ദില്ലി: സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരിക്ക് വീണ്ടും വധഭീഷണി. യെച്ചുരിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമമുണ്ടായി. സംഭവത്തില്‍ ദില്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോണിലും വധഭീഷണി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും യെച്ചുരിക്ക് വധഭീഷണി മുഴക്കി ഫോണ്‍ കോളുകള്‍ വന്നിരുന്നു. ഈ ദിവസങ്ങളിലായി ആയിരത്തോളം കോളുകളും സന്ദേശങ്ങളുമാണ് യെച്ചുരിയുടെ ഫോണിലേക്ക് എത്തിയത്.
ജെഎന്‍യു വിഷയത്തില്‍ യെച്ചൂരി സ്വീകരിച്ച നിലപാടിന് പിന്നാലെയായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ആംആദ്മി സേനയുടെ പേരില്‍ ദില്ലി എകെജി ഭവനിലേക്ക് കഴിഞ്ഞയാഴ്ച ആദ്യം സന്ദേശമെത്തിയത്. ഇതേതുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയും എകെജി ഭവന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വീണ്ടും സന്ദേശം എത്തിയത്.
ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരത്തെ യെച്ചൂരി പിന്തുണച്ചതാണ് പ്രകോപനത്തിന് കാരണം. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ വേട്ടയാടുന്ന നടപടിക്കെതിരെ സിപിഐഎം എന്തുവിലകൊടുത്തും നിലകൊള്ളുമെന്നു യെച്ചുരി പറഞ്ഞിരുന്നു. നിലവില്‍ ആര്‍എസ്എസ് താല്പര്യമാണ് ജെഎന്‍യുവില്‍ നടപ്പാക്കുന്നത്. ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചവരല്ല അറസ്റ്റിലായതെന്നും ഗാന്ധിഘാതകരാണ് രാജ്യത്തെ മതനിരപേക്ഷകക്ഷികളെ രാജ്യദ്രോഹികളായി മുദ്ര കുത്താന്‍ ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post