ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹത്തിന് തെളിവില്ലെന്ന് ദില്ലി പൊലീസ്. ദില്ലി ഹൈക്കോടതിയിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്. കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പൊലീസ് കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്നു വ്യക്തമാക്കി കോടതിയില്‍ നിലപാടെടുത്തത്. കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാനായി നാളെത്തേക്ക് മാറ്റി.
നിലപാട് മാറ്റി രംഗത്തെത്തിയ ദില്ലി പൊലീസിന് ഹൈക്കോടതിയില്‍ നിന്നും രൂക്ഷമായ ശകാരം ഏറ്റു. കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു നേരത്തെ ദില്ലി പൊലീസ് നേരത്തെ നിലപാടെടുത്തിരുന്നത്. ഇതിനു അനുഗുണമായ തെളിവുകള്‍ ദൃശ്യങ്ങള്‍ സഹിതം ഹാജരാക്കിയിരുന്നു. എന്നാല്‍, ഈ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇതോടെ ദില്ലി പൊലീസിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭം ശക്തമായി. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കനയ്യയ്ക്കെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി പൊലീസ് കോടതിയിലെത്തിയത്.
തെളിവില്ലെന്നു ദില്ലി പൊലീസ് തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് കനയ്യയുടെ ജാമ്യാപേക്ഷയില്‍ എതിര്‍പ്പ് കുറയും. കനയ്യയ്ക്ക് ജാമ്യം ലഭിക്കാനും സാധ്യതയുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here