പ്രൊഫ. എം തോമസ് മാത്യുവിനും കാവാലത്തിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം; മേതില്‍ സമഗ്രസംഭാവന പുരസ്‌കാരം നിരസിച്ചു

തൃശൂര്‍: രണ്ടായിരത്തി പതിനാലിലെ കേരള സാഹിത്യ അക്കാദമി വിഷിഷ്ടാംഗത്വവും സമഗ്ര സംഭാവനാ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. പ്രൊഫസര്‍ എം. തോമസ് മാത്യു, കാവാലം നാരായണ പണിക്കര്‍ എന്നിവര്‍ക്കാണ് അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിക്കുന്നത്. അമ്പതിനായിരം രൂപയും സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അറുപത് വയസ് പിന്നിട്ട എഴുത്തുകാര്‍ക്കായുള്ള സമഗ്ര സംഭാവന പുരസ്‌കാരം ആറുപേര്‍ പങ്കിട്ടു. ശ്രീധരന്‍ ചമ്പാട്, വേലായുധന്‍ പണിക്കശേരി, ഡോ. ജോര്‍ജ് ഇരുമ്പയം, മേതില്‍ രാധാകൃഷ്ണന്‍, ദേശമംഗലം രാമകൃഷ്ണന്‍, ചന്ദ്രകല എസ് കമ്മത്ത് എന്നിവരാണ് സമഗ്ര സംഭാവന പുരസ്‌കാരത്തിന് അര്‍ഹരായത്.

അതേസമയം, അക്കാദമികളെ അംഗീകരിക്കാത്തതിനാല്‍ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്‌കാരം നിരസിക്കുകയാണെന്നു മേതില്‍ രാധാകൃഷ്ണന്‍ അറിയിച്ചു. വിവിധ വിഭാഗങ്ങളിലെ കൃതികള്‍ക്കുള്ള അക്കാദമി പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. കവിതാ വിഭാഗത്തില്‍ പി.എന്‍ ഗോപീകൃഷ്ണന്‍ പുരസ്‌കാരത്തിന് അര്‍ഹനായി. ഇടിക്കാലൂരി പനമ്പട്ടടി എന്ന കൃതിക്കാണ് പുരസ്‌കാരം. ‘കെ.ടി.എന്‍ കോട്ടൂര്‍, എഴുത്തും ജീവിതവും’ എന്ന നോവലിന് ടി.പി രാജീവന്‍ പുരസ്‌കാരം നേടി. നാടക കൃതിയില്‍ വി.കെ പ്രഭാകരനും (ഏറേറ്റ് മലയാളന്‍), ചെറുകഥയില്‍ വി.ആര്‍ സുധീഷും (ഭവനഭേദനം), സാഹിത്യ വിമര്‍ശനത്തില്‍ – ഡോ.എം. ഗംഗാധരനും (ഉണര്‍വിന്റെ ലഹരിയിലേക്ക്), വൈജ്ഞാനിക സാഹിത്യത്തില്‍ – ഡോ. എ അച്യുതനും (പരിസ്ഥിതി പഠനത്തിന് ഒരു ആമുഖം) പുരസ്‌കാരം നേടി.

ബാലസാഹിത്യത്തിനുള്ള അക്കാദമി പുരസ്‌കാരമായ ശ്രീപത്മനാഭ സ്വാമി സമ്മാനത്തിന് എം. ശിവദാസ് (ആനത്തൂക്കം വെള്ളി) അര്‍ഹനായി. ഹാസ്യ സാഹിത്യത്തില്‍ ടി.ജി വിജയകുമാര്‍ (മഴപെയ്തു തോരുമ്പോള്‍) പുരസ്‌കാരം നേടി. ജീവചരിത്രം / ആത്മകഥ – സി.വി ബാലകൃഷ്ണന്‍ (പരല്‍മീന്‍ നീന്തുന്ന പാടം), യാത്രാ വിവരണം – കെ.എ ഫ്രാന്‍സിസ് (പൊറ്റെക്കാടും ശ്രീയാത്തൂണും ബാലിദ്വീപും), വിവര്‍ത്തനം – സുനില്‍ ഞാളിയാത്ത് (ചോഖോര്‍ബാലി) എന്നിവയാണ് മറ്റ് പുരസ്‌കാരങ്ങള്‍.

അക്കാദമിയുടെ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും പ്രഖ്യാപിച്ചു. ഐ.സി ചാക്കോ അവാര്‍ഡിന് എ.എം ശ്രീധരനും (ബ്യാരി ഭാഷാ നിഘണ്ടു), സി.ബി കുമാര്‍ അവാര്‍ഡിന് ടി.ജെഎസ് ജോര്‍ജും (ഒറ്റയാന്‍) കെ.ആര്‍ നമ്പൂതിരി അവാര്‍ഡിന് പി.എന്‍ ദാസും (ഒരു തുള്ളി വെളിച്ചം) അര്‍ഹനായി. എന്‍.പി സന്ധ്യയ്ക്കാണ് (ശ്വസിക്കുന്ന ശബ്ദം മാത്രം) കനകശ്രീ അവാര്‍ഡ്. ഗീതാ ഹിരണ്യന്‍ അവാര്‍ഡിന് വി.എം ദേവദാസും (മരണസഹായി), ജി.എന്‍ പിള്ള അവാര്‍ഡിന് മനോജ് മാതിരപ്പിള്ളിയും (കേരളത്തിലെ ആദിവാസികള്‍ കലയും സംസ്‌കാരവും), കുറ്റിപ്പുഴ അവാര്‍ഡിന് പിപി രവീന്ദ്രനും (എതിരെഴുത്തുകള്‍ – ഭാവുകത്തിന്റെ ഭൂമിശാസ്ത്രം) അര്‍ഹരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News