ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി തൃശൂര്‍ ഡിസിസിയുടെ പട്ടിക; കെ.പി ധനപാലനെയും, പി.ടി തോമസിനെയും ഒഴിവാക്കി

തൃശൂര്‍: ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി തൃശൂര്‍ ഡിസിസിയുടെ സ്ഥാനാര്‍ത്ഥി പട്ടിക. കെ.പി ധനപാലനെയും, പി.ടി തോമസിനെയും ഒഴിവാക്കിയാണ് തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സ്ഥാനാര്‍ത്ഥി പട്ടിക കൈമാറിയത്. കോണ്‍ഗ്രസ് എംഎല്‍എമാരെ സിറ്റിംഗ് സീറ്റുകളില്‍ മത്സരിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന ലിസ്റ്റില്‍ വി.എം സുധീരനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികളെ തൃശൂരില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ പ്രതികരണത്തിന് പിന്നാലെയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും സമാന തീരുമാനത്തിലെത്തിയത്. ഐ ഗ്രൂപ്പിന് പിന്നാലെ ഡിസിസി നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് നേതാക്കളും സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദമുണ്ടായിട്ടും കെ.പി ധനപാലനെയും, പി.ടി തോമസിനെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താതെ പട്ടിക തയ്യാറാക്കിയത്. കെ.പി ധനപാലനെ കൊടുങ്ങല്ലൂരിലും, പി.ടി തോമസിനെ ചാലക്കുടിയിലും മത്സരിപ്പിക്കാനായിരുന്നു ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.

മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവരെ മാറ്റി നിര്‍ത്തണമെന്ന് ആദ്യ ഘട്ടത്തില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും അന്തിമ പട്ടികയില്‍ ഇരുവരെയും മത്സരിപ്പിക്കാനാണ് തീരുമാനം. ആദ്യ സാധ്യതകളില്‍ തന്നെ ഇരുവര്‍ക്കും ഇടം നല്‍കുന്ന പട്ടിക മറ്റ് കോണ്‍ഗ്രസ് എം.എല്‍എമാര്‍ക്കും പിന്തുണ നല്‍കുന്നതാണ്. എം.പി വിന്‍സെന്റ്, പി.എ മാധവന്‍ എന്നിവര്‍ക്ക് മണ്ഡലങ്ങളില്‍ മുന്‍ഗണന നല്‍കും. കൊടുങ്ങല്ലൂരില്‍ ധനപാലന് പകരം ടി.എന്‍ പ്രതാപനെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കൈപ്പമംഗലത്തും പ്രതാപന് ഇടം നല്‍കിയിട്ടുണ്ട്. ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കളുടെ താത്പര്യം മുന്‍നിര്‍ത്തി പത്മജാ വേണുഗോപാലിനെ തൃശൂര്‍ മണ്ഡലത്തില്‍ തേറമ്പിലിനൊപ്പം പട്ടികയില്‍ ഉള്‍പെടുത്തി. ചാലക്കുടിയിലും പി.ടി തേമസിനെ പൂര്‍ണമായി തഴഞ്ഞ് പത്മജയ്ക്ക് മുന്‍ഗണന നല്‍കുന്നു. സി.എം.പി മത്സരിക്കുന്ന കുന്നംകുളം സീറ്റില്‍ കോണ്‍ഗ്രസ് മത്സരത്തിനിറങ്ങാനും പട്ടിക നിര്‍ദ്ദേശം നല്‍കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മത്സരത്തിന് അവസരമൊരുക്കുന്നതാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News