്തി നല്‍കാനാവില്ലെന്നാണ് മാണി അറിയിച്ചത്. മോന്‍സിന് പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റല്ലാത്ത ഏറ്റുമാനൂര്‍ നല്‍കാമെന്നായിരുന്നു മാണിയുടെ നിലപാട്. മാത്രമല്ല, രണ്ടു സീറ്റേ നല്‍കൂവെന്നും പറഞ്ഞു. ഇതോടെ മുന്നണി വിടുന്നതടക്കമുള്ള ആലോചനകള്‍ ഗ്രൂപ്പ് പ്രമുഖര്‍ നടത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News