ദില്ലി: രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫെബ്രുവരി 24ന് പരിഗണിച്ച ജാമ്യാപേക്ഷ ദില്ലി പൊലീസിന്റെ ആവശ്യം പരിഗണിച്ച് കേസ് ഫെബ്രുവരി 29ലേക്ക് മാറ്റുകയായിരുന്നു.

കീഴടങ്ങിയ വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബെന്‍ ഭട്ടാചാര്യക്കുമൊപ്പം കനയ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ദില്ലി പൊലീസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് കനയ്യകുമാറിന്റെ ജാമ്യാപേക്ഷ മാറ്റി വച്ചത്. മാര്‍ച്ച് രണ്ടു വരെയാണ് കനയ്യയുടെ റിമാന്‍ഡ് കാലാവധി. കീഴടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കനയ്യയെ ചോദ്യം ചെയ്തിരുന്നുവെങ്കിലും രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട് പൊലീസിന് കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തിന് പൊലീസ് റിപ്പോര്‍ട്ടില്‍ യാതൊരു തെളിവുമില്ലെന്ന് കനയ്യയ്ക്ക് വേണ്ടി ഹാജരാകുന്ന കപില്‍ സിബല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കനയ്യ കുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുക മാത്രമല്ല, അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പി്ക്കുകയും ചെയ്‌തെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്തെന്ന് പൊലീസ് പറയുന്ന വിദേശികളും കനയ്യ കുമാറും തമ്മിലുള്ള ബന്ധം അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് പൊലീസിന്റെ ആവശ്യം.

അതിനിടെ, ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനും ജെഎന്‍യുവിലെ സംഭവങ്ങള്‍ക്കും പിന്തുണ നല്‍കിയ സിപിഐഎം ജനറല്‍ സെക്രട്ടറി, സിപിഐ നേതാവ് ഡി രാജ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ക്കെതിരെ തെലങ്കാന പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. തെലങ്കാനയിലെ സൈബരാബാദിലുള്ള സരൂര്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ്.

രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നു സമരരംഗത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണയുമായി സീതാറാം യെച്ചുരിയും രാഹുല്‍ഗാന്ധിയും അടക്കമുള്ളവര്‍ ഹൈദരാബാദ് സര്‍വകലാശാല സന്ദര്‍ശിച്ചിരുന്നു.