തിരുവനന്തപുരം: സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങിയ ശേഷം പറ്റിച്ചുവെന്ന നിര്‍മ്മാതാവിന്റെ പരാതിയില്‍ നടന്‍ ഫഹദ് ഫാസിലിനെതിരെ കോടതി കേസെടുത്തു. നിര്‍മാതാവും സുനിതാ പ്രൊഡക്ഷന്‍സ് ഉടമയുമായ അരോമ മണി നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്.
സിനിമയില്‍ അഭിനയിക്കാമെന്ന് കരാറില്‍ ഏര്‍പ്പെട്ടശേഷം നടന്‍ ഫഹദ് ഫാസില്‍ 4 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി. എന്നാല്‍ പിന്നീട് അഭിനയിക്കാന്‍ ഫഹദ് ഫാസില്‍ വിസമ്മതിച്ചു. സിനിമ മുടങ്ങിയതോടെ ലക്ഷങ്ങള്‍ നഷ്ടമായി എന്നുകാട്ടിയാണ് അരോമ മണി കോടതിയെ സമീപിച്ചത്. സിനിമ പൂര്‍ത്തിയാകാതെ നാല് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കുന്നില്ല. ഇതിന്മേല്‍ അമ്മ സംഘടനയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും അരോമ മണി പരാതിയില്‍ പറയുന്നു.
കഥപറഞ്ഞ് ഇഷ്ടപ്പെട്ടശേഷം സിനിമയില്‍ അഭിനയിക്കാമെന്ന് ഫഹദ് സമ്മതിച്ചു. തുടര്‍ന്ന് രണ്ട് ചെക്കുകളിലായി രണ്ട് ലക്ഷം വീതം നാലു ലക്ഷം രൂപ അഡ്വാന്‍സ് ആയി നല്‍കി. 2012ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തിരുവനന്തപുരം ശാഖയുടെ 562080, 562081 എന്നീ നമ്പറുകളിലെ രണ്ട് ചെക്കുകളാണ് നല്‍കിയത്. 2012 ഡിസംബര്‍ 15 മുതല്‍ 2013 ജനുവരി 30 വരെ ചിത്രത്തിനായി സഹകരിക്കാമെന്നായിരുന്നു ഫഹദിന്റെ ഉറപ്പ്. ഇതിനിടയില്‍ സിനിയില്‍ തിരക്കേറിയതോടെ ഫഹദ് തഴഞ്ഞു. പലവട്ടം ഫഹദുമായി ബന്ധപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ചിത്രീകരണം നീട്ടിവെച്ചു എന്നും പരാതിയില്‍ ആരോപിക്കുന്നു.
തിരക്കാണെന്നും ഡേറ്റ് നീട്ടണം എന്നും ഫഹദ് നേരിട്ട് ആവശ്യപ്പെട്ടു. ഫഹദിന്റെ വാക്കുകളില്‍ വിശ്വസിച്ച് കലാഭവന്‍ തിയേറ്ററില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ചിത്രത്തിന്റെ പൂജയും നടത്തി. പിന്നീട് ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് ഫഹദിന്റെ മാനേജര്‍ അറിയിച്ചു. ചിത്രം മുടങ്ങിയതോടെ ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും നല്‍കിയ ലക്ഷങ്ങളുടെ അഡ്വാന്‍സ് തുക നഷ്ടമായി. ഫഹദിന് നല്‍കിയ അഡ്വാന്‍സിനായി മൂന്നരവര്‍ഷമായി പിറകെ നടന്നു എങ്കിലും ഫലം ഉണ്ടായില്ലെന്നുമാണ് ഫഹദ് ഫാസിലിനെതിരെ അരോമ മണിയുടെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here