യെച്ചുരി, രാഹുല്‍ ഗാന്ധി, ഡി രാജ, കെജ്‌രിവാള്‍ എന്നിവര്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസ്; പ്രതിപക്ഷ നേതാക്കളെ കുടുക്കി കേസെടുത്തത് തെലങ്കാന പൊലീസ്; കനയ്യയും ഉമര്‍ഖാലിദും മറ്റു പ്രതികള്‍

സൈബരാബാദ്: സിപിഐഎം ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഐ നേതാവ് ഡി രാജ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. തെലങ്കാനയിലെ സൈബരാബാദിലുള്ള സരൂര്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ്. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി പ്രക്ഷോഭത്തിനും ജെഎന്‍യുവിലെ സംഭവങ്ങള്‍ക്കും പിന്തുണ നല്‍കിയതിനാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കേസെടുത്തത്.

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനും ഉമര്‍ഖാലിദിനും എതിരേയും കേസെടുത്തിട്ടുണ്ട്. കെ സി ത്യാഗി, ആനന്ദ് ശര്‍മ എന്നിവരും പ്രതികളാണ്. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. രോഹിത് വെമുല ആത്മഹത്യചെയ്തതിനെത്തുടര്‍ന്നു സമരരംഗത്തിറങ്ങിയ വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി സീതാറാം യെച്ചുരിയും രാഹുല്‍ഗാന്ധിയും അടക്കമുള്ളവര്‍ ഹൈദരാബാദ് സര്‍വകലാശാല സന്ദര്‍ശിച്ചിരുന്നു.രംഗറെഡ്ഡി ജില്ലാകോടതി നിര്‍ദ്ദേശം നല്‍കിയതനുസരിച്ചാണ് കേസ് .ഒരു അഭിഭാഷകനാണ് പരാതിക്കാരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here