കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം പ്രഹസനം മാത്രമെന്ന് കോടിയേരി; ഡോണിയര്‍ വിമാനം ഇറക്കി ഉമ്മന്‍ചാണ്ടി ആളെ പറ്റിച്ചു; ബജറ്റില്‍ കേരളം ഇന്ത്യയുടെ ഭാഗമാണെന്നു പോലും കേന്ദ്രം മറന്നുപോയി

കൊച്ചി: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം പ്രഹസനം മാത്രമായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡോണിയര്‍ വിമാനം ഇറക്കി ആളെ പറ്റിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. ഒരു വിമാനത്താവളത്തില്‍ ഏതു തരം വിമാനമാണോ സര്‍വീസ് നടത്തുന്നത് ആ വിമാനം ഇറക്കിയാണ് പരീക്ഷണപ്പറക്കല്‍ നടത്താറുള്ളത്. എന്നാല്‍, ഇവിടെ ഏതു വിമാനമാണ് ഇറങ്ങുകയെന്നോ ഏതൊക്കെ സര്‍വീസ് ഉണ്ടായിരിക്കുമെന്നോ വക്തമല്ല. എല്‍ഡിഎഫ് ഭരണകാലത്ത് 4,000 മീറ്റര്‍ റണ്‍വേയില്‍ വിമാനത്താവളം നിര്‍മിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ വിമാനത്താവളം 2,400 മീറ്റര്‍ റണ്‍വേ മാത്രമാണെന്നും കോടിയേരി പറഞ്ഞു.

കേരളത്തെ തീര്‍ത്തും അവഗണിച്ച ബജറ്റാണ് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. കേരളം ഇന്ത്യയുടെ ഭാഗമാണെന്നു പോലും കേന്ദ്രമന്ത്രി മറന്നുപോയി. ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. കേരളത്തോടു കടുത്ത അവഗണനയാണ് ബജറ്റിലുള്ളത്. പലിശയിളവിനു വേണ്ടി മാറ്റിവച്ച തുകയായ 15000 കോടി രൂപ എന്നത് ദേശീയതലത്തില്‍ തന്നെ അപര്യാപ്തമാണ്. പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി വേണം എന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചില്ല. ഐഐടി, എയിംസ് എന്നീ ആവശ്യങ്ങളും പരിഗണിച്ചില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കാന്‍ പദ്ധതിയില്ല. ഫാക്ട് അടക്കമുള്ള കേരളത്തിലെ പല കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. വിലവര്‍ധനവ് സൃഷ്ടിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.

പണപ്പെരുപ്പ നിരക്ക് കുറഞ്ഞു എന്നാണ് മന്ത്രിയുടെ അവകാശവാദം. എന്നാല്‍, പരിപ്പ് അടക്കം സകലമാന വസ്തുക്കള്‍ക്കും കേരളത്തിലും രാജ്യതലസ്ഥാനമായ ദില്ലിയിലും വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഈ വസ്തുതകള്‍ മുന്നില്‍ നില്‍ക്കെ പണപ്പെരുപ്പം കുറഞ്ഞെന്ന അവകാശവാദം യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല. കേരളത്തോട് ബജറ്റില്‍ കാണിച്ച ശക്തമായ അവഗണനയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

യെച്ചൂരി, ഡി. രാജ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നു. യെച്ചൂരിക്കെതിരെ തുടര്‍ച്ചയായി വധഭീഷണി വരുന്നു. സംഘപരിവറിനെതിരെ രംഗത്തുവരുന്ന നേതാക്കളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം. രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള നീക്കത്തില്‍ ശക്തമായി അപലപിക്കുന്നു. ഇതിനെതിരെ സിപിഐഎം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here